Wednesday, July 30, 2008

തവളക്കുഞ്ചാത്തല്

കുഞ്ഞേട്ടന്‍ ഇനി എന്നോട് മിണ്‍ണ്ടേണ്ടാവില്യ. കുഞ്ഞേട്ടന് നല്ലൊരു കടി കൊടുത്തു. നല്ല പാട് വന്നിട്ടുണ്ട്. വേദനിച്ചിട്ടുണ്ടാവും. എന്താ അങ്ങനെ കളിയാക്കാന്‍? അമ്മ ഒരു പ്രാവശ്യം തവളക്കുഞ്ചാത്തല് എന്നു പറഞ്ഞൂ എന്ന് വെച്ച്? എപ്പോളും കളിയാക്കാന്‍ പാടുണ്ടോ? ഒരു ദിവസം അമ്മ ചീടണ്ടാക്കായിരുന്നു. കണ്ടൊപ്പൊ എനിയ്ക്കും പറ്റും എന്നു തോന്നി. ഞാണ്ടാക്കാം എന്നു പറഞ്ഞു. അമ്മ കൊട്ടത്തളത്തിന്‍റെ അവിടേയ്ക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ ചീട ഉരുട്ടി എണ്ണേല് ഇട്ടു. എണ്ണ കയ്യിന്മേലയ്ക്ക് തെറിച്ചു. അപ്പൊ ഞാന്‍ നെലോളിച്ചു. അമ്മ ഓടിവന്നു. “അപ്പളയ്ക്കും തവളക്കുഞ്ചാത്തല് അതിന് ചാടിപ്പൊറപ്പ്ട്ട് ട്ടല്ലേ? സാരല്യ.” അപ്പൊ തൊടങ്ങീതാ കുഞ്ഞേട്ടന്‍ എന്നെ തവളക്കുഞ്ചാത്തല് തവളക്കുഞ്ചാത്തല് എന്ന് വിളിയ്ക്കാന്‍. പണ്ട് ഒരമ്മ പ്രസവിച്ചത് ഒരു തവളക്കുട്ടിയെ ആയിരുന്നു. ആ തവള എന്താരുചെയ്യുമ്പോ‍ഴും ഞാനാവാം ഞാനാവാം ന്ന് പറഞ്ഞിരുന്നൂത്രേ. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പൊ തവളക്കുട്ട്യേ പൂതൃക്കേലെ ശാന്തിക്കാരന്‍ നമ്പൂരി വേളികഴിച്ചു. അങ്ങനെ തവളക്കുട്ടി തവളക്കുഞ്ചാത്തലായി. കല്യാണം കഴിഞ്ഞാല്‍ പെങ്കുട്ട്യോളെ “കുഞ്ചാത്തല്” എന്നാ വിളിയ്ക്കാ. വേളികഴിച്ച നമ്പൂരിടെ അവിടെ ചെന്നിട്ടും ‍ തവള‍ക്കുഞ്ചാത്തല് “ഞാനാവാം.” “ഞനാവാം.” എന്നു പറയല്‍ നിര്‍ത്തീല്യ. ആ നമ്പൂ‍രിടെ അമ്മയ്ക്ക് ദേഷ്യം വന്ന് തവളക്കുഞ്ചാത്തലിന്‍റെ മണ്ടയ്ക്ക് ചെരട്ടക്കയ്യിലുകൊണ്ട് ഒന്നങ്ങ്ട് കൊടുത്തു. തവളക്കുഞ്ചാത്തല് ഒരു മൂലേല് പോയിരുന്ന് “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” എന്നു പറഞ്ഞു തുടങ്ങീത്രേ. നമ്പൂരി വന്നാല്‍ പറഞ്ഞു കൊടുക്കും ന്ന് ഉറപ്പിച്ചിട്ട്. അതാത്രേ ഇപ്പളും തവകള് അങ്ങനെത്തന്നെ ശബ്ദം ഉണ്ടാക്കണത്. കഥ എനിയ്ക്ക് ഇഷ്ടാ. എന്നാലും ഞാന്‍ തവളക്കുഞ്ചാത്തലൊന്നും അല്ല. അങ്ങനെ പറഞ്ഞാല്‍ ഇനീം കടിയ്ക്കും. എന്നാലും കുഞ്ഞേട്ടന്‍ എന്നോട് മിണ്ടാണ്ടിരിയ്ക്കണത് ആലോചിയ്ക്കുമ്പൊ കൊറേശ്ശെ നെലോളീം വരും

