Saturday, August 30, 2008

കുളത്തില്‍ ചാടല്‍

കുഞ്ഞേട്ടന്‍ കൂപ്പിന്‍റെ മോള്ന്ന് കൊളത്തില്യ്ക്ക് ചാടുമ്പോ തലകുത്തീട്ടാ ചാടണത്. ഓടി ചെന്ന്ട്ട് തൊഴണപോലെ കയ്യ് തലേടെ മീതെ പിടിച്ച് “ച്ലും“ ന്നങ്ങ്ട് ചാടും. പിന്നെ കൊറേ ദൂരത്ത് പോയിട്ടേ പൊന്തൂ. അതുവരെ മുങ്ങാങ്കൂ‍ളിടും. “കുഞ്ഞേട്ടാ കൂപ്പിനേ...ക്കാളും ഉയരത്ത്ന്ന് ചാടാന്‍ പറ്റ്വോ?” “ന്താ പറ്റാണ്ടെ?” “സര്‍ക്കസ്സ് മാവിന്‍റെ മോ....ള്‍ത്തെ കൊമ്പിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” “വട്ക്ക്വോറത്ത് നില്‍ക്കണ പാറ്റത്തെങ്ങിന്‍റെ അത്ര ഉയരത്ത്ന്ന്? “പറ്റും” “ആകാശത്തിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” നിയ്ക്കും അങ്ങനെ ചാടണന്നൊക്കെ ണ്ട്. കുഞ്ഞേട്ടന് അക്കര വരെ കൂളിടാന്‍ പറ്റ്വോ?” “അതൊക്കെ നിയ്ക്ക് ഈസ്യാ” “അമ്പലക്കൊളത്തിന്‍റെ ഇക്കരേന്ന് അക്കരവരെ?” “നൂറുപ്രാവശ്യം” “കൊപ്പത്തയ്ക്ക് ള്ളത്ര ദൂരം” “പറ്റും“ സിന്ധിപ്പയ്യ് പെറ്റിട്ട് വേണം എല്ലാ ദിവസോം പാല് കുടിയ്ക്കാന്‍. ന്ന്ട്ട് കുഞ്ഞേട്ടനേ പ്പോലെ വല്താവണം. എന്നിട്ട് വേണം കൂപ്പിന്‍റെ മോള്‍ന്ന് ചാടാന്‍. ഒരു പറ പാല് കുടിയ്ക്കണം. അപ്പൊ ആകാശത്തിന്‍റേം മോള്‍ന്ന് ചാടാന്‍ പറ്റും.

Monday, August 18, 2008

കുട്ടിപ്പെര

“അമ്മേ! അമ്മേ! ഞാന്‍ കൃഷ്ണന്‍റെ ഒപ്പം എനി കളിയ്ക്ക്ണേ ... ല്യ” “എന്താപ്പോ?” “എപ്പളും കൃഷ്ണനന്നെ വേണച്ചാലോ? കുട്ടിപ്പെര വെച്ചു കളിയ്ക്കുമ്പൊ കൃഷ്ണന് എപ്പളും അച്ഛനാവണം. എന്നെ അച്ഛനാവാന്‍ സമ്മതിയ്ക്കേ ല്യ. ഞാന്‍ കളിയ്ക്കാന്‍ ല്യ കൃഷ്ണന്‍റെ ഒപ്പം.” തട്ടുമ്പൊറത്ത് കൃഷ്ണന്‍ കണാതെ കുട്ടിപ്പെര ണ്ടാക്കണം. ന്ന്ട്ട് ഞാനച്ഛനാവും. അപ്പൊ ആരാ കുട്ട്യാവ്വാ? ദേവക്യമ്മോട് പറയാം. എന്തോണ്ടാ കുട്ടിപ്പെര ണ്ടാക്ക്‌ആ? വല്യോപ്പോള്ടെ സാരിട്ത്താലോ? “എന്തിനേ സാരി ഒക്കെ കേടുവരുത്ത്യേ? ഒക്കെ ചള്യാക്കി. എനി എന്താ സ്ക്കൂളില്യ്ക്ക് പോവുമ്പോ ചുറ്റ്‌ആ?” വല്യോപ്പോള് സ്ക്കൂള്ന്ന് വന്നപ്പൊ ചോദിച്ചു. എനി ഇപ്പൊ എന്താ ചെയ്യാ? “ഓപ്പോളേ പട്ടാമ്പീല് സാമിടെ പീടികേലെ ആ പൂവ്വുള്ള സാരി വങ്ങിത്തരാം ട്ടോ.” “എപ്പ്ഴാ വാങ്ങിത്തരണത്?” “ഞാന്‍ വല്തായിട്ട് കാശ്ണ്ടായിട്ട് വങ്ങിത്തരാട്ടോ.” “അപ്പ്ഴയ്ക്കും അതൊക്കെ കേട് വര് ല്യേ?” സാരി കേട് വര്വോ? അവ്ടേം കുട്ട്യോള്‍ സാര്യോണ്ട് കുട്ടിപ്പെരണ്ടാക്കിച്ചാ കേട്‌ വര്ണ്ടാവും.

