Wednesday, November 4, 2009

പൊന്മ

സ്കൂള്ന്ന് വരുംപൊ എ‍ഡോഴീന്ന് ഒരു വെള്ളത്തണ്ടിന്‍റെ ചെടി പറിച്ചുകൊണ്ടോന്നു. അത് കുഴിച്ച് ഇടണം. നല്ലോം വളട്ടാ നല്ലോം വല്താവും. വല്തായ്യാ തണ്ട് ട്ത്ത് സ്ലേയ്റ്റ് മയ്ക്കാന്‍ സ്കൂളില്യ്ക്ക് കൊണ്ടോവണം. ഒരു കഷ്ണം കൃഷ്ണനും ഒരു കഷ്ണം ഇബ്രായിനും കൊട്ക്കണം. എവടെആ കുഴിച്ചടണ്ടത്? തൊളസി നട്ടോടത്ത് കുഴിച്ചിടാം. അപ്പൊ വെള്ളോം നല്ലോം കിട്ടും. ദേവക്യമ്മ തൊളസിയ്ക്കു നനയ്ക്കുംപൊ വെള്ളത്തണ്ടിനും വെള്ളം കിട്ടും.
വല്യേട്ടാ ഞാന്‍ വെള്ളത്തണ്ട് കുഴിച്ചിടുംപൊ വല്യേ ഒരു ഞാഞ്ഞൂള്. ഞാന്‍ മണ്ണില് കോലോണ്ട് കുത്യപ്പൊ അറ്യാണ്ടെ അതിന്‍റെ മേത്ത് കൊണ്ടു. രണ്ട് കഷ്ണായി. അതിനെ കൊന്നതോണ്ട് ഈശ്വരന്‍ എന്നെ നരകത്തില് കൊണ്ടോവ്വോ?
രണ്ട് കഷ്ണാക്ക്യോണ്ട് ഞാഞ്ഞൂള് ചാവൊന്നും ല്യ. രണ്ട് ഞാഞ്ഞൂളാവുംന്നേ ള്ളൂ.
ഏതായാലും ഞാന്‍ നീര്‍ക്കോല്യേ രണ്ട് കഷ്ണാക്കല്യ. അല്ലങ്കില്‍ തന്നെ കൊളത്തില് കൊറേ നീര്‍ക്കോലി ണ്ട്. നീര്‍ക്കോല്യേ എനിയക്ക് അത്ര ഇഷ്ടൊന്നും അല്ല. വല്യേ പൊന്മ ണ്ടാര്‍ന്നൂച്ചാ എത്ര നന്നായിരുന്നു. കൂപ്പില് ഇര്ന്ന് എടക്ക് എടയ്ക്ക് ചന്തിട്ട് കുലുക്കി നീര്‍ക്കോലി വരുംപോ ഒറ്റ ചാട്ടം. അങ്ങനെ നീര്‍ക്കോല്യൊക്കെ പൊന്മേടെ കുംപേലാവും. എന്നാ പിന്നെ വെള്ളത്തില് ചാടുംപൊ പേടിയ്ക്കാന്‍ ഇല്യ. അല്ലെങ്കില്‍ പൊന്മയ്ക്ക് പാല് കൊട്ത്താലോ. പാല് കഴിച്ച് പൊന്മാ വല്യേ പൊന്മ ആവും. അമ്മോട് ചോദിച്ച് ഒരുഗ്ലാസ് പാല് കൂപ്പിന്‍റെ മോളില് കൊണ്ട വെയ്ക്കണം. പൊന്മ വന്നാല്‍ കുടിച്ചോട്ടെ

Saturday, October 31, 2009

ജന്നത്തും സ്വര്‍ഗ്ഗോം

ഇബ്രായിന്‍റെ അവടെ വയ്യസ്സായ്യേ ഒരു ഉമ്മ ണ്ടാര്‍ന്നില്യേ. സ്ക്കൂളില് പോവ്വുംപോ പള്ള്യാല്ന്‍റെ അവടെ എപ്പഴും കാണാറല്യേ ഒരുമ്മേ? ആ ഉമ്മ മയ്യത്തായീത്രേ. അതാ ഇബ്രായിന്‍ ഇന്ന് സ്കൂളില് വരാത്ത്.

കുഞ്ഞേട്ടാ എന്താ മയ്യത്താവ്വാ ന്ന് പറഞ്ഞാല്‍?

മയ്യത്താവ്വാ ന്ന് പറഞ്ഞാല്‍ മരിയ്ക്ക

ആ ഉമ്മേം ഈശ്വരന്‍റെ അവടയ്ക്കാ കൊണ്ടോവ്വാ?

അവരെ ഈശ്വരനല്ല കൊണ്ട പോവ്വാ

പിന്നെ ആരാ?

പടച്ചോന്‍

പടച്ചോന്‍റെ വീട് എവെടെ ആണ് ആവോ

നിയ്ക്കറീല്യ. നിയ്യ് ഇബ്രായിനോട് ചോദിച്ച് നോക്ക്

ഇബ്രായിന്‍ സ്കൂളില് വന്നാ ചോദിയ്ക്കണം.

കുഞ്ഞേട്ടാ അവരൊക്കൊ മരിച്ചാ പടച്ചോന്‍ ജന്നത്ത് ന്ന സ്ഥലത്തയ്ക്കാത്രേ കൊണ്ടോവ്വാ. ജന്നത്തും സ്വര്‍ഗ്ഗോം ആകാശത്താത്ത്രേ സ്വര്‍ഗ്ഗത്തില്‍ പോയ്യാ ഇബ്രായിന്‍റെ കൂടെ എടയ്ക്ക് കളിയ്ക്കാന്‍ ജന്നേല് പോവ്വാന്‍ പറ്റ്ണ്ടാവും

അതിന് നിയ്യ് സ്വര്‍ഗ്ഗത്തില്യ്ക്കൊന്നും അല്ല പോവ്വാ. നരകത്തിലാ പോവ്വാ.

ഒന്നും അല്ല. ഞാന്‍ സ്വര്‍ഗ്ഗത്തില് തന്നെ ആണ് പോവ്വാ.

ഒന്ന് കള്യാക്ക്യേന് നീയ്യെന്നെ അന്ന് കടിച്ച് ല്യേ? അങ്ങനത്തെ പാപം ചെയ്യണോരെ ഒക്കെ നരകത്തിലാ കൊണ്ടപോവ്വാ.

അമ്മേ. ഞാന്‍ കുഞ്ഞേട്ടനെ വേദനിയ്ക്കാണ്ടെ പത്ക്കെ കടിച്ചിട്ടേള്ളൂ. ന്നട്ടും കുഞ്ഞേട്ടന്‍ പറയ്യാ എന്നെ നരകത്തില് കൊണ്ടോവും ന്ന്. നരകത്തില്‍ പോയ്യാ എനിയക്ക് ഇബ്രായിന്‍റെ കൂടെ കളിയ്ക്കാന്‍ പോവ്വാന്‍ പറ്റണ്ടാവില്യ. എന്നെ സ്വര്‍ഗ്ഗത്തിലല്ലേ കൊണ്ടൂവുള്ളൂ?

Friday, October 30, 2009

പൊകക്കൊഴല്

അമ്മാത്തയ്ക്ക് പോവുംപോ ഒരു വല്യേ തൂണ് കാണാറല്യേ? എന്തുയരാ ആ തൂണിന്? ആ തൂണിന്‍റെ തലേന്ന് പൊക പൊന്തും.
വണ്ടീന്ന് ചെറ്യേട്ടനോട് ചോദിച്ചു നോക്കി
"എന്താ ആതൂണ്?"
"അത് ഓട്ട്കംപനീടെ പൊകക്കൊഴലാ"
"എന്താ ഓട്ട്കംപനീന്ന് പറഞ്ഞാല്‍?"
"ഓട് ണ്ടാക്കണ കംപനി"
"അതിനെന്തിനാ ഇത്ര വല്യേ പൊകക്കൊഴല്?"
"മിണ്ടാണ്ടിരിയ്ക്ക്. അതൊന്നും നെണക്ക് മനസ്സിലാവില്യ."
"അതെന്താ?"
"നിയ്യ് ചെറ്യേകുട്ട്യല്ലേ. വല്യേ വല്യേ കാര്യൊന്നും മനസ്സിലാവില്യ."
.
കുഞ്ഞേട്ടന്‍ പറയ്യാ അവടെ ഒരാള് ഇരിന്ന് ബീഡിവലിയ്ക്കാവും ന്ന്. ഇത്ര അധികം പൊക ണ്ടാവണച്ചാ വല്യേ വല്യേ ബീഡ്യന്നെ വേണ്ടീരും.
കംപനീടെ ഉള്ളില് കൊറേ ആള്ണ്ടാവും. അവര്‍ക്കൊക്കെ ചോറും കൂട്ടാനും ഒക്കെ ണ്ടാക്ക്ണ്ടോണാവോ?
ചെറ്യേട്ടന്‍ പറഞ്ഞത് ചെറ്യേ കുട്ട്യാവ്വോണ്ടാ മനസ്സിലാവത്തത് ന്നല്ലേ? ആ കംപനിമുഴുവന്‍ വല്യേ ആള്‍ക്കാര്ടെ മനസ്സില് ആവ്വോ. വല്യേ ആള്‍ക്കാരടെ മനസ്സ് വല്യേ മനസ്സന്നെ ആവും. ആനയ്ക്കൊക്കെ നില്‍‍ക്കാന്‍ പറ്റ്ണ്ടാവും. അപ്പൊ ആന പിണ്ടം ട്ടാലോ? അയ്യയ്യയ്യേ. ഞാന്‍ വല്തായ്യാ ആന എന്‍റെ മനസ്സിലും പിണ്ടം ട്വോ?