Sunday, July 27, 2008

ഫോണ്‍

വല്യേട്ടന്‍ രണ്ട് ഫോണ്‍ കൊണ്ടു വന്നു. രണ്ടെണ്ണം. ഒന്ന് മഞ്ഞ, മറ്റേത് പച്ച. എനിയ്ക്ക് ഇഷ്ടം പച്ച നിറാണ്. ചെരട്ട പോലെ പ്ലാസ്റ്റിക്കോണ്ട് രണ്ടു സാധനങ്ങള്. ചെരട്ട പോലെന്ന് പറയാന്നേള്ളൂ. ചെരട്ടേക്കാളും നല്ല ഭങ്ഗിണ്ട്. അതിന്‍റെ മൂട്ടില്‍ ‍നിന്ന് മറ്റേതിന്‍റെ മൂട്ടിലേലേയ്ക്ക് ഒരു വയറും. ആ വയറിന് പവിഴമല്ലീടെ അവ്ട്ന്ന് മിറ്റത്തിന്‍റെ അറ്റത്തുള്ള കറിവേപ്പിന്‍റെ കടയ്ക്കലോളം നീളണ്ട്. ഞാന്‍ വായടെ അവടെ വെച്ചു പറയുമ്പോ കൃഷ്ണന്‍ ചെവീല് വയ്ക്കും. പിന്നെ കൃഷ്ണന്‍ പറേമ്പോ ഞാന്‍ ചെവീല് വ്യ്ക്കും. പതുക്കെ പറഞ്ഞാല്‍ മതി. അങ്ങേ അറ്റത്ത് കേക്കും. കുറച്ചു നേരേകളിച്ചുള്ളൂ. അപ്പൊളേയ്ക്കും കൃഷ്ണന് വീട്ടിലിയ്ക്ക് പോവ്വാറായി. വേറെ ആരേം ഫോണില് വര്‍ത്താമാനം പറഞ്ഞു കളിയ്ക്കാന്‍ കാണാനും ഇല്യ. പൂമുഖത്തെ പടീല്‌ ഫോണ് ശ്രദ്ധിച്ച് വെച്ചു. വീണാല്‍ പൊട്ടും. എന്താ ആള്‍ക്കാരക്ക് കളിയ്ക്കാ‍ന്‍ വന്നാല്‍? മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ നാളികേരം ഇടുന്നുണ്ട്. ഫോണിന്‍റെ വയറിന് കൊറേക്കൂട്ടി നീളം ഉണ്ടായിരുന്നൂച്ചാല്‍ നല്ല രസാ‍യിരുന്നു. ഒന്ന് വേലായ്ധന്‍റെ അരേല് തിരുകീട്ട് തെങ്ങിന്മേല്‍ കയറുക. മറ്റേ തല എന്‍റെ കയ്യിലും. വേലായുധന്‍ മുകളില്‍ എത്തിയാല്‍ ഫോണ് ചെവീല് വ്വയ്ക്കും. “വേലായുധാ ഒരു ഇളനീര്‍ ഇടണം” “ശ്...... ഠും.” “വേലായ്ധാ ഒന്നും കൂടി,” “ശ്.....ഠും.” “കുഞ്ഞേട്ടന് വേണോ? ഒന്നും കൂടി” “ശ്.....ഠും.” “മതി. എറങ്ങാം” “ശര്‍..... എറങ്ങി” “എന്താ ശ്....ഠും?” “പിന്നില്‍ നിന്ന് വല്യേട്ടന്‍ ചോദിച്ചപ്പോ ഞെട്ടി. ആ‍ാരായാലും ഞെട്ടും. ല്യേ. “എളനീര് ഇട്‌ആണ്. വല്യേട്ടാ ഈ ഫോണിന്‍റെ വയറ് തെങ്ങിന്‍റെ മുകള് വരെ നീളാം ണ്ടാവ്വോ?” “ചെറ്യേ തെങ്ങാച്ചാല്‍ ഉണ്ടാവും.” “വല്യേ തെങ്ങിന്‍റെ അത്ര വലിപ്പം ഉള്ളത് കിട്ട്വോ?” “ചെലപ്പോ കിട്ടീന്ന് വരാം” വല്യേ തെങ്ങിന്‍റെ അത്ര വലിപ്പ്പം ഉള്ളത് കിട്ടും. ആരോടാ ഈ അത്ഭുതം പറയ്യാ? ആരേം കാണാനും ഇല്യ. ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് രായല്ലൂര് മലടെ അതുവരെ ഉള്ളത് കിട്ട്വോ? ചെലപ്പോ കിട്ട്ണ്ടാവും. കിട്ടും എങ്കില്‍ വല്യേട്ടനോട് വാങ്ങാന്‍ പറേണം.