Sunday, August 17, 2008

വക്കീല്

“വക്കീലേ! വക്കീലേ! അമ്മിഞ്ഞ കുടിയ്ക്കടാ വക്കീലേ ചാടിക്കളിയ്ക്കടാ വക്കീലേ ശുണ്ഠിയെടുക്കടാ വക്കീലേ” കുഞ്ഞേട്ടന്‍ വെറുതെ കള്യാക്കാണ്. കുഞ്ഞോപ്പോളാ ഇപ്പൊ ഇതു പറഞ്ഞുണ്ടാക്കീത്. ഞാന്‍ വര്‍ത്തമാനം പറയാന്‍ തൊടങ്ങ്യപ്പൊ എന്നോടു ചോദിച്ചൂത്രേ “നീയ്യ് വല്തായ്യാ ആരാ ആവ്വാ?” “വക്കീല്” “വക്കീലായിട്ട് എന്താചെയ്യാ?” “കാറുമേടിയ്ക്കും” “കാറ് മേടിച്ചിട്ടെന്താ ചെയ്യാ?” “അമ്മേം കൊണ്ട് പട്ടാമ്പിയ്ക്ക് പോവ്വ്വും” “പട്ടാമ്പിയ്ക്ക് പോയിട്ടെന്താ ചെയ്യാ? “അമ്മിഞ്ഞെങ്ങ്ട് കുടിച്ചും” ആ‍ കാര്യം പറഞ്ഞത് കേട്ടിട്ടാ കുഞ്ഞേട്ടന്‍ കള്യാക്കണത്. കുഞ്ഞേട്ടനും കുട്ടിക്കാലത്ത് വിഢിത്തങ്ങള് പറഞ്ഞിട്ട് ണ്ടാവും. ആരോടാ ചോദിയ്ക്കാ? കുഞ്ഞോപ്പോളോടന്നെ ചോദിയ്ക്കാം. ന്ന്ട്ട് വേണം കുഞ്ഞേട്ടനേം കള്യാക്കാന്‍