Thursday, October 29, 2009

സെല്യൂട്ട്

അമ്മാത്ത്ന്ന് വരുംപോ പട്ടാംപി തീവണ്ടി നിര്‍ത്തണ സ്ഥലത്തെ മാഷ് എനിയ്ക്കും കുഞ്ഞേട്ടനും സെല്യൂട്ട് തന്നു. അമ്മാത്തെ ഒരേട്ടന്‍ പറഞ്ഞ് തന്നതാ തീവണ്ടിസ്റ്റേഷനിലെ മാഷെ സെല്യൂട്ട് ചെയ്താ അവര് നമ്മളേം സെല്യൂട്ട് ചെയ്യുന്ന്. മൊളങ്കുന്നത്ത് കാവ് ന്നൊരു സ്റ്റേഷന്‍ല്യേ? അവ്ട്ത്തെ മാഷക്ക് വല്യേ പവറാ. ഞാനും കുഞ്ഞേട്ടനും നാലഞ്ച് പ്രാവശ്യം സെല്യൂട്ട് ചെയ്തു. മാഷ് ഞങ്ങളെ നോക്കുംകൂടി ചെയ്തില്യ. എന്താണാവോ അവരെ മാഷ് ന്ന് പറേണത്. അവര് തീവണ്ട്യോളെ പഠിപ്പിയ്ക്ക്ണ് ണ്ടാവും. കുഞ്ഞേട്ടന്‍ പറയ്യാ കുഞ്ഞേട്ടനെ പോലീസ്കാരന്‍ സെല്യൂട്ട് ചെയ്ത്ട്ടണ്ട് ന്ന്. ഗോപാലന്‍ അച്ഛനോട് കൊളക്കണ്ടം തട്ടിപ്പറിയ്ക്കാന്‍ നോക്കീല്യ. അപ്പൊ പോലീസ്കാരന്‍ വന്നേര്‍ന്നു. അച്ഛനോടും ചെറ്യേട്ടനോടും ഒക്കെ എന്തോ ചോദിയ്ക്കാന്‍. പോലീസ്കാരന്‍ പൂമോത്തെ പടീംപില് ഇരിയ്ക്കുംപോ കുഞ്ഞേട്ടന്‍ ചെന്ന് സെല്യൂട്ട് ചെയ്തൂത്രേ. അപ്പൊ പോലീസ്കാരന്‍ കുഞ്ഞേട്ടനേം സെല്യൂട്ട് ചെയ്തു. അന്ന് ഞാന്‍ കുഞ്ഞ്യേ കുട്ട്യായിര്ന്നില്യേ? അല്ലെങ്കില്‍ നിയ്ക്കും സെല്യൂട്ട് ചെയ്യാര്‍ന്നു. ഗോപാലന്‍ ഇപ്പൊ എന്താണാവോ അച്ഛനോട് കൊളക്കണ്ടം തട്ടിപ്പറിയ്ക്കാന്‍ വരാത്തത്? ചെറ്യേട്ടനൊക്കെ എന്തു സുഖാ? എടയ്ക്ക് എടയ്ക്ക് പട്ടാംപി പോവ്വാം. പട്ടാംപി പോലീസ്റ്റേഷനില് പോയ്യാ കൊറേ പോലീസ്കാര്ണ്ടാവും അവരെ ഒക്കെ സെല്യൂട്ട് ചെയ്യാം. ഞാനും വല്തായ്യാ പട്ടാംപി പോയി പോലീസ്കാരെ ഒക്കെ സെല്യൂട്ട് ചെയ്യും

Saturday, August 22, 2009

കാതുകുത്തല്‍

“കുഞ്ഞേട്ടാ കാത് കുത്തുമ്പൊ വല്ലാതെ വേദനിയ്ക്ക്വോ?” “നല്ല വേദനണ്ടാവും. വയ്യങ്കതവിന്‍റെ മുള്ളോണ്ടാ കാത് കുത്തണത്. വേദനിയ്ക്കാണ്ടിരിയ്ക്ക്വോ?” “എന്തിനാ കാതുകുത്തണത്?” “വല്യേ ആളാവണ്ടേ?” “വല്യേ ആളാവണച്ചാ കാതുകുത്തണോ?” “വേണം.” “അപ്പൊ കുഞ്ഞലവ്യാജ്യൊന്നും കാതുകുത്തീട്ട് ല്യലോ? ന്ന്ട്ടും വല്യേ ആളായിട്ട്ണ്ടലോ” “അതിനേയ് അവര് വല്യേ ആളാവാന്‍ കാത് ഓഠ തൊളയ്ക്ക അല്ല. മൂത്രൊഴിയ്ക്കണേന്‍റെ തുമ്പ് മുറിയ്ക്കാചെയ്യാ” “ശരിയ്ക്കും?” “നീയ്യ് ഇബ്രായിനോട് ചൊദിച്ചു നോക്ക്. അപ്പൊ അറിയാം” നിയ്ക്ക് വല്യേ ആളാവണന്നൊക്കെ ണ്ട്. ആന കാത് കുത്താറണ്ടോ? താല്‍പ്പ്ലിയ്ക്ക് വന്ന ആനേടെ നഖം വെട്ടും കൊമ്പ് ചെത്തും ഒക്കെ ചെയ്യും ന്ന് പാപ്പന്‍ പറഞ്ഞൂലോ. അതോണ്ടാവും ആന വല്യേതാവണത്. “അമ്മേ! ഞാന്‍ നഖം വെട്ട്യാല്‍ മത്യോ വല്യേ ആളാവാന്‍ ?” “എന്താ പ്പൊ?” “ആനയ്ക്ക് നഖം വെട്ടലും കൊമ്പ് ചെത്തലും ഒക്കെ പതിവുള്ളൂ ന്ന് പാപ്പാന്‍ പറ്ഞ്ഞൂലോ? ന്ന്ട്ടും ആന വല്യേതാവ്ണ്ണ്ടലോ” “അതിന് എന്താ ണ്ടായ്യേ പ്പൊ?” “കുഞ്ഞേട്ടന്‍ പറഞ്ഞൂ വല്യേ ആളാവാന്‍ കാത് കുത്തണം ന്ന്” “അങ്ങനെ ഒക്കെ ണ്ട്. വല്യേ ആളാവാന്‍ കാത് കുത്തണം ” മൂത്രൊഴിയ്ക്കണേന്‍റെ തുമ്പ് മുറിയ്ക്ക എങ്ങനെ ആണാവോ? കൊപ്പത്തയ്ക്ക് പോവുമ്പൊ എറച്ചി വെട്ടണ ആളടെ കയ്യില് ള്ളപോലത്തെ പിശാങ്കത്ത്യോണ്ട് അങ്ങനത്തെ മരതില് വെച്ച് വെട്ടലാവ്വോ? ആതോ, തുന്നക്കാരന്‍ നാരായണന്‍ കുട്ടി തുണിമുറിയ്ക്കണപോലെ കറ കറ ന്ന് കത്രികൊണ്ട് മുറിയ്ക്കേ? ഭേദം കാത് കുത്തല് ആവും. വേദനിച്ചാലേ വല്യേ ആളാവാന്‍ പറ്റുള്ളൂ ച്ചാല്‍ ബുദ്ധിമുട്ടാണ്