Friday, July 25, 2008

എടത്തേ കയ്യ് കുത്തി ഊണുകഴിയ്ക്കരുത്

“എടത്തേ കയ്യ് നെലത്ത് കുത്തി ഇരുന്ന് ഉണ്ണരുത്” എന്ന് അച്ഛന്‍റെ അമ്മാമന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു “എന്താ ഉണ്ണാന്‍ പാടില്യാ ന്ന്?” അപ്പൊ അമ്മാമ്മന്‍ പറയ്യാ “അമ്പലത്തില് ഒരാള് ഊണുകഴിയ്ക്കുമ്പോള്‍ പിന്നേം പിന്നേം ചോറ് വിളമ്പിച്ചു. വയറു നിറഞ്ഞ് ഉണ്ണാന്‍ പറ്റാതായി. അപ്പോ ശ്രീലാകത്ത്ന്ന് വിളിച്ചു പറഞ്ഞു എടത്തേ കയ്യ് കുത്തിയിരുന്ന് ഊണു കഴിച്ചോളാന്‍. അതാണ് എടത്തേ കയ്യ് കുത്തിയിരുന്ന് ഊണുകഴിയ്ക്കരുത് എന്നു പറയുന്നത്.” “ഈശ്വരനാ പറഞ്ഞത്?” “അതെ” “ഈശ്വരനാ പറഞ്ഞത്ച്ചാല്‍ എടത്തെ കയ്യ് കുത്തികഴിയ്ക്കല്ലേ വേണ്ടത്?” “എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയ്യാ?” എന്താ ഞാന്‍ തര്‍ക്കുത്തരം പറഞ്ഞത്? നിയ്ക്ക് മനസ്സിലായില്യ. ഈശ്വരന്‍ പറഞ്ഞാല്‍ കൂട്ടാക്കണ്ടേ? അല്ലെങ്കില്‍ ചീത്തകുട്ട്യാവും. അമ്മാമന് ഒന്നും ശരിയ്ക്ക് പറഞ്ഞു തരാന്‍ അറീല്യ. അതോ അമ്മാമന് ഞാന്‍ ചീത്ത കുട്ട്യാവണം എന്നുണ്ടോണാവോ അച്ഛന്‍റെ അടികൊള്ളിയ്ക്കാന്‍?ചെലപ്പൊ ഉണ്ടാവും. പനങ്കൊലേല് കുഞ്ഞോപ്പള്‍ടെ കറുത്ത പുള്ളിള്ള ധാവണീടെ കഷ്ണം ചുറ്റി പമ്പാക്കി പേടിപ്പിച്ചോണ്ടാവും. നല്ല രസം ഉണ്ടായിരുന്നു അമ്മാമന്‍ പേടിച്ചത് കാണാന്‍. ഞാന്‍ ഈശ്വരന്‍ പറഞ്ഞപോലെ എടത്തെ കയ്യ് കുത്തീട്ടേ ഊണുകഴിയ്ക്കൂ.തീര്‍ച്ച .