Thursday, August 14, 2008

ഉള്ളിവാസന

“വല്യേട്ടാ കഥ പറയൂ” “ഒരു ദിയ്ക്കില് മിട്ക്കന്‍ മിട്ക്കനായി ഒരു മിടുക്കന്‍ ഉണ്ടായിരുന്നു.” “ആ കഥ വേണ്ട” ഞാന്‍ കുഞ്ഞ്യേ കുട്ട്യാവുമ്പൊ ണ്ടായ്യേ വല്ല കഥേം തന്നെ ആവും വല്യേട്ടന്‍ പറയ്യാ. “അല്ല. ഇതു വേറെ കഥ ആണ്.” “ന്നാ പറയൂ.” “ഒരു ദിയ്ക്കില് മിട്ക്കന്‍ മിട്ക്കനായി ഒരു മിടുക്കന്‍ ഉണ്ടായിരുന്നു. ആ മിട്ക്കനും കുഞ്ഞേട്ടനും കൂടി അട്ക്കളേ ചെന്നപ്പൊ” ഞാന്‍ പറഞ്ഞില്യേ എന്‍റെ കഥെന്നെ ആവുന്ന്. “ഈ കഥ വേണ്ട. വേറെ” ഇതു കഴിഞ്ഞിട്ട് വേറെ കഥ പറയാം. ആ മിട്ക്കനും കുഞ്ഞേട്ടനും കൂടി അട്ക്കളേ ചെന്നപ്പൊ ഒരു വാസന വന്നു. അപ്പൊ കുഞ്ഞേട്ടന്‍ പറഞ്ഞു “നിയ്ക്ക് നല്ല ഉള്ളി വാസന കിട്ടി. നിണക്ക് കിട്ട്യോ?” അപ്പൊ ആമിടുക്കന്‍ ഒറക്കെ കരയാന്‍ തുടങ്ങി. അമ്മ ചോദിച്ചു “എന്തിനാ കരേണത്?“ “കുഞ്ഞേട്ടന് ഉള്ളിവാസന കിട്ടി. നിയ്ക്ക് കിട്ടീല്യോ....... നിയ്ക്കും ഉള്ളിവാസന വേണോ.... ഹ്ങീ..... ഹ്ങീ....” അപ്പൊ കുഞ്ഞേട്ടന്‍ ചോദിച്ചു. “പൊട്ടാ! ഉള്ളിവാസന ന്ന് വെച്ചാല്‍ എന്താന്ന് അറിയ്യ്യോ നെണക്ക്?” ആ മിടുക്കന്‍ തല ആട്ടി ഇല്യ. “ന്നാലും നിയ്ക്ക് ഉള്ളി വാസന വേണോ‍.... ഹ്ങീ.... ഹ്ങീ....”

Saturday, August 9, 2008

ചിത്രം

“വല്യേട്ടാ! ഞാനുണ്ടും തണ്ടുണ്ടും പിന്നാലെ ന്ന് പറഞ്ഞ് കൃഷ്ണന്‍റെ പിന്നാലെ നടന്നാല്‍ മാവ് മാങ്ങവീഴ്ത്തിത്തര്വോ?” "അറീല്യ” വല്യേട്ടന്‍ പേപ്പറ് വായിയ്ക്കാ. പേപ്പറ് വായിയ്ക്കുമ്പൊ ചോദിച്ചാല്‍ ഇങ്ങനേ പറയൂ. വല്യേട്ടനും അച്ഛനും ചെറ്യേട്ടനും ഒക്കെ വല്യേ പേപ്പറ് വായനക്കാരാ. എനിയ്ക്ക് പേപ്പറ് അത്ര ഇഷ്ടൊന്നും അല്ല. വല്യേട്ടന്‍ വാങ്ങിക്കൊണ്ടോന്ന കോഴിക്കുഞ്ഞ് ഞാനും ഞാനും എന്നു പറേണ പുസ്തകം ല്യേ? അതാ ഇഷ്ടം. അതിലെ ചിത്രങ്ങളും നല്ല രസണ്ട്. ആ പുസ്തകം ണ്ടാക്ക്യേ ആള് ഒരുകയ്യോണ്ട് എഴുതലും ഒരു കയ്യോണ്ട് ചിത്രം വരയ്ക്കേം ഒപ്പം ചെയ്യൂത്രേ. എനിയ്ക്കും ചിത്രം വരയ്ക്കണം. ആനേടെ ചിത്രം വരയ്ക്കാം. അതിന് കറത്ത ചായം മതീലോ. കരിക്കട്ട മതി. പടിഞ്ഞാറുപുറത്തെ ചുമരില്‍ വരയ്ക്കാം. പിന്നെ പൂമോത്തെ ചുമരിന്‍ ന്മേലും നല്ല ചിത്രം വരയ്ക്കണം. “ആരാ ചൊമിരിലൊക്കെ കുത്തിവരച്ചത്?” അച്ഛന്‍ വന്നു. ചിത്രം വരച്ചത് കണ്ടൂ ന്നാ തോന്നണത്. നല്ലോണം ശുണ്ഠി ട്ത്ത്ട്ട്ണ്ട് ന്നാ തോന്നണത്. അടി കിട്ട്വോ? അമ്മേടെഅടുത്തയ്ക്ക് ഓടി. അമ്മ പറഞ്ഞു. “അങ്ങ്ട് ചെന്നോ. എന്നാല്‍ കുറച്ചേ ണ്ടാവുള്ളൂ. ചെന്നില്യാ ച്ചാല്‍ പിന്നെ നിര്‍ത്തല് ണ്ടാവില്യ.” “സാരല്യ.”അമ്മ തണര്‍‍ത്ത തൊട തലോടുമ്പളാ അധികം സങ്കടം. “ദാ! ആദ്യേം വിളിയ്ക്ക്ണു. ചെന്നോ. ല്യാച്ചാ പിന്നെ അതിനാവും.“ ചെന്നപ്പൊ അച്ഛന്‍ പറഞ്ഞു.“കുഞ്ഞേട്ടനും കുഞ്ഞോപ്പോളും ഒക്കെ കൂടി സിനിമയ്ക്ക് പൊയ്ക്കോ. ചെറ്യേട്ടനോട് കൊണ്ടോവാന്‍ പറഞ്ഞോ.” കുഞ്ഞോപ്പോളോട് സിനിമയ്ക്ക് പോവ്വന്‍ അച്ഛന്‍ സമ്മതിച്ചൂ ന്ന് പറഞ്ഞപ്പൊ കുഞ്ഞോപ്പോള് തിരിഞ്ഞിരുന്നു . “നെന്‍റെ തൊടയ്ക്ക് അടികിട്ട്യെ ചെലവില് നിയ്ക്ക് സിനിമകാണണ്ട.” നിയ്ക്കല്ലേ അടി കിട്ട്യേ? ഓപ്പോള് എന്തിനാ സങ്കടപ്പെടണത്? അടികിട്ടണേക്കാളും സങ്കടാ ഇങ്ങനെ ആയാല്‍