Tuesday, August 11, 2009

വയറിളക്കം

ഒരു നൂറുപ്രാവശ്യായിട്ട് ണ്ടാവും. ഉപ്പും പഞ്ചസാരേം ട്ട വെള്ളം കുടിയ്ക്കാ. കക്കൂസില്യ്ക്കോട് ആ. പിന്നേം വെള്ളം കുടിയ്ക്കാ ഓട് ആ. കുഞ്ഞേട്ടന്‍ പറയ്യാ. “അധികാരിപ്പണിക്കാരന്‍ വര്ണ് ണ്ട്” “ന്നാലും കുഞ്ഞേട്ടനെ പോലെ വയറെളക്ക്യേ തിയ്യതി ചൊമിര്മ്പില് എഴുതിവെച്ചിട്ടൊന്നും ഇല്യലൊ” “നെണക്ക് വയ്ക്കും ച്ചാ നീയ്യും എഴുതിക്കോ” കുഞ്ഞേട്ടന് കയ്യിലും കാലിലും ഒക്കെ ഒരുപ്രവശ്യം പൊള്ളകള് പൊന്തീല്യേ. അപ്പൊ ചാത്തര്നായര് പറഞ്ഞിട്ട് വയറെളക്കി. അന്ന് കരിക്കട്ടോണ്ട് പടിഞ്ഞാറേ ചൊമിര്‍്മ്പില് അന്നത്തെ തിയ്യതി കുറിച്ചിട്ടു. അച്ഛന്‍ എന്നോടാ ചോദിച്ചത് “ആരാ ചൊമിര്മ്പില് ഏഴ്തീത്?” “കുഞ്ഞേട്ടന്‍ വയറെളക്ക്യേ തീയ്യതി എഴുതീതാണ്” ന്ന് ഞാന്‍ പറഞ്ഞപ്പോ അച്ഛന്‍ ഒന്നു ചിരിയ്ക്കേ ചെയ്തുള്ളൂ. പക്ഷേ എല്ലാരും ഇപ്പളും ചോദിയ്ക്കും എന്താ ആ തിയ്യതീ ന്ന്. അപ്പൊ കുഞ്ഞേട്ടന്‍ ചൂളും. കുഞ്ഞേട്ടന്‍ അത് മായ്ക്കാന്‍ കൊറേ നോക്കീതാ. പറ്റീല്യാന്ന് മാത്രേ ള്ളൂ. “വൈദ്യര് വന്നു. ഇവിടെ വാ” വല്യേട്ടനാണ് “ഇന്നലെ തൊടങ്ങീതാ. വല്ലാതെ വയറെളെകി പോണു.” “ഇപ്പളും പോണുണ്ടോ” വൈദ്യര് ചോദിച്ചു. “ഒട്ടും കുറ്ഞ്ഞിട്ടില്യ്” വൈദ്യര് എന്‍റെ കണ്ണിന്‍റെ പോള താഴത്തയ്ക്ക് വലിച്ചു നോക്കി. “നാവ് നീട്ടൂ.” നാവ് നീട്ടി. “ ഇന്ന് നാവ് വടിച്ചില്യേ?” “ഉവ്വ്” “ദാ. ഈപടീല് ഒന്നു കടക്കൂ” വയറില്‍ ഒരു കയ്യുവെച്ച് മറ്റേകയ്യോണ്ട് കൊട്ടി നോക്കി. “ബ്ലുംബ്ലും ബ്ലംബ്ലം ബ്ലിംബ്ലിം ബ്ലംബ്ലം” “എന്തേ കഴിച്ചത്? ടീപ്പാര്‍ട്ടീടെ വിഭവം ഒക്കെ നല്ലോം കഴിച്ച്വോ?” “കൊറച്ച്” ഞാന്‍ പറഞ്ഞു. “മഞ്ചപ്പത്തായത്തിലാ ലഡ്ഡൂം മൈസൂര്‍പാകും ഒക്കെ വെച്ചിരുന്നത്. അത് എടുക്കാന്‍ നോക്യപ്പൊ ണ്ട് ഒരു കറുത്ത ലഡ്ഡു പൊന്തിവരുണൂ. അതൊരാളടെ തല ആയിരുന്നു. ആരടെ ആണ് ന്ന് ഞാന്‍ പറയില്യാ” വല്യേട്ടന്‍ പറഞ്ഞു. “ഞാന്‍ ലഡ്ഡു അവിടെ തന്നെ ല്യേ ന്ന് നോക്കാന്‍ കേറീതാ. തിന്നിട്ടൊന്നും ഇല്യ” ഞാന്‍ പറഞ്ഞു. വൈദ്യര് ഒറക്കെ ചിരിച്ചു.

Monday, August 10, 2009

ടീപ്പാര്‍ട്ടി

ഇന്നാണ് ടീപ്പാര്‍ട്ടി. ചെറ്യേട്ടന്‍റെ വേളീടെ തെരക്കായിരുന്നു രണ്ടുമൂന്നു ദിവസം. നല്ലരസായിരുന്നു. എത്ര കുട്ട്യോളാ? എന്നും വേളിണ്ടായിര്‍ന്നൂ ച്ചാ എത്ര നന്നായിരുന്നൂ. പിന്നെ ഒരു സ്വകാര്യം ണ്ട് - പത്തയപ്പുരേലെ കിഴ്ക്കേമുറില്യേ? അതില് വിത്ത് ട്ട് വെയ്ക്കണ ഒരു മഞ്ചപ്പത്തായം ല്യേ? അതിലെ വിത്തൊക്കെ മാറ്റി വൃത്യാക്കീട്ടേയ് ഒരു കാര്യം അതില് വെച്ചിട്ടുണ്ട്. എന്താന്നറിയ്യോ? ലഡ്ഡു! പിന്നേം ണ്ട്. മൈസൂര്‍പാക്ക്, മിക്ശ്ചറ്. ഏത്രണ്ട്ന്ന് അറിയ്യോ? കൊറേ കൊറേ ണ്ട്. ഓശപ്പനാണ് ണ്ടാക്കീത്. ണ്ടാക്കുമ്പൊ നിയ്ക്കും കുഞ്ഞേട്ടനും ഒക്കെ തന്നു. നല്ലസ്വാദുണ്ട്. പിന്നേം പിന്നേം തിന്നണം ന്ന് തോന്നും. പക്ഷേ ഏന്താ ചെയ്യാ? ആ മുറി പൂട്ടിട്ടിരിയ്ക്കാണ്. “നീയ്യെന്താ പ്രാര്‍ത്ഥിയ്ക്കണത്?” കുഞ്ഞോപ്പോള് ചോദിച്ചു “ടീപാര്‍ട്ടിയ്ക്ക് ആള്കള് വരര്തേ ന്ന്” “ആള്കള് വരര്തേ? നീയെന്തെഠഥാ പ്രാര്‍ത്ഥിയ്ക്കണത്?“ “ആള്‍കാര് കൊറേ വന്നാല്‍ ലഡ്ഡൂം മൈസൂര്‍പാക്കും ഒക്കെ കഴീല്യേ? ട്ടീപാര്‍ട്ടി കഴിഞ്ഞ് ബാക്കിള്ള ലഡ്ഡൂം മൈസൂര്‍പാക്കും ഒക്കെ ഞങ്ങള്‍ക്ക് തരാം ന്ന് ഓശപ്പന്‍ പറഞ്ഞിട്ടുണ്ടല്ലോ”

Sunday, August 9, 2009

പേടി

ഇന്ന് പത്തായപ്പുരേലാ കിടക്കണത്. ഞാന്‍ വല്യേ കുട്ട്യല്ലേ. പത്തായപ്പുരേല് കിടക്കാന്‍ പറ്റ്വൊക്കെ ചെയ്യും. ഒരു കൊഴപ്പാണ് ള്ളത്. രാത്രി മൂത്രൊഴിയ്ക്കണം എന്നു വെച്ചാല്‍ പൊറത്തയ്ക്ക് പോവ്വണ്ടേരും. “കുഞ്ഞേട്ടന് പേടിണ്ടോ രാത്രി മൂത്രൊഴിയ്ക്കാന്‍ പൊറത്ത് പോവ്വാന്‍?” “നിയ്ക്കോ? പേട്യോ? ഒരു പേടീം ല്യ” “നിയ്ക്ക് കൊറേശ്ശെ പേടിണ്ട്” “അതിന് ഒരു സൂത്രം ണ്ട്. ഒരു വല്യേ കറോത്തും തണ്ട് കൊണ്ടോന്നു വെച്ചാല്‍ മതി. മൂത്രം ഒഴിയ്ക്കണം ന്ന് തോന്നുമ്പൊ കറോത്തുംതണ്ട് ജനലിക്കുടെ പൊറ്ത്തയ്ക്ക് വെച്ച് അതിക്കൂടെ ഒഴിച്ചാല്‍ മതി.” “അതു നല്ല സൂത്രാ“ “എന്തേങ്കിലും ആവശ്യണ്ടങ്കില്‍ വിളിച്ചോ. കമ്പിറാന്തല് താഴ്ത്തി വെയ്ക്കാം” ചെറ്യേട്ടന്‍ പറഞ്ഞു. “ചെറ്യേട്ടാ! പ്രേതം ണ്ടാവ്വോ?” “പ്രേതൊന്നും ഇല്യ. നാമം ജപിച്ച് കണ്ണടച്ച് കെടന്നോ” “കൃഷ്ണന്‍ പറഞ്ഞൂലോ പ്രേതം ണ്ട് ന്ന്” “നീ യ്യ് കണ്ണടച്ച് ഓറങ്ങിക്കോ” “കറോത്തും തണ്ട് കൊണ്ട് പോയി” “ആരാ കറോത്തും തണ്ട് കൊണ്ട് പോയ്യേ?” ചേറ്യേട്ടന്‍ ചോദിച്ചു. “ഞാന്‍ മൂത്രൊഴിയ്ക്കാന്‍‍ പൊറത്തയ്ക്ക് വന്നാല്‍ എന്നെ പിടിയ്ക്കാന്‍ വേണ്ടി പ്രേതം കറോത്തും തണ്ട് കൊണ്ടുപോയി” “എന്തൊക്കെ ആണാവോ ഓറക്കപ്രാന്ത് പറേണത്. ആരും ഒന്നും കൊണ്ട് പോയിട്ടില്യ. നീയ്യ് കെടന്നൊറങ്ങിക്കോ” നല്ലോം വെളിച്ചായീലോ. കറോത്തുംതണ്ട് അവിടെ തന്നെ ണ്ട്. അപ്പോ ഇന്നലെ രാത്രി പ്രേതം കൊണ്ടോയതോ? ചെറ്യേട്ടന്‍ ഞാന്‍ പ്രേതം ല്യാ ന്ന് വിചാരിച്ചോട്ടേ ന്ന് വെച്ചിട്ട് വേറെ കൊണ്ടോന്നു വെച്ചതാവ്വോ?