Thursday, July 24, 2008

ലോകം കാണല്‍

പാഞ്ച്വോമ്മ ദേവക്യമ്മയ്ക്ക് പകരം പണിയ്ക്ക് വന്നിട്ടുണ്ട്. പാഞ്ച്വോമ്മ വടക്ക്വോറത്തെ ചൊമര്മ്മ്ന്ന് മണ്ണ് അടര്‍ത്തി തിന്നാറ്ണ്ട്. ഒരു സൂക്കടാത്രേ മണ്ണ് തിന്നണത്. ശ്രീകൃഷ്ണനും ഈ സൂക്കട് ഉണ്ടായിരുന്നുണ്ടാവ്വോ? പാഞ്ചോമ്മടെ അമ്മോട് പറയണം. അപ്പൊ പാഞ്ച്വോമ്മടെ അമ്മ വട്യൊക്കെ എടുത്ത് അടിയ്ക്കാന്‍ ചെല്ലും. വായ പൊളിയ്ക്കാന്‍ പറയും. പാഞ്ച്വോമ്മ വായപൊളിയ്ക്കും. ലോകം മുഴുവന്‍ കാണും. ലോകം എന്നു വെച്ചാല്‍ എത്ര വലുതാവും? ചെളമ്പ്രം കുന്നിനോളം ണ്ടാവ്വോ? വായപൊളിയ്ക്കുമ്പൊ എനിയ്ക്കും കാണണം. പാഞ്ച്വോമ്മ മണ്ണു തിന്നുന്ന കാര്യം ഇപ്പൊ ആരോടും പറയണ്ട. ഇട്ട്യാത്യമ്മ വരുമ്പൊ പറയാം. പാഞ്ച്വോമ്മടെ അമ്മയാണ് ഇട്ട്യാത്യമ്മ. ഇട്ട്യാത്യമ്മോട് പറയുമ്പോള്‍ കുഞ്ഞേട്ടനേം വിളിയ്ക്കാം. ഒരു വടീം ഉണ്ടാക്കണം ഇട്ട്യാത്യമ്മയ്ക്കു കൈയ്യില്‍ പിടിയ്ക്കന്‍. തൊഴുത്ത്ന്ന് കൃഷ്ണങ്കുട്ടീടെ മുട്യേങ്കോല് ഇടുത്താലോ? വേണ്ട ഇട്ട്യാത്യമ്മ ദേഷ്യം വന്ന് പാഞ്ച്വോമ്മെ അടിയ്ക്കോറ്റെ ചെയ്താല്‍ വേദനിച്ചാലോ?. പാവം. ഒരു ചുള്ളിക്കൊമ്പു മതി. പാഞ്ച്വോമ്മയ്ക്ക് വേദനിയ്ക്കൊന്നും വേണ്ട. വായേല് ലോകം കണ്ടാല്‍ മതി

Tuesday, July 22, 2008

മീശ

“ലോകത്തില് ആരാ ഏറ്റവും നല്ല ആള്?” “അമ്മ” “ഏറ്റവും ചീത്ത ആളോ?” “കുഞ്ഞേട്ടന് ആരാന്നാ തോന്നണത്?” “യാഹ്യാഖാന്‍” “ഗോപാലനേക്കാളും ചീത്ത?” “പാക്കിസ്ഥാന്‍ നമ്മളായിട്ട് യുദ്ധത്തിന് വന്നിരിയ്ക്കല്ലേ. യാഹ്യാഖാന്‍ പാക്കിസ്ഥാന്‍റെ ആളാ.” “എന്നാല്‍ ചീത്ത ആള് തന്നെ ആവും. കുഞ്ഞേട്ടാ യാഹ്യാഖാന് മന്ത്രം അറിയ്യോ?” “അതൊന്നും എനിയ്ക്ക് അറിയില്യ. സ്കൂളില് ജാഥണ്ടായി. ജാഥയ്ക്ക് -അറബിക്കടലേ കേഴേണ്ട. യാഹ്യാഖാനെ തള്ളിത്തരാം- അങ്ങനെ ഒരു മുദ്രാവാക്യം എനിയ്ക്ക് നല്ലോണം ഇഷ്ടായി. ഗോവിന്ദന്നായര് മാഷ് ഉണ്ടാക്കീതാത്രേ” എനിയ്ക്ക് തോന്നണത് ഗോപാലന്‍ തന്നെ ആവുമേറ്റവും ചീത്തന്നാണ്. കൃഷ്ണന്‍ പറഞ്ഞതാ ഗോപാലന് മന്ത്രം നിശ്ചയണ്ട് എന്ന്. ഉണ്ടാവും. ആല്ലെങ്കില്‍ എനിയ്ക്ക് മീശ മുളയ്ക്കാതിരിയ്ക്കില്യലോ. ഞാന്‍ ജനിയ്ക്കണേന്‍റെ മുമ്പേ എന്നെ ശപിച്ചിട്ടുണ്ടത്രേ ഞാന്‍ പെങ്കുട്ടി ആവും എന്ന്. എന്നെ ഗര്‍ഭം ഉണ്ടായിരിയ്ക്കുമ്പോള്‍ അച്ഛനോട് കൊളക്കണ്ടം തട്ടിപ്പറിയ്ക്കാന്‍ നോക്കീത്രേ ഗോപാലന്‍. അത് തരായില്ല്യ. ആദേഷ്യത്തിന് ശപിച്ചതാണത്രേ “അയാള്‍ടെ ഭാര്യ പ്രസവിയ്ക്കുന്നത് പെങ്കുട്ട്യാവും. അങ്ങനെ അയാള്‍ക്ക് സ്ത്രീധനം വകേല് കൊറേ ചെലവാവട്ടെ.” എന്ന്. ഗോ‍പാലന്‍ മന്ത്രം ചെല്ലീട്ട് ശക്തി സമ്പാദിച്ചിട്ടുണ്ടത്രേ. അതോണ്ടാവും എനിയ്ക്ക് മീശമൊളയ്ക്കാത്തത്. ഒടുക്കം ഞാന്‍ പെങ്കുട്ടി ആവ്വോ മീശമൊളയ്ക്കാതിരിയ്ക്കാന്‍? എനിയ്ക്കും മന്ത്രം പഠിയ്ക്കണം. എന്നിട്ട് ശക്തി സമ്പാദിയ്ക്കണം. എന്നിട്ട് ആദ്യം മീശ മുളപ്പിയ്ക്കണം. എന്നിട്ട് ആങ്കുട്ടി ആകണം. പിന്നെ എന്താ ചെയ്യണ്ടത്? ഗോപാലനെ പെങ്കുട്ടി ആ‍ക്കണൊ? അതു വേണ്ട. അപ്പൊ ഞാനും ചീത്ത ആയാലോ?

