Sunday, January 4, 2009

ചുള്ളിക്കൊമ്പ്

അമ്മേടെ കണ്ണ് വല്ലാതെ കല‍ങ്ങീട്ട്ണ്ട്. പച്ച വെറകല്ലേ കത്തിയ്ക്കാന്‍. എന്താ അഛന് നല്ല വെറക് വെട്ടിച്ചു കൊടുത്താല്‍? അല്ലെങ്കില്‍ ഞാന്‍ തന്നെ ഒണങ്ങ്യേ വെറക് വെട്ടിക്കൊടുക്കാം. വട്ക്ക്വോറത്ത്ണ്ട് മഴു. ഏതു മരാ മുറിയ്ക്കാ? തൊഴ്ത്ത്ന്‍റെ അടുത്ത് ള്ള കെണറിന്‍റെ അടുത്ത് ഒരുമരം ഒണങ്ങിനില്‍ക്ക്ണ് ണ്ട്. അതു മുറിയ്ക്കാം. ഔ! എന്തൊരുകനാ മഴൂന്? വെട്ട്കാരന്‍ ഉണ്ണ്യൊക്കെ എങ്ങനാണാവോ ഇത്ര വല്യേ മഴ്വോണ്ട് മരം വെട്ടണത്. അല്ലെങ്കില്‍ മഴുവേണ്ട. മടാള് മതി. പൂമോത്ത് എറേത്ത് വേലായ്ധന്‍റെ നല്ല മൂര്‍ച്ചള്ള മടാള് തിര്കിവെച്ചിട്ട്ണ്ടാവും. “എന്തിനാ മടാള് ട്ക്കണത് കയ്യ് മുറിയ്ക്കാന്‍? ട്ക്കണ്ട.” അച്ഛനാണ്. അച്ഛന്‍ അമ്മയ്ക്ക് ഒണങ്ങ്യേ വെറക് ണ്ടാക്കിച്ച്കൊടുക്കൂല്യ. ണ്ടാക്കാനോട്ട് സമ്മതിയ്ക്കൂല്യ. ഒരുകാര്യം ചെയ്യാം. വീണ് കെടക്കണ ചുള്ളിക്കൊമ്പൊക്കെ അമ്മയ്ക്ക് കൊണ്ട്കൊട്ക്കാം. സര്‍ക്കസ്സ് മാവിന്‍റെ താഴത്തും ചെന്ത്രക്കാരന്‍ മാവിന്‍റെ താഴത്തും ഒക്കെ ണ്ടാവും. “എന്താ കാക്കേ കൂട് ണ്ടാക്കാനാ ചുള്ളിക്കൊമ്പ്?” കുഞ്ഞേട്ടനാണ്. “കുഞ്ഞേട്ടനാ കാക്ക.” എത്ര ബുദ്ധിമുട്ടീട്ടാ ഇത്ര വെറക് ണ്ടാക്കീത്. ന്ന്ട്ട് കാക്കക്കൂട് ണ്ടാക്കാനാത്രേ. “അമ്മേ ഈ കുഞ്ഞേട്ടന്‍ കള്യാക്കാ” “എന്തിനാ അതിനെ കള്യാക്കണത്?” അമ്മ കുഞ്ഞേട്ടനോട് ചോദിച്ചു. “അണ്ണാറക്കണ്ണനും തന്നാലായത് ന്ന് കേട്ടിട്ട്ല്യേ?” അപ്പളാ ശരിയ്ക്കും നെലോളി വന്നത്.

2 comments:

Jayasree Lakshmy Kumar said...

അതിനെന്തിനാ നെലോളിക്കണേ? കുഞ്ഞണ്ണാറക്കണ്ണന് ഒരു വല്ല്യെ മനസ്സൊണ്ടല്ലോ!! അതു പോരേ?

Gayu said...

Super!
തങ്കം പോലത്തെ മനസ്സുള്ള..ബുദ്ധിമുട്ടുകള്‍ മനസ്സിലാവണ നല്ലോരുണ്ണി..