Thursday, August 6, 2009

വേദന

കൊറേശ്ശെ സങ്കടൊക്കെ വര്ണ് ണ്ട്. കറുത്ത പയ്യിന്‍റെ കുട്ട്യേ വിറ്റൂത്രേ. പാവം അതിനും എടയ്ക്ക് അമ്മേ കാണണം ന്നൊക്കെ ണ്ടാവില്യേ?. നിയ്ക്ക് എടയ്ക്കൊക്കെ അമ്മേകാണണം ന്ന് ണ്ട്. കൃഷ്ണന്‍ പറയ്യാണ് “മൂരിക്കുട്ട്യല്ലേ. അതിനെ കൊല്ലാനാവും കൊണ്ടോണത്” ന്ന്. ആവ്വോ? വിക്കണ്ടേര്‍ന്നില്യ. കൊപ്പത്തയ്ക്ക് ചെറ്യേട്ടന്‍റെ ഒപ്പം തലമുടിവെട്ടിയ്ക്കാന്‍ പോയ്യപ്പൊ കണ്ടത് മൂരിക്കുട്ട്യേ ആവ്വോ? തൊല്യൊക്കെ പൊളിച്ച് തൂക്കിട്ടിട്ടുണ്ട്. “ചെറ്യേട്ടാ! അത് നമ്മടെ മൂരിക്കുട്ട്യാണോ?” “ ഏയ്. അതൊന്നും ആവില്യ” “ആവില്യലോ” “ആവില്യാ ന്ന് പറ്ഞ്ഞില്യേ” “ദേവക്യമ്മേ! ഏന്തിനാ ആള്‍ക്കര് മൂരിക്കുട്ടോളെ കൊല്ലണത്?“ “തിന്നാനാവും” “കൊല്ലുമ്പൊ മൂരിക്കുട്ട്യോള്‍ക്ക് വേദനിയ്ക്കില്യേ?” “പിന്നെ കൊല്ലുമ്പൊ വേദനിയ്ക്കാണ്ടിരിക്ക്വോ?” “ഇങ്ങനെ തൊല്യൊക്കെ പൊളിച്ച് തൂക്കിടുമ്പൊ നല്ല വെദനണ്ടാവും അല്ലേ?” “കൊന്ന് കഴിഞ്ഞിട്ടല്ലെ തൂക്കിടണത്? ചത്താ പിന്നെ വേദനിയ്ക്കില്ല.” മൂരിക്കുട്ട്യോളെ കൊല്ലണ ആളോട് എന്നേം കൊല്ലാന്‍ പറേണം. എന്നാ പിന്നെ തെയ്യുണ്ണിമാഷ് തല്ലുമ്പൊ വേദനിയ്ക്കില്യലോ. അപ്പൊ അമ്മേ കാണാനോ? മരിച്ചാല്‍ കാണാന്‍ പറ്റ്വോ ആവോ. പറ്റില്യാച്ചാ മരിയ്ക്കണ്ട. തെയ്യുണ്ണിമാഷ് തല്ലുമ്പൊ വേദനിച്ചാലും വേണ്ടില്യ.

Wednesday, August 5, 2009

കണ്ണ് ചോപ്പിയ്ക്കല്‍

“കുഞ്ഞേട്ടാ ആ മൂക്കത്ത് വെയ്ക്കണസാധനം എന്താ?” “പൂവ്വ് ന്നാ പറയ്യാ ന്നാ പേരാങ്ങല്ലൂര് വല്യേട്ടന്‍ പറഞ്ഞത്. എന്തോണ്ടാ ണ്ടാക്കണത് ന്ന് നിയ്ക്കും അറീല്യ.” “കണ്ണിലും ചൊകന്ന കളറ് തേയ്ക്ക്വോ ചോപ്പിയ്ക്കാന്‍?” “പൊട്ടാ കണ്ണില് ആരെങ്കിലും കളറ് തേയ്ക്ക്വോ. കണ്ണ് പൊട്ടിപ്പൊവ്വും” “അപ്പൊ പിന്നെ എങ്ങിന്യാ കണ്ണ് ചോപ്പിയ്ക്കണത്?” “ചുണ്ടപ്പൂവ്വോണ്ടാണത്രേ” "ചുണ്ടപ്പൂവ്വോണ്ടോ?” “ചുണ്ടപ്പൂവ്വ് കണ്ണില് ഇട്ടാ മതീത്രേ.” “കുഞ്ഞേട്ടാ കൃഷ്ണങ്കുട്ടീടെ അച്ഛന്‍ ല്യേ. ആളടെ കണ്ണ് എപ്പളും ചോന്നിട്ടാണലോ. കൊറേ ചുണ്ടപ്പൂവ്വ് വേണ്ട്യേരും അല്ലേ എപ്ലും ചോന്നിരിയ്ക്കാന്‍?” “അത് ചുണ്ടപ്പൂവ്വോണ്ടൊന്നും അല്ല. മൂക്കറ്റം കള്ളുകുടിച്ചിട്ടാ” “കുഞ്ഞോപ്പോഴേ. എന്നെ കണ്ടാ കള്ളുകുടിച്ച്ട്ട് ണ്ട് ന്ന് തൊന്നില്യേ.” “നെന്നെ കണ്ടാ പാലുംവെള്ളം കുടിച്ചിട്ട്ണ്ട് ന്നാതൊന്നണത്.” “അപ്പൊ കണ്ണ് ചോന്നിട്ടില്യേ? ഞാന്‍ ചുണ്ടപ്പൂവ്വ് കണ്ണില് ട്ടൂലോ” “കണ്ണും മൂക്കൊന്നും ചോന്നിട്ടില്യ. ഓരോവിഢിത്തം കാട്ടി നടന്നോ പഠിയ്ക്കാണ്ടെ” “ചുണ്ടപ്പൂവ്വ് കണ്ണില് കൊണ്ടില്ല്യ. അതേര്യ്ക്കോ ചോക്കാണ്ടിരിയ്ക്കാന്‍? കഥകളിക്കാര് എങ്ങനെ ആണാവോ പൂവ്വ് കണ്ണില് കൊള്ളിയ്ക്കണത്? ചെലപ്പൊ കുഞ്ഞേട്ടാന്‍ പൊളിപറഞ്ഞതാവും. കള്ളുകുടിച്ചിട്ടന്നെ ആവും അവരൊക്കെ കണ്ണ് ചോപ്പിയ്ക്കണത്. നിയ്ക്കും ഒരു ദിവസം കണ്ണ് ചോപ്പിയ്ക്കണം.