Tuesday, August 5, 2008

സര്‍ക്കസ്സ്മാവ്

അമ്മേടെ അന്യേത്തി വന്നിട്ടുണ്ട്. കൂടെ ഏട്ടമ്മാരും ഉണ്ട്. ഒരു ചെറ്യേ അന്യേനും. ഇനി നല്ല രസാവും. സര്‍ക്കസ്സ് മാവിമ്മില് കേറലും കൊളത്തില്‍ ചാടലും. കുഞ്ഞേട്ടന് സര്‍ക്കസ്സ്മാവിന്‍റെ ഏറ്റവും ഏറ്റവും മുകളിലത്തെ കൊമ്പിന്‍റെ അതു വരെ പൂവ്വാന്‍ പറ്റും. എനിയ്ക്ക് താഴത്തെ കൊമ്പു വരേ കയറാന്‍ പറ്റൂ. ഞാനും വലുതായ്യാല്‍ കുഞ്ഞേട്ടനേക്കാളും മീതെ പോവ്വും. വന്ന ഏട്ടന്മാരൊക്കെ എത്ര വേഗാ കേറണത്? അന്യേന്‍ മത്രം നിലത്ത് നിന്ന് കരയ്യാ. എന്‍റെ അത്രേം കൂടി കയറാന്‍ വയ്യ. “അന്യാ കരേണ്ട. എന്നെപ്പോലെ വലുതായ്യാ കേറാന്‍ പറ്റും ട്ടോ. അന്യേന്‍ ചെറ്യേകുട്ട്യല്ലേ? അല്ലെങ്കില്‍ ഏട്ടന്‍‍ കേറ്റിവെച്ചു തരാട്ടോ” ഞാന്‍ അന്യേനെ എടുക്കാന്‍ തുടങ്ങീല്യ അതിന്‍റെ മുമ്പെ കുഞ്ഞേട്ടന്‍ മുകളില്‍ നിന്നു വിളിച്ചു പറയ്യാ “നീയ്യ് കേറ്റണ്ട. നെണക്ക് പറ്റില്യാ” . “ഞാന്‍ അന്യേനേക്കാളും വല്യേ ആളാ. എനിയ്ക്കു പറ്റും.” കേറ്റാന്‍ നോക്ക്യപ്പളയ്ക്കും അന്യേന്‍ വീണു. നെലോളിച്ചു തുടങ്ങി. കുഞ്ഞേട്ടന്‍ വേഗം ഇറങ്ങി വന്ന് എന്‍റെ ചെവി പിടിച്ച് തിരിച്ചു. നിയ്ക്ക് വല്ലാണ്ടെ വേദനിച്ചു. നെലോളിവന്നു. എന്‍റെ കുറ്റമൊന്നും അല്ല. അന്യേന് കേറാന്‍ നിശ്ചല്യാഞ്ഞിട്ടാ . അല്ലെങ്കിലും വേറെ വല്ലോരും വന്നാല്‍ പിന്നെ കുഞ്ഞേട്ടന് എന്നോട് വല്യേ ദേഷ്യാ. കുഞ്ഞേട്ടനോട് മിണ്ടില്യ. ഏട്ടമ്മാരോടും മിണ്ടില്യ. അന്യേന്‍ കാരണം അല്ലേ ഇതൊക്കെ? അന്യേനോടും മിണ്ടില്യ. സര്‍ക്കസ്സ്മാവിനോടോ? സര്‍ക്കസ്സ്മാവിന്‍റെ കുറ്റം ഒന്നും അല്ല. സര്‍ക്കസ്സ്മാവിനോടു മാത്രേ മിണ്ടൂ.