Sunday, July 20, 2008

അരിക്കുതിര

അച്ഛന്‍റെ പിറന്നാളിന് കുറേ ആളുകള്‍ വരും. എന്താ അമ്മേടെ പിറന്നാളിന് ആളുകള് വരാത്തത്? ഞാന്‍ വലുതായാല്‍ കുറേ ആള്‍കളെ ക്ഷണിയ്ക്കും അമ്മേടെ പിറന്നാളിന്. എന്‍റെ പിറന്നാളിനും ക്ഷണിയ്ക്കും. എന്നിട്ട് കാളനും ഓലനും പായസോം ഒക്കെ മതിയ്യാവോളം ഉണ്ടാക്കും. അല്ലെങ്കില്‍ വറുത്ത ഉപ്പേരീം പപ്പടോം പായസോം മതി. പിന്നെ വേണങ്കില്‍ വല്യേട്ടനോട് ബിസ്ക്കറ്റും കൊണ്ടുവരാന്‍ പറയാം. “ മാന്നപ്പനോട് അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം എന്ന് ചോദിയ്ക്ക് കുഞ്ഞിക്കുട്ടാ.” “അമ്മേ അരിക്കുതിര എവിടെ?” “അതൊക്കെ ഉണ്ട്.” മാന്നപ്പന്‍ ദേഹണ്ണക്കാരനാ. എനിയ്ക്ക് ഇഷ്ടാ മാന്നപ്പനെ. കുഞ്ഞേട്ടന്‍ തിരിച്ചു വന്നു പറഞ്ഞു. “പത്തുണ്ടെങ്കില്‍ തികയും എന്ന് പറഞ്ഞു” ഇന്ന് കുഞ്ഞേട്ടന് വല്യേ പവറാ. എന്‍റെ ഒപ്പം കളിയ്ക്കാനൊന്നും വരുന്ന്ന്നില്ല. എഴുപ്പത്തഞ്ചാള്‍ക്ക് പത്ത് അരിക്കുതിര. അത്ര വല്യേ കുതിരയാവ്വോ അരിക്കുതിര? എവിടെയാണാവോ കുതിരേ കെട്ടീട്ടുള്ളത്? ഞാന്‍ കണ്ടില്ലല്ലോ? തൊഴുത്തിലാവ്വോ? കുതിരേടെ മുകളില് കേറണം. സിനിമയിലേ കൂതിരേ കണ്ടിട്ടുള്ളൂ. പ്രേംനസീര്‍ ടക ടക ടക എന്ന് പോകുന്നത്. നോക്കീട്ടന്നെ വേറെ കാര്യം. ടക ടക ടക....... തൊഴുത്തിലില്ല. കുഞ്ഞേട്ടന് അറീണ്ടാവും. അതിന് കുഞ്ഞേട്ടനെ കാണണ്ടേ? വല്യേ ആളായി നടക്കല്ലേ? ചോദിച്ചാല്‍ മറുപടി പറയല്‍ ഉണ്ടാവില്ല. കുഞ്ഞോപ്പോള് കണ്ടിട്ടുണ്ടാവ്വോ? അല്ലെങ്കില്‍ ദേവക്യമ്മോട് ചോദിയ്ക്കാം. “ദേവക്യമ്മേ! കുതിരേ എവിടയാ കെട്ടിയിരിയ്ക്കുന്നത്?” “കുതിരേ കെട്ടീതോ” “അമ്മ പറഞ്ഞൂലോ പത്ത് കുതിര ഉണ്ട് എന്ന്” “അമ്മ വെറുതെ പറഞ്ഞതാവും.” “അല്ലല്ല മാന്നപ്പനോട് വെറുതെ പറയ്യോ? “അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം?” എന്ന് മാന്നപ്പനോട് ചോദിയ്ക്കാന്‍ പറേണത് ഞാന്‍ കേട്ടതാണലോ” “ന്‍റെ കുട്ട്യേ അതാ? അത് കുതിരേം ആനേം ഒന്നും അല്ല. അരി കുതിരെ. കുതിര്‍ന്ന അരി. പത്ത്ണ്ട് ന്ന് പറഞ്ഞാല്‍ പത്തു നാരായം ണ്ട് ന്നാ. അല്ലാതെ കുതിര കഴുതേം ഒന്നും അല്ല.” അപ്പോ കുതിര ഇല്ല. പ്രേംനസീറിനെ പോലെ ടക ടക ടക എന്ന് പോകാന്‍ പറ്റില്ല.