Wednesday, July 29, 2009

പേര്

അന്യേന്‍ ഒരു വിഢ്യന്നെ ആണ്. ആര്‍ക്കെങ്കിലും പേര് എടുത്തുകൊണ്ടവാന്‍ പറ്റ്വോ? അന്യേന്‍ അമ്മേടെ അന്യേത്തിടെ മകനാ. എന്നേക്കാളും ചെറ്യേ കുട്ട്യാ. ഞാന്‍ വല്യേ കുട്ട്യാ. നിയ്ക്ക് അങ്ങനത്തെ വിഢിത്തം ഒന്നും പറ്റില്യ. ഒരു ഏട്ടന്‍ ല്യേ? താടി ഒക്കെ വെച്ച്? (പേര് എന്താന്നറീല്യ. ചെലപ്പൊ ക്ഞ്ഞേട്ടന് നിശ്ചയണ്ടാവും.) രാവിലെ കാപ്പി കുടിയ്ക്കാന്‍ ഇരിയ്ക്കുമ്പൊ ആ ഏട്ടന്‍ അന്യേനോട് ചോദിച്ചു. “എന്താ പേര്?” അന്യേന്‍ താഴത്തയ്ക്ക് നോക്കി ഇര്ന്നേള്ളൂ. ഒന്നും പറഞ്ഞില്യ. “പേര് പറഞ്ഞില്യാ ച്ചാല്‍ മിട്ക്കന്‍റെ പേര് ഞാന്‍ ട്ക്കും.” അന്യേന്‍ അന്യേന്‍റെ അമ്മേ നോക്കി. “ പേര് പറഞ്ഞു കൊടുത്തേയ്ക്ക്” അമ്മപറഞ്ഞു “പേര് പറഞ്ഞില്യാ ച്ചാല് രാത്രി മിട്ക്കന്‍ ഒറഞ്ഞുമ്പൊ ഞാന്‍ പേര് ട്ക്കും’ അന്യേന്‍ അമ്മേടെ കാലിന്‍റെ എടേല്‍യ്ക്ക് മൊഖോം വെച്ച് കാലും കെട്ടിപ്പിടിച്ച് നിന്നു. “രാവിലെ നോക്യാ പേര് കാണ്ണ്ടാവില്യ. അത്രേ ള്ളൂ” ആ ഏട്ടന്‍ ഇതങ്ങ്ട് പറഞ്ഞപ്പഴയ്ക്കും അന്യേന്‍ ഒറക്കെ നെലോളി തൊടങ്ങി. അന്യേന് പേര് ആര്‍ക്കും എട്ക്കാന്‍ പറ്റില്യാന്ന് എന്നേപ്പോലെ അറീണ്ടാവില്യലോ

Wednesday, April 22, 2009

നോക്കുകുത്തി

പള്ള്യാലില് നോക്കുകുത്തി വയ്ക്കാണ്. വൈക്കോലോണ്ട് കയ്യും കാലും ഒക്കെ ണ്ടാക്കി. “എന്തിനാ നോക്കുകുത്തി വെയ്ക്കണത്?” ഞാന്‍ ചോദിച്ചു “ആള്‍ക്കാര് കണ്ണ് ഇടാതിരിയ്ക്കാന്‍” വേലായ്ധന്‍ പറഞ്ഞു “കണ്ണ് ഇട്ടാല്‍ എന്താണ്ടാവ്വാ?” “കായ്ക്കറി ഒക്കെ നശിച്ചു പോവ്വും” “അതിനെന്തിനാ നോക്കുത്ത്യേ വയ്ക്കണത്?” “ആള്‍ക്കാര് നോക്കുത്ത്യേ അല്ലേ നോക്കൂ? പച്ചക്കറി നോക്കില്യലോ. അപ്പൊ കായ്ക്കറ്യൊന്നും നശിയ്ക്കില്യ” “നോക്കുത്ത്യേ ആള്‍ക്കാര് നോക്ക്യാ നോക്കുത്തി നശിയ്ക്കില്യേ?” “ണ്ടാവും” “അമ്മേ നോക്കുത്തി പാവല്ലേ. നോക്കുത്ത്യേ തട്ടുമ്പൊറത്ത് കൊണ്ട് വെയ്ക്കട്ടേ? പിന്നെ ആരും നോക്കില്യലോ. അമ്മേ! കൊണ്ട് വെയ്ക്കട്ടേ?

Friday, April 10, 2009

വിഷുക്കേട്ടം

“സന്തോഷ് പറയാണ് സന്തോഷിന്‍റെ അമ്മാമന്‍ വിഷൂന് വല്യേ കമ്പിത്തിരീം ചക്രോം പൂവ്വും ഒക്കെ വാങ്ങിക്കോണ്ടോരുന്ന്. കമ്പിത്തിരി സന്തോഷിനേക്കാളും നീളം ണ്ടാവുത്ത്രേ. ചക്രം കാറിന്‍റെ ചക്രത്തിന്‍റെ വട്ടം ണ്ടാവും, പൂവ്വ് കത്തിച്ചാല്‍ സന്തോഷിന്‍റെ വീടിന്‍റെ മുമ്പില് ള്ള പാറ്റത്തെങ്ങില്യേ? അതിനേക്കാളും ഉയരം പോവ്വുത്രേ! സന്തോഷ് കുളൂസ് എളക്കണതാവും അല്ലേ കൃഷ്ണാ? അത്രവല്യേ കമ്പിത്തിരീം ചക്രോം പൂവ്വും ഒക്കെ ണ്ടാവ്വോ?” എനിയ്ക്ക് വിഷുക്കേട്ടം കിട്ട്യാല്‍ അത് ട്ത്ത് വെയ്ക്കും. ന്ന്ട്ട് വല്യേ കമ്പിത്തിരി വാങ്ങണം. കുഞ്ഞേട്ടന്‍ പറേണത് സൈക്കിള് വാങ്ങണം ന്നാ. കുഞ്ഞേട്ടന്‍ വല്യേ സൈക്കിളാവും വാങ്ങണത്. നിയ്ക്ക് ഓടിയ്ക്കാന്‍ പറ്റില്യ. ഞാന്‍ എന്‍റെ കാശ്‌ കൊട്‌ക്കില്യ. വിഷുക്കേട്ടം എത്ര കിട്ട്ണ്ടാവും? അച്ഛന്‍ പത്ത് ഉറുപ്യ തര്ണ്ടാവും. അച്ഛന്‍റെ അമ്മാമനും ചെലപ്പൊ ഒരു ഉറുപ്യ തരും. അപ്പൊ പതിനൊന്നുറുപ്യ ആയി. ഇപിന്നെ പ്പൊ ആരാ തര്-ആ? വേലായ്ധന് വിഷുക്കേട്ടം കിട്ടാറല്യാത്രേ. പാവം. എനിയ്ക്ക് കിട്ടണത് വേലായ്ധന് കൊട്ത്താലോ. അല്ലെങ്കില്‍ പകുതി കൊട്ക്കാം. അപ്പൊ നിയ്ക്ക് അഞ്ചു ഉറുപ്യ അമ്പത് പൈസേ ണ്ടാവുള്ളൂ. എന്നാല്‍ അച്ഛന്‍റെ അമ്മാമന്‍ തരണ ഒരു ഉറുപ്യ വേലായ്ധന് കൊട്ക്കാം. അച്ഛന്‍റെ അമ്മാമന്‍ തന്നില്യങ്കിലോ? എന്നാല്‍ താല്‍പ്പലിയ്ക്ക് വിസില് വാങ്ങ്യേന്‍റെ ബാക്കി അമ്മേടെ അട്ത്ത്ണ്ടലോ. അത്ന്ന് കൊട്ക്കാം

Tuesday, March 31, 2009

വെളിച്ചപ്പാട്

ഞാനാണ് വെളിച്ചപ്പാട്. കൃഷ്ണന്‍ കൊട്ടാനും. അമ്പലത്തിലെ കളം വരച്ച് പാട്ടിന് വെളിച്ചപ്പാടും കൊട്ടും ഒക്കെ ണ്ടാവും. കുറുപ്പ് അമ്പലത്തില് വരയ്ക്കണ കളം കാണാന്‍ നല്ല ഭങ്ഗിണ്ട്. കുറുപ്പ് കളം വരയ്ക്കണ പൊടി ട്ക്കായിരുന്നു. അമ്പലത്തില് ണ്ടാവും. അമ്പലം നമ്പീശന്‍ പൂട്ടീട്ടാവും പോയത്. “കളം വര്യ്ക്കാന്‍ പൊട്യൊന്നും ഇല്യലോ. അതോണ്ട് കോലോണ്ട് മണ്ണില് കളം വരച്ചാമതി അല്ലേ കൃഷ്ണാ” “വെളിച്ചപ്പാടിന് വാള് വേണ്ടേ. അതിന് പ്പൊ എന്താട്ക്കാ?” “മടാള് ട്ത്താ ചെറ്യേട്ടന്‍ കണ്ടാല്‍ ദേഷ്യപ്പെടും. മടക്കനത്തണ്ട് ട്ക്കാം.” “കൊട്ടാനോ” “പാല്‍പ്പൊടീടെ ടിന്ന്‍ ട്ക്കാം” “കടകടകടകടകടകടകടകടകട“ ഈ കൃഷണന് കൊട്ടാനും നിശ്ചല്യ. “കൃഷ്ണാ ഇത്ര വേഗം കൊട്ട്യാല്‍ വെളിച്ചെപ്പെടാന്‍ നിയ്ക്ക് പറ്റില്യ.” “ക.... ട.... ക.... ട.... ക.... ട....” “ഞാനില്ല്യ ഞാനില്ല്യ ശരിയ്ക്ക് കൊട്ടീട്ട്ല്യാച്ചാ ഞാന്‍ കളിയ്ക്കാല്യ. വേണ്ട ഇനി കൊട്ടണ്ട. കല്‍പ്പിച്ചാല്‍ മതി” “ഹഹ ഹഹ ഹീയ്യോ. ഞാന്‍ മുന്നിലും പിന്നിലും എടത്തും വലത്തും കാത്തോളാം. ന്നാ പ്പോരേ?” ഈ കൃഷണന്‍ മതീന്ന് പറേണും ല്യ. “ ഞാന്‍ ല്യാ കളിയ്ക്കാന്‍”