Sunday, August 3, 2008

കിളിക്കൂട്

അമ്പലക്കൊളത്തിന്‍റെ അപ്പറത്തു ഉള്ള തെങ്ങിന്മേല്‍ പക്ഷികള്‍ എട്ടു കൂടുണ്ടാക്കിയിട്ടുണ്ട്. ഓലേമ്പ്‌ല് തൂങ്ങി കിടക്കണ കൂട്. ചെറ്യേ ചെറ്യേ നാര്കളോണ്ടാണത്രേ കൂട് ഉണ്ടാക്കണത്. ഇത്ര ഉയരത്തില് പക്ഷികള് കൂടുണ്ടാക്കണ്ടേര്‍ന്നില്യ. ഒന്നു ശരിയ്ക്ക് കാണാന്‍ പറ്റില്യ. “ആരാ കുളത്തിന്‍റെ വക്കത്ത് ഒറ്റയ്ക്ക്?” കര്‍ത്താവാണ്. ചെറ്യേട്ടന്‍റെ വല്യേ കൂട്ടുകാരനാ കര്‍ത്താവ്. ഇനി ഇവിടെ ഇരുന്നാല്‍ പറ്റില്ല. കര്‍ത്താവു ചീത്ത പറയും. വേഗം പോവ്വാ നല്ലത്. എന്തിനാ ഇപ്പൊ ഈ കര്‍ത്താവ് വന്നത്? കിളികള് കൂടുണ്ടാക്കണത് കാണാനും സമ്മതിയ്ക്കില്യ. പത്തായപ്പുരയുടെ അടുത്ത് മാവിന്‍റെ പിന്നില്‍ നിന്ന് ഒളിച്ചു നോക്കാം അയ്യോ! കര്‍ത്താവിന്‍റെ ഒപ്പം ഉള്ള ആള് തെങ്ങിന്മേല്‍ കയറുന്നു. മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ തെങ്ങിന്മേല്‍ കയറുമ്പോള്‍ മെടായാന്‍ ഓല വെട്ടി ഇടാറുണ്ട്. ഇയ്യാളും ഓല വെട്ടി ഇട്വോ? ഈശ്വരാ! കിളീടെ കൂട് കേടുവരര്തേ. ഓല വെട്ടാന്‍ തോന്നരുതേ. അച്ഛന് ആ തെങ്ങു നില്‍ക്കുന്ന സ്ഥലം വാങ്ങ്യാല്‍ എന്താ? അച്ഛന്‍ കിളീടെ കൂട് ഉള്ള പട്ട വെട്ടണ്ട എന്നു പറയും. ശുണ്ഠി വന്നാല്‍ നല്ല അടി അടിയ്ക്കും എന്നു വെച്ചാലും കിളീടെ കൂട് കേടുവരുത്താന്‍ സമ്മതിയ്ക്കില്ല്യ. ഞങ്ങള്‍ കളിയ്ക്കുമ്പോള്‍ കുട്ടിപ്പുര വെച്ചത് മിറ്റം നന്നാക്കുമ്പോ കേടുവര്ത്തണ്ട എന്നു കൃഷ്ണങ്കുട്ട്യോട് പറഞ്ഞത് ഞാന്‍ കേട്ടതാണല്ലോ. ഏതായാലും ആസ്ഥലം അച്ഛനോ‍ട് വാങ്ങാന്‍ പറയണം. കാശ് തെകയ്യോ അച്ഛന്‍റെ കയ്യില്‍? ഇല്യങ്കില്‍ താലപ്പൊലിയ്ക്ക് വിസില് വാങ്ങീതിന്‍റെ ബാക്കി കൊടുക്കാം. പറഞ്ഞാല്‍ അച്ഛന് ശുണ്ഠി വര്വോ? എന്നാ നല്ല അടീം കിട്ടും. ഷാരോട്യോട് പറയാന്‍ പറയാം. അല്ലെങ്കില്‍ കിളികളോട് മിറ്റത്തെ കുഞ്ഞ്യേ തെങ്ങിന്മേല്‍ കൂടുണ്ടാക്കാന്‍ പറഞ്ഞാലും മതിയായിരുന്നു. അതെങ്ങെനാ‍ പറയുന്നത്.