തറേം പൂതനും

കൃഷ്ണന്‍ പറയ്യാ തറേം പൂതനും ഒക്കെ ബീഡിവലിയ്ക്കും ന്ന്‍. നൊണ പറേണതിനും ഒരതിരൊക്കെ ഇല്യേ. ചായപ്പീട്യേല് ഇരുന്ന് വലിയ്ക്കണത് കണ്ടൂത്രേ. അത് അതിലേറെ വല്യേ മുത്തന്‍ നൊണ. പൂതനും തറേം ഒക്കെ ചായപ്പീട്യേല്യ്ക്ക് പോവ്വോ?. നെല്ലും അരീം മാത്രേ പൂതനും തറേം കഴിയ്ക്കൂ. ചെലപ്പോ സംഭാരോം. ചായൊന്നും കഴിയ്ക്കില്ല്യ. ചായകഴിയ്ക്കും എന്നുണ്ടെങ്കില്‍ ഇവിടെ വരുമ്പൊ ചെറ്യേട്ടന്‍ ചായ കൊടുക്കാന്‍ പറയില്യേ?. ആരുവന്നാലും ചായ കൊടുക്കാന്‍ പറയാറുണ്ടല്ലോ ചെറ്യേട്ടന്‍ . പിന്നെ കൃഷ്ണന്‍ വേറേം വിഢിത്തം പറഞ്ഞൂട്ടോ. തറ കെട്ടീത് മണ്ണാന്‍ വേലു ആണ് ന്ന്. വേലു ആവ്വോ? നൊണ തന്നെ ആവും. തറേ കണ്ടാല്‍ എനിയ്ക്ക് പേട്യാ. വേലൂനെ ഒരു പേടീം ല്ല്യ. ഇറുമ്പിന്‍റെ കണ്ണോളം കൂടീം പേടില്ല്യ. പിന്നെ വേലു ആണ് തറ എങ്കില്‍ എനിയ്ക്ക് പേട്യാവ്വോ. കൃഷ്ണന്‍ പറേണത് നൊണ തന്നെ ആകും. നാട്ടിലെ എല്ലാകാര്യോം ചെറ്യേട്ടന് അറിയാണ്ടിരിയ്ക്കില്യ. ചെറ്യേട്ടന്‍ ശബരിമലയ്ക്ക് പോയില്യേ. വന്നാല്‍ ചോദിയ്ക്കണം അല്ലെങ്കില്‍ വേലു വരുമ്പോള്‍ ചോദിയ്ക്കാം. തറകെട്ടീത് വേലു തന്നെ ആണെന്നു പറഞ്ഞാല്‍ പിന്നെ എനിയ്ക്ക് വേലൂനെ പേട്യാവ്വോ എന്നാ ഇപ്പോ പേടി

Wednesday, July 16, 2008

താറാവ്

രാവിലെ മഴപെയ്തപ്പൊ ഞാനും കുഞ്ഞേട്ടനും എത്ര ബുദ്ധിമുട്ടീട്ടാ കാതഞ്ചെമ്പ് മിറ്റത്തയ്ക്ക് പിടിച്ചിട്ടത്? പകുത്യേ നിറഞ്ഞുള്ളൂ. അപ്പോഴയ്ക്കും മഴ നിന്നു. 