Friday, March 27, 2009

മുറുക്കാന്‍

അച്ഛനെ കാണാന്‍ എപ്പളും മുറുക്കിച്ചോപ്പിച്ച് നടക്കണ ആ ആള് വന്നിട്ടുണ്ട്. ഒരേട്ടനാന്നാണ് കുഞ്ഞേട്ടന്‍ പറഞ്ഞത്. നിയ്ക്ക് ഇഷ്ടല്ല. “വെള്ളം ട്ത്ത് കൊണ്ടാ” “ചായണ്ടാക്കാന്‍ അമ്മോട് പറഞ്ഞു വാ” അങ്ങനെ വല്യേ അധികാരാ വന്നാപ്പിന്നെ. കണ്ണടടെ മോളില്‍ക്കൂടി ങ്ങനെ നോക്കും ചെയ്യും. മിഠായ്യോ ബിസ്ക്കറ്റോ ഒന്നും കൊണ്ടോരുല്യ. എന്തിനാ ഇങ്ങനത്തെ ആള്‍ക്കാര് അച്ഛനെ കാണാന്‍ വരണത്? കുഞ്ഞേട്ടനോട് ചോദിയ്ക്കാത്രേ “എന്താ കയ്യിലെ നഖം വെട്ടാത്തത്?” ന്ന്. കുഞ്ഞേട്ടനും വല്യേ ഇഷ്ടൊന്നും ഇല്യ. ആ ഏട്ടന്‍ ഉണ്ണാന്‍ പോയപ്പൊ ഞാനും കുഞ്ഞേട്ടനും കൂടി ഒരു പണിപറ്റിച്ചു. മുറുക്കാന്‍ ചെല്ലത്തിലെ വെറ്റില ട്ത്ത് പകരം കുരുമൊളകിന്‍റെ തളിരു വെച്ചു. ചുണ്ണാമ്പിന്‍റെ അടപ്പനിലെ ചുണ്ണാമ്പൊക്കെ മാറ്റി അരിപ്പൊടി കൊഴച്ച് അതിലാക്കി. ന്ന്ട്ട് ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിച്ചിട്ടില്യേ അതിന്‍റെ അപ്രത്ത് ഒളിച്ചിരുന്നു. അവിടെനിന്ന് നോക്കിയാല്‍ പൂമോത്ത് നടക്കണത് ശരിയ്ക്കും കാണാന്‍ പറ്റും. ആ ഏട്ടന്‍ ഊണുകഴിഞ്ഞുവന്ന് വേഗം മുറുക്കണ്ട താമസം തുപ്പി. “ഹൈഈഃ ഇത് വെറ്റിലേം ചുണ്ണാമ്പും ഒന്നും അല്ല.” അച്ഛന്‍ ഒറക്കെ ചിരിച്ചു. ചെലപ്പൊ ഇന്ന് അടികിട്ടില്യ. അച്ഛനും ആ ഏട്ടനെ ഇഷ്ടല്ലേരിയ്ക്കും

Sunday, March 15, 2009

വിമാനം

ഭാസ്കരേട്ടന്‍ ഇനി എന്നാ വര്ണത് ആവോ? വിമാനം ണ്ടാക്കാന്‍ പഠിയ്ക്കണം. ന്നാള് വന്നപ്പൊ ണ്ടാക്ക്യേ വിമാനം കുഞ്ഞേട്ടന്‍ പറത്യപ്പൊ പെരപ്പൊറത്തു പോയി ഇരുന്നു. മാങ്ങപൊട്ടിയ്ക്കണ തോട്ട്യോ‍ണ്ട് എത്ര ട്ക്കാന്‍ നോക്കീട്ടും കിട്ടീല്യ. അപ്പളയ്ക്കും മഴേം വന്നു. നനഞ്ഞു കേടു വന്നു. ശരിയ്ക്ക് ള്ള വിമാനം മഴകൊണ്ടാ കേട് വര്ണ്ടാവ്വോ? വിമാനത്തിന് മഴവരുമ്പൊ മഴക്കാറിന്‍റെ മേലെ പോയിപറക്കാന്‍ പറ്റ്ണ്ടാവും. അപ്പൊ പിന്നെ കേട് വരില്യ. “വല്യേട്ടാ ഭാസ്കരേട്ടന്‍ ഇനി എന്നാ വര്ണ്ടാവ്വാ?” “ഭസ്കരേട്ടന്‍ ഇനി വരില്യ.” “എന്താ ഭസ്കരേട്ടന്‍ നമ്മളായിട്ട് മിണ്ടില്യേ?” “അതൊക്കെ പിന്നെ പറഞ്ഞ് തരാം. ഇപ്പൊ കൊറച്ച് തെരക്ക് ണ്ട്” “ശരിയ്ക്കും തെറ്റ്യോ?” “അങ്ങ്ട് പോ. ഇപ്പൊ തെരക്ക് ണ്ട് ന്ന് പറഞ്ഞില്യേ” “അമ്മേ ഭാസ്കരേട്ടന്‍ നമ്മളോട് തെറ്റീട്ടാ വരാതിരിയ്ക്കണത്?” “അല്ല. മരിച്ചു. പാവം നല്ല മിട്ക്കനായിരുന്നു.” “മരിച്ചാല്‍ ഈശ്വരന്‍റെ അവടയ്ക്കാ പോവ്വാന്ന് ദേവക്യമ്മ പറഞ്ഞൂലോ. അമ്മേ എവടയാ ഈശ്വരന്‍റെ വീട്? അമ്പലാ?” “അമ്പലോം ഈശ്വരന്‍റെ വീട് തന്നെ ആണ്. പക്ഷേ ഭാസകരേട്ടനെ അവടയ്ക്കാവില്യ കൊണ്ടോയത്. സ്വര്‍ഗ്ഗത്തില്‍ക്ക് ആവും.” “അപ്പൊ ഈശ്വരന് കൊറേ വീടുണ്ടോ? എവടയാ അമ്മേ സ്വര്‍ഗ്ഗം?” “ആകാശത്തില്“ “മഴക്കാറിന്‍റെ ഒക്കെ മോളിലാവ്വോ?” “ഉം“ സ്വര്‍ഗ്ഗത്തില് മഴപെയ്യല് ണ്ടാവില്യ. എന്നാ പിന്നെ ഇനി ഭാസ്കരേട്ടന്‍ ണ്ടാക്കണ വിമാനം ഒന്നും നനഞ്ഞ് കേട് വരില്യ. സ്വര്‍ഗ്ഗത്തിലെ കുട്ട്യോള്‍ക്ക് ഒക്കെ നല്ല സുഖാവും

Friday, March 13, 2009

സ്വപ്നം

“കുഞ്ഞേട്ടാ ഇന്നലെ നമ്മള് രണ്ടാളും കൂടി ഒരു സ്വപ്നം കണ്ടില്യേ?” “ഞാനൊന്നും കണ്ടിട്ടില്യ” “കുഞ്ഞേട്ടന്‍ പൊളിപറ്യ്യാ. നമ്മള് രണ്ടാളും കൂടി ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് ങ്ങനെ ഒഴ്കണ പോലെ പറന്ന് വന്നപ്പൊ കുഞ്ഞേട്ടനും ണ്ടാര്‍ന്നൂലോ” “നെണക്കെന്താ പ്രാന്ത് ണ്ടോ? സ്വപ്നം രണ്ടാള്‍ക്കും കൂടി കാണാന്‍ പറ്റില്യ.” അപ്പൊ കുഞ്ഞേട്ടന്‍ പറേണപോലെ രണ്ടാളും കൂടി സ്വപ്നം കാണാന്‍ പറ്റില്യാച്ചാ ഞാനൊറ്റയ്ക്കാവ്വോ ചെളമ്പ്രം കുന്നിന്‍റെ മോള്‍ലിയ്ക്ക് പോയത്? അത്ര ധൈര്യം നിയ്ക്ക് ണ്ടോ? ചെളമ്പ്രം കുന്നിന്‍റെ മോള്‍ല് പോയപ്പോ നായക്കോട്ടേല് പോയിനോക്കാര്‍ന്നു കൃഷ്ണന്‍ കുട്ടി കണ്ട നായ പ്പളും അവടെ ണ്ടോന്ന്. ഇനി സ്വപ്നം കാണുമ്പൊ നോക്കണം. “എന്താ ഇപ്പൊ കെടന്നൊറങ്ങാന്‍ പൊവ്വാ?” അമ്മ തലേല് തലോടി കൊണ്ട് ചോദിച്ചു. അമ്മ തലേല് ങ്ങനെ തലോടണത് എനിയ്ക്ക് വല്യേ ഇഷ്ടാ. “നിയ്ക്ക് നായക്കോട്ടേല് പോണം.” “അതിനെന്തിനാ കെടന്നൊറങ്ങണത്?” “ഇന്നലെ കണ്ട സ്വപ്നം കാണണം. ഇന്നലെ കണ്ട സ്വപ്നത്തില്‍ ചെളമ്പ്രം കുന്നിന്‍റെ മോളില്‍ പോയപ്പൊ നായക്കോട്ടേല് പോയില്യ.”