Saturday, August 2, 2008

നായക്കോട്ട

ചെളമ്പ്രം കുന്നിന്‍റെ മുകളില് നായക്കോട്ട ഉണ്ട് എന്ന് കൃഷ്ണങ്കുട്ട്യാ പറഞ്ഞത്. ഒരു ദിവസം കൃഷ്ണന്‍കുട്ടീടെ വീട്ടിലെ പോത്തുകള് മേഞ്ഞ് മേഞ്ഞ് ചെളമ്പ്രം കുന്നിന്‍റെ നിറുകേല് വരെ പോയി. പോത്തുകളെ നോക്കി നോക്കി പോയി ഒടുക്കം നായക്കോട്ടടെ അടുത്തുന്നാ കിട്ടീത്. അവിടെ മണ്ണോണ്ട് കൊറേ നായകളേ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ. എന്തിനാണാവോ? കൃഷ്ണന്‍കുട്ടി മുട്യേങ്കൊലോണ്ട് ഒരു നായടെ വായേല് കുത്തി നോക്കീത്രേ. മണ്ണോണ്ടാണച്ചാലും നായക്കോട്ടേലെ അല്ലേ? എന്തൊരു ധൈര്യാ കൃഷ്ണങ്കുട്ടിയ്ക്ക്? താലപ്പൊലിയ്ക്ക് വരണ നായാടി നായക്കൊട്ടേന്നാവ്വോ വരണത്? പടിഞ്ഞാറ്റുമ്മുക്കുന്നുള്ള വരമ്പ്ക്കൂടെ ആണ് നായാടീടെ വീട്ടില്യ്ക്ക് പൊവ്വാ എന്നല്ലേ ദേവക്യമ്മ പറഞ്ഞത്? ചെളമ്പ്രംകുന്നിലേയ്ക്കും പടിഞ്ഞാറ്റുമ്മുക്കില്‍കൂടി വഴിണ്ടാവും. ആ നായക്കളൊക്കെ നായാടീടെ ആവും. എനിയ്ക്കും നായക്കോട്ടേല്‌യ്ക്ക് പോകണം. എന്നിട്ട് ആ നായട്ടെ വായേല് കോലോണ്ട് കുത്തണം. പക്ഷേ മുട്യേങ്കോല്‌ മത്യാവ്‌ല്യ. കൊറച്ചധികം നീളം വേണ്ട്യേരും. കൃഷ്ണങ്കുട്ടീടെ അത്ര ധൈര്യം എനിയ്ക്കില്യ. നായേടെ വായേല് വടിട്ട് കുത്ത്യാല്‍ നായാടി ചീത്ത പറയ്യോ? ഉണ്ടാവില്യ. എനിയ്ക്ക് നായാട്യേ ഇഷ്ടാണലോ, അപ്പൊ നായാടിയ്ക്ക് എന്നേം ഇഷ്ടാവും