കുഞ്ഞേട്ടന്‍ കറോത്തുംതണ്ടോണ്ട് ഒരു സൂത്രം കാണിച്ചു തരാംന്ന് പറഞ്ഞതാ. ആ സമയം നോക്കി കുഞ്ഞുണ്ണിനമ്പീശന്‍ കുഞ്ഞേട്ടനെ പഠിപ്പിയ്ക്കാന്‍ വന്നു. 

എന്തു സൂത്രാണാവോ? ആ കുട്ടി തുമ്പപ്പൂവ്വോണ്ട് കാണിച്ചതുപോലെ ഉള്ളതാണാവോ? തുമ്പപ്പൂവ്വിന്‍റെ കടയ്ക്കല്‍ ഒരു തുള ഉണ്ടാവില്യേ അതില്‍ നീലപൂവ്വ് കയറ്റും. കുഞ്ഞ്യേ നീലപ്പൂവ്വ്. അത് പതുക്കെ വെള്ളത്തില് വെച്ചാല്‍ താറാവ് നീന്തുന്നതുപോലെ നീ‍ന്തും. കണ്ടാല്‍ ശരിയ്ക്കും താറാവിനെ പോലെ തന്നെ ഇരിയ്ക്കും. 

ഈ ചെമ്പില്‍ താറാവിനെ ഉണ്ടാക്കിയാല്‍ നല്ല രസം ഉണ്ടാവും. എവിടെയാ തുമ്പയും കുഞ്ഞ്യേ നീലപ്പൂവ്വും കിട്ടുക? അമ്പലപ്പറമ്പിലുണ്ടാവും. 

മ്പ്രൂ...... മ്പ്രൂ.. മ്പ്രൂ ണിം ണിം പീന്നില്‍ നിന്ന് ദേവകിയമ്മ വിളിച്ചുപറഞ്ഞു. “മണ്ടണ്ടാ വിഴും.”

ഒരുതുമ്പയില്‍ നല്ലോണം പൂവ്വുണ്ട്. നീലപ്പൂവും കൊറേ കിട്ടി. വണ്ടി തിരിച്ചു. 

മ്പ്രൂം... മ്പ്രൂം... മ്പ്രൂം ണിം ണിം. 

കുറേ താറാവിനെ ഉണ്ടാക്കി ദേവകിയമ്മയ്ക്കു കാണിച്ചു കൊടുത്തു. 
“നന്നായിട്ടുണ്ട് ട്ടോ. ആരാ ഇതു പഠിപ്പിച്ചു തന്നത്?”
“അന്നൊരു ദിവസം ദേവക്യമ്മേടെ കൂടെ വന്നില്യേ കറുത്ത് മെലിഞ്ഞൊരു കുട്ടി? ആ കുട്ട്യാ പഠിപ്പിച്ചത്.”

ദേവക്യമ്മയുടെ മുഖം ശരിയ്ക്കും വാടി. “ന്‍റെ കുട്ട്യേ ആ പെണ്ണിനെ ഈശ്വരന്‍ കൊണ്ടു പോയില്ലേ? കഴിഞ്ഞ മാസം മരിച്ചില്യേ പാവം.” മരിച്ചാല്‍ ഈശ്വരന്‍ കൊണ്ടുപോകും.

“ദേവക്യമ്മേ! ഈശ്വരന്‍റെ അവിടെ തുമ്പപ്പൂവ്വും കുഞ്ഞ്യേനീലപ്പൂവ്വും ഉണ്ടാവ്വോ?.”
“നിയ്ക്കറീല്യ ന്‍റെ കുട്ട്യേ.”
“ഉണ്ടാവും. അമ്പലത്തില് ഉണ്ടല്ലോ. അമ്പലം ഇശ്വരന്‍റെ വീടല്ലേ? അപ്പൊ ആ കുട്ടി പോയ ഈശ്വരന്‍റെ അവിടേം തീര്‍ച്ചയായിട്ടും ഉണ്ടാവും. ഇല്ല്യേ ദേവക്യമ്മേ?.”
“കുട്ടീടെ ഓരോ സംശയങ്ങളേ.”
കുഞ്ഞേട്ടനോട് ചോദിയ്ക്കണം. കുഞ്ഞേട്ടന് അറിയില്യങ്കിലോ? പിന്നെ കുഞ്ഞോപ്പോളേ ഉള്ളൂ ശരണം

Tuesday, July 15, 2008

ഇന്‍സ്പെക്ടര്‍

സ്കൂളില് ഇന്‍സ്പെക്ടര്‍ വരുന്നത് വല്യേ കാര്യാ. ഇന്‍സ്പെക്ടര്‍ വരുമ്പോള്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെയ്യുണ്ണി മാഷ് വിവരിച്ചു. 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം. എന്തേ മനസ്സിലായത്?” 