Wednesday, March 11, 2009

പ്രാന്തന്‍

“കുഞ്ഞോപ്പോളേ! നാറാണത്ത് ഭ്രാന്തന്‍ ഭഗോത്യെ കണ്ടൂത്രേ. ഊഞ്ഞാലാടിങ്കൊണ്ട് ഇരിയ്ക്കണ ഭഗൊത്യാത്രേ കണ്ടത്. ഭഗോ‍തീടെ കാലിന്‍റെ അടയാളാത്രേ മലേല് കാണണാ ആകു ഴികള്. രയല്ലൂര് മലേല്‍യ്ക്ക് പോവ്വുമ്പോ പാഞ്ച്വോമ്മ പറഞ്ഞതാ ഇതൊക്കെ. എന്തിനാണാവോ ഭഗോതി മലേടെ മോളില് ഊഞ്ഞാലാടണ്? ചെലപ്പൊ പാഞ്ച്വോ‍മ്മ പൊളി പറയ്യാവും. പൊള്യന്നെ ആവും. മലേലെ പാറേടെ മോളില് ഞാനും ചവിട്ടി നോക്കീലോ. പാടൊന്നും ണ്ടായില്യ. കാല് വേദനിയ്ക്ക മാത്രേ ണ്ടായിള്ളൂ. പാഞ്ച്വോമ്മ പൊളിപറയ്യന്നെ ആവും.” “നീയ്യ് ഭഗോത്യേ കണ്ട്വോ മലേല്?” “ഇല്യ. ഓപ്പോള് കണ്ട്ണ്ടോ ഭഗ്യോത്യേ.?” “അതിന് ഞാന്‍ നാറാണത്ത് ഭ്രാന്തനൊന്നും അല്ലലോ.” “ആരാ ഈ നാറണത്ത് ഭ്രാന്തന്‍?” “അറീല്യേ. രാവിലെ മുതല് മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടിക്കേറ്റും ന്ന്ട്ട് സന്ധ്യ ആവുമ്പ്ലയ്ക്കും മോളിലെത്തും. മോളിലെത്യാ കല്ല് തഴത്തയ്ക്ക് ഉരുട്ടി കയ്യ് കൊട്ടി ചിരിയ്ക്കും. അങ്ങനളളളാ നാറാണത്ത് ഭ്രാന്തന്‍.” ഞാനും കല്ല് താഴത്തയ്ക്ക് എറിഞ്ഞതാണലോ. ന്ന്ട്ടെന്താ ഭഗൊത്യേ കാണ്ണാന്‍ പറ്റാത്തത്? കല്ല് താഴത്ത്ന്ന് ഉരുട്ടികേറ്റാഞ്ഞിട്ടാവ്വോ? അതൊ സന്ധ്യവാഞ്ഞിട്ടോ? ഏതായാലും നിയ്ക്കും ഭഗൊത്യേ കാണണം. മലേടെ മോളില്‍യ്ക്ക് കല്ലുരുട്ടി കേറ്റണം. സന്ധ്യയ്ക്ക് താഴത്തയ്ക്ക് ഉരുട്ടണം. പക്ഷേ സന്ധ്യായാ പേട്യാവ്വോ? ഞാന്‍ വല്തായ്യാ മലേല് പോയി കല്ലുരുട്ടും. ഭഗോത്യേ കാണും. പക്ഷേ ആള്‍ക്കാര് എന്നെ ഭ്രാന്തന്‍ ന്ന് വിളിയ്ക്ക്വോ?

Monday, January 5, 2009

പേന്‍

മൂവ്വാണ്ടന്‍ മാവിന്‍റെ ചെനച്ച മാങ്ങ പൂമോത്ത് പൊട്ടിച്ചു വെച്ചിട്ടുണ്ട്. ഓപ്പോളടെ അവടയ്ക്ക് കൊണ്ടോവാനാ. കൃഷ്ണ്ണന്‍ കുട്ടി വലത്തോട്ട്യോണ്ടാ ഈ മാങ്ങ ഒക്കെ പൊട്ടിച്ചത്. നാരേണമ്മാഷ് വന്നാല്‍ യോഗം കൂട്ടി കൊണ്ടുവരാന്‍ പറയും. മാങ്ങതിന്നാനാണ്.യോഗം എന്താന്ന് അറിയ്യോ? ചൊവന്ന മൊളക് കണലില് ചുട്ട് ഉപ്പും കൂട്ടി ഒടച്ച് വെളിച്ചെണ്ണേം കൂട്ടീതാണ് യോഗം. എനിയ്ക്ക് അതിന്‍റെ സ്വാദ് ഇഷ്ടാ. പക്ഷേ ഭയങ്കര എര്യാവും. കൂട്ട്യാ കണ്ണ്ന്നും മൂക്ക്ന്നും ഒക്കെ വെള്ളം വരും. ന്നാലും എണ്ണമാത്രം ഒപ്പി കഴിച്ചാല്‍ അത്ര കൊഴപ്പല്യ. മൂവ്വാണ്ടന്‍ മാവിമ്പില് നെറച്ചും പുളിറ്മ്പാ. കൃഷ്ണങ്കുട്ട്യേ കടിച്ചു പൊളിച്ചൂത്രേ. മാങ്ങതിന്നാനാവ്വോ ഇറ്മ്പോള് മാവിന്‍റെ മോളില് കേറിരിയ്ക്കണത്? അല്ലാണ്ടെ എന്താ കിട്ടണത് മാവില്? ഇറുമ്പോള്‍ക്കും യോഗം വേണോണാവോ. യോഗം കൂട്ട്യാല്‍ ഇറുമ്പോളടെ കള്യൊക്കെ നില്‍ക്കും. ഇറുമ്പോള് മാവിനെ കടിയ്ക്കണ്ടാവ്വോ?. ണ്ടാവും. എന്‍റെ തലേല് ള്ള പേന്കള് എന്നെ കടിയ്ക്കാറ്ണ്ടലോ. യോഗം കൂട്ടി തലേല് തേച്ചാലോ? പേനിന്‍റെ കടിയ്ക്കൊലൊക്കെ നില്‍ക്കും. അമ്മകാണാതെ മൊളക് ചുട്ടെടുത്തു. കലോറേന്ന് വെളിച്ചെണ്ണേം ഉപ്പും എടുത്തു. എനി യോഗം കൂട്ടി തലേല് തേയ്ക്കണം. പേനോള്‍ടെ കണ്ണും മൂക്കും ഒക്കെ നീറും. പിന്നെ എന്നെ കടിയ്ക്കില്യ. എന്‍റെ കരച്ചില് കേട്ടിട്ട് ഓടിവന്ന ദേവക്യമ്മോട് കുളിപ്പിയ്ക്ക്മ്പൊ ചോദിച്ചു. “ദേവക്യമ്മേ പേനിന്‍റെ ഒക്കെ കണ്ണിലും മൂക്കിലും ഒക്കെ ഇപ്പൊ നീറ്ണ്ടാവ്വോ?”

Sunday, January 4, 2009

ചുള്ളിക്കൊമ്പ്

അമ്മേടെ കണ്ണ് വല്ലാതെ കല‍ങ്ങീട്ട്ണ്ട്. പച്ച വെറകല്ലേ കത്തിയ്ക്കാന്‍. എന്താ അഛന് നല്ല വെറക് വെട്ടിച്ചു കൊടുത്താല്‍? അല്ലെങ്കില്‍ ഞാന്‍ തന്നെ ഒണങ്ങ്യേ വെറക് വെട്ടിക്കൊടുക്കാം. വട്ക്ക്വോറത്ത്ണ്ട് മഴു. ഏതു മരാ മുറിയ്ക്കാ? തൊഴ്ത്ത്ന്‍റെ അടുത്ത് ള്ള കെണറിന്‍റെ അടുത്ത് ഒരുമരം ഒണങ്ങിനില്‍ക്ക്ണ് ണ്ട്. അതു മുറിയ്ക്കാം. ഔ! എന്തൊരുകനാ മഴൂന്? വെട്ട്കാരന്‍ ഉണ്ണ്യൊക്കെ എങ്ങനാണാവോ ഇത്ര വല്യേ മഴ്വോണ്ട് മരം വെട്ടണത്. അല്ലെങ്കില്‍ മഴുവേണ്ട. മടാള് മതി. പൂമോത്ത് എറേത്ത് വേലായ്ധന്‍റെ നല്ല മൂര്‍ച്ചള്ള മടാള് തിര്കിവെച്ചിട്ട്ണ്ടാവും. “എന്തിനാ മടാള് ട്ക്കണത് കയ്യ് മുറിയ്ക്കാന്‍? ട്ക്കണ്ട.” അച്ഛനാണ്. അച്ഛന്‍ അമ്മയ്ക്ക് ഒണങ്ങ്യേ വെറക് ണ്ടാക്കിച്ച്കൊടുക്കൂല്യ. ണ്ടാക്കാനോട്ട് സമ്മതിയ്ക്കൂല്യ. ഒരുകാര്യം ചെയ്യാം. വീണ് കെടക്കണ ചുള്ളിക്കൊമ്പൊക്കെ അമ്മയ്ക്ക് കൊണ്ട്കൊട്ക്കാം. സര്‍ക്കസ്സ് മാവിന്‍റെ താഴത്തും ചെന്ത്രക്കാരന്‍ മാവിന്‍റെ താഴത്തും ഒക്കെ ണ്ടാവും. “എന്താ കാക്കേ കൂട് ണ്ടാക്കാനാ ചുള്ളിക്കൊമ്പ്?” കുഞ്ഞേട്ടനാണ്. “കുഞ്ഞേട്ടനാ കാക്ക.” എത്ര ബുദ്ധിമുട്ടീട്ടാ ഇത്ര വെറക് ണ്ടാക്കീത്. ന്ന്ട്ട് കാക്കക്കൂട് ണ്ടാക്കാനാത്രേ. “അമ്മേ ഈ കുഞ്ഞേട്ടന്‍ കള്യാക്കാ” “എന്തിനാ അതിനെ കള്യാക്കണത്?” അമ്മ കുഞ്ഞേട്ടനോട് ചോദിച്ചു. “അണ്ണാറക്കണ്ണനും തന്നാലായത് ന്ന് കേട്ടിട്ട്ല്യേ?” അപ്പളാ ശരിയ്ക്കും നെലോളി വന്നത്.

Saturday, August 30, 2008

കുളത്തില്‍ ചാടല്‍

കുഞ്ഞേട്ടന്‍ കൂപ്പിന്‍റെ മോള്ന്ന് കൊളത്തില്യ്ക്ക് ചാടുമ്പോ തലകുത്തീട്ടാ ചാടണത്. ഓടി ചെന്ന്ട്ട് തൊഴണപോലെ കയ്യ് തലേടെ മീതെ പിടിച്ച് “ച്ലും“ ന്നങ്ങ്ട് ചാടും. പിന്നെ കൊറേ ദൂരത്ത് പോയിട്ടേ പൊന്തൂ. അതുവരെ മുങ്ങാങ്കൂ‍ളിടും. “കുഞ്ഞേട്ടാ കൂപ്പിനേ...ക്കാളും ഉയരത്ത്ന്ന് ചാടാന്‍ പറ്റ്വോ?” “ന്താ പറ്റാണ്ടെ?” “സര്‍ക്കസ്സ് മാവിന്‍റെ മോ....ള്‍ത്തെ കൊമ്പിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” “വട്ക്ക്വോറത്ത് നില്‍ക്കണ പാറ്റത്തെങ്ങിന്‍റെ അത്ര ഉയരത്ത്ന്ന്? “പറ്റും” “ആകാശത്തിന്‍റെ അത്ര ഉയരത്ത്ന്ന്?” “പറ്റും” നിയ്ക്കും അങ്ങനെ ചാടണന്നൊക്കെ ണ്ട്. കുഞ്ഞേട്ടന് അക്കര വരെ കൂളിടാന്‍ പറ്റ്വോ?” “അതൊക്കെ നിയ്ക്ക് ഈസ്യാ” “അമ്പലക്കൊളത്തിന്‍റെ ഇക്കരേന്ന് അക്കരവരെ?” “നൂറുപ്രാവശ്യം” “കൊപ്പത്തയ്ക്ക് ള്ളത്ര ദൂരം” “പറ്റും“ സിന്ധിപ്പയ്യ് പെറ്റിട്ട് വേണം എല്ലാ ദിവസോം പാല് കുടിയ്ക്കാന്‍. ന്ന്ട്ട് കുഞ്ഞേട്ടനേ പ്പോലെ വല്താവണം. എന്നിട്ട് വേണം കൂപ്പിന്‍റെ മോള്‍ന്ന് ചാടാന്‍. ഒരു പറ പാല് കുടിയ്ക്കണം. അപ്പൊ ആകാശത്തിന്‍റേം മോള്‍ന്ന് ചാടാന്‍ പറ്റും.

Monday, August 18, 2008

കുട്ടിപ്പെര

“അമ്മേ! അമ്മേ! ഞാന്‍ കൃഷ്ണന്‍റെ ഒപ്പം എനി കളിയ്ക്ക്ണേ ... ല്യ” “എന്താപ്പോ?” “എപ്പളും കൃഷ്ണനന്നെ വേണച്ചാലോ? കുട്ടിപ്പെര വെച്ചു കളിയ്ക്കുമ്പൊ കൃഷ്ണന് എപ്പളും അച്ഛനാവണം. എന്നെ അച്ഛനാവാന്‍ സമ്മതിയ്ക്കേ ല്യ. ഞാന്‍ കളിയ്ക്കാന്‍ ല്യ കൃഷ്ണന്‍റെ ഒപ്പം.” തട്ടുമ്പൊറത്ത് കൃഷ്ണന്‍ കണാതെ കുട്ടിപ്പെര ണ്ടാക്കണം. ന്ന്ട്ട് ഞാനച്ഛനാവും. അപ്പൊ ആരാ കുട്ട്യാവ്വാ? ദേവക്യമ്മോട് പറയാം. എന്തോണ്ടാ കുട്ടിപ്പെര ണ്ടാക്ക്‌ആ? വല്യോപ്പോള്ടെ സാരിട്ത്താലോ? “എന്തിനേ സാരി ഒക്കെ കേടുവരുത്ത്യേ? ഒക്കെ ചള്യാക്കി. എനി എന്താ സ്ക്കൂളില്യ്ക്ക് പോവുമ്പോ ചുറ്റ്‌ആ?” വല്യോപ്പോള് സ്ക്കൂള്ന്ന് വന്നപ്പൊ ചോദിച്ചു. എനി ഇപ്പൊ എന്താ ചെയ്യാ? “ഓപ്പോളേ പട്ടാമ്പീല് സാമിടെ പീടികേലെ ആ പൂവ്വുള്ള സാരി വങ്ങിത്തരാം ട്ടോ.” “എപ്പ്ഴാ വാങ്ങിത്തരണത്?” “ഞാന്‍ വല്തായിട്ട് കാശ്ണ്ടായിട്ട് വങ്ങിത്തരാട്ടോ.” “അപ്പ്ഴയ്ക്കും അതൊക്കെ കേട് വര് ല്യേ?” സാരി കേട് വര്വോ? അവ്ടേം കുട്ട്യോള്‍ സാര്യോണ്ട് കുട്ടിപ്പെരണ്ടാക്കിച്ചാ കേട്‌ വര്ണ്ടാവും.

Sunday, August 17, 2008

വക്കീല്

“വക്കീലേ! വക്കീലേ! അമ്മിഞ്ഞ കുടിയ്ക്കടാ വക്കീലേ ചാടിക്കളിയ്ക്കടാ വക്കീലേ ശുണ്ഠിയെടുക്കടാ വക്കീലേ” കുഞ്ഞേട്ടന്‍ വെറുതെ കള്യാക്കാണ്. കുഞ്ഞോപ്പോളാ ഇപ്പൊ ഇതു പറഞ്ഞുണ്ടാക്കീത്. ഞാന്‍ വര്‍ത്തമാനം പറയാന്‍ തൊടങ്ങ്യപ്പൊ എന്നോടു ചോദിച്ചൂത്രേ “നീയ്യ് വല്തായ്യാ ആരാ ആവ്വാ?” “വക്കീല്” “വക്കീലായിട്ട് എന്താചെയ്യാ?” “കാറുമേടിയ്ക്കും” “കാറ