Friday, August 1, 2008

ഏഴില്ലം കടത്തല്‍

അമ്പലത്തില് താലപ്പൊലിയാണ്. തറേം പൂതനും ആണ്ടീം നായാടീം പറേന്‍വെളിച്ചപ്പാടും ഒക്കെ ണ്ടാവും. നിയ്ക്കധികം ഇഷ്ടം നായാട്യെ ആണ്. പിന്നെ ബലൂണും വിസിലും പൊരീം ഒക്കെ ഉണ്ടാവും. അമ്മാത്തു പോയപ്പോ കിട്ട്യേ കാശ് അമ്മേടെ അടുത്തുണ്ട്. വാങ്ങണം. ബലൂണ് വാങ്ങണോ. വേണ്ട. പൊരി വാങ്ങാം. പിന്നേ.... പിന്നെ വിസില്. “ഠോ” അമ്പലത്തില്‍ നിന്ന് വെടി പൊട്ടുന്നുണ്ട്. എനിയ്ക്ക് വെടി പേട്യാ. എന്തിനാ ആളേ പേടിപ്പിയ്ക്കാന്‍ ഇങ്ങനെ വെടിപൊട്ടിയ്ക്കണത്? ഞാന്‍ ഒരു പേടിത്തൊണ്ടനാ ന്നാ കുഞ്ഞോപ്പോള് പറേണത്. കുട്ട്യോളായാല്‍ കുറച്ച് പേട്യൊക്കെ ണ്ടാവും. അതത്ര പറയാനൊന്നും ഇല്ല്യ. വെടിപൊട്ടണേന് വല്ല്യോര്‍ക്കും കൂടി ണ്ടാവും പേടി. അച്ഛന്‍റെ അമ്മാമന്‍ ഓരോ വെടിപൊട്ടുമ്പളും ഞെട്ടില്ല്യേ . നിയ്ക്ക് വെടി പേട്യാച്ചാലും അമ്മാമന്‍ ഞെട്ടണത് കാണാന്‍ നിയ്ക്ക് ഇഷ്ടാ. കുഞ്ഞോപ്പള്‌ പേടിത്തൊണ്ടന്‍ ന്ന് പറേണതെന്താ ന്നോ. ഒരു പൂച്ചണ്ടായിര്ന്ന് ല്ല്യേ. കൊറേ ദിവസം മുമ്പെ അതിന് നാല് കുട്ട്യോള് ണ്ടായി. നല്ല ഭങ്ഗി ണ്ടായിരുന്നു. പൂച്ചക്കുട്ടിയ്ക്ക് കണ്ണ് കാണില്യ ന്ന് രാത്രി കെടക്കുമ്പോ അമ്മോടു പറഞ്ഞു. അമ്മ പറഞ്ഞു. “അതൊക്കെ ശര്യാവും. കണ്ണുകാണാറയാല്‍ പൂച്ച കുട്ട്യോളെ കഴുത്തില്‍ കടിച്ചു തൂക്കി കൊണ്ടു പോയി ഏഴുസ്ഥലത്ത് മാറ്റി മാറ്റി താമസിപ്പിയ്ക്കും. അതിന് ഏഴില്ലം കടത്തല്‍ എന്നാ പറയ്യാ.” ഞാന്‍ അമ്മോട് ചോദിച്ചു. “അമ്മേ ഏഴില്ലം കടത്തുമ്പൊ വെടി പൊട്ട്വോ?” അതുകുഞ്ഞോപ്പള് കേട്ടു. അതാ കൊഴപ്പായീത്. അറ്യാത്ത കാര്യം ചോദിച്ചാല്‍ കള്യാക്കണോ?. എന്താ ഈ ആള്‍ക്കാരക്കൊക്കെ? ഏഴില്ലം കടത്തുമ്പൊ വെടിപൊട്ട്വോ ന്ന് അറിഞ്ഞാല്‍ ചെവി പൊത്താലോ