ഞങ്ങളെല്ലാവരും കൂടി ഒറക്കെ പറഞ്ഞു 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം.” 

“സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 
ഞങ്ങള്‍ ആവര്‍ത്തിച്ചു “സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 

“നഖം വെട്ടണം” 
“നഖം വെട്ടണം” 

“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 
“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 

“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 
“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 

“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 
“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 

“അച്ചടക്കം വേണം” 
“അച്ചടക്കം വേണം” 

മാഷ് സന്തോഷിനോട് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞത് പറയാന്‍ പറഞ്ഞു. നഖം വെട്ടുന്ന കാര്യം സന്തോഷു മറന്നു. സന്തോഷിന് നഖം വെട്ടുന്ന കാര്യം പ്രത്യേകിച്ച് ഓര്‍മ്മ വെയ്ക്കാന്‍ ഇല്യല്ലോ. വൃത്യായിട്ടല്ലേ നടക്കൂ? 

ഞാന്‍ കയ്യിന്മേല്‍ നോക്കി. നഖത്തിന്‍റെ ഇടയില്‍ ചളി കട്ടപിടിച്ചിരിയ്ക്കുന്നുണ്ട്. ഇന്നു തന്നെ വെട്ടണം.

മാഷ് വേലായുധനോട് പറയാന്‍ പറഞ്ഞപ്പോള്‍ വേലായുധന്‍ തേങ്ങിത്തേങ്ങി കരഞ്ഞു തുടങ്ങി. പാവം ടവലൊന്നും ഇല്യാത്രേ. മാഷ് ഒന്നു കൊടുക്കാം ന്ന് പറഞ്ഞൂ. 

എനിയ്ക്ക് കുഞ്ഞോപ്പോളോട് ഒന്നു ചോദിയ്ക്കണം. ഓപ്പോളുടെ അടുത്ത് നല്ല പൂവ്വു തുന്നിപ്പിടുപ്പിച്ച ടവ്വല്‍ ഉണ്ട്. ഞാന്‍ വലുതയി ജോലി കിട്ടിയാല്‍ കുറേ ഭങ്ഗിയുള്ള ടവ്വല്‍ വാങ്ങി ഇല്യാത്ത കുട്യോള്‍ക്ക് കൊടുക്കും . 

മാഷ് എന്നോടു പറയാന്‍ പറഞ്ഞു. ഞാന്‍ എല്ലാകാര്യോം പറഞ്ഞു. എന്നു മാത്രം അല്ല സ്ലേയ്റ്റിന്‍റെ കാര്യം പറയുമ്പോള്‍ ചെമ്പരത്തി പൂവ്വുകൊണ്ട് സ്ലേയ്റ്റ് മായ്ക്കുന്ന കാര്യം കൂടി പറഞ്ഞൂ. കുഞ്ഞേട്ടന്‍ പറഞ്ഞു തന്ന വിദ്യയാണ് ചെമ്പരത്തിപ്പൂവ്വിന്‍റെ പ്രയോഗം. അങ്ങിനെ മായ്ച്ചാല്‍ നല്ല കറുകറാ എന്നിരിയ്ക്കും. 

സ്കൂളില്‍ നിന്ന് വന്നതും എല്ലാം റഡിയാക്കി. പിറ്റേ ദിവസം ഇന്‍സ്പെക്ടര്‍ വരികയല്ലേ? നേരത്തെ കിടന്നുറങ്ങി.
എന്‍റെ പേരു വിളിച്ചു. ഇന്‍സ്പെക്ടറായിരിയ്ക്കും വേഗം എണിറ്റു പറഞ്ഞു
“ഹാജര്‍” 
“ന്ത്? ണീട്ടുപോയി കുളിയ്ക്ക്”
അച്ഛനാണ്. ആകെ വഷളായി. കുഞ്ഞേട്ടന്‍ നിന്ന് ചിരിയ്ക്കാണ്. വല്ലാതെ സങ്കടായി. അല്ലെങ്കിലും കുഞ്ഞേട്ടന്‍റെ ചിരിയ്ക്ക് ഒരുഭങ്ഗീം ഇല്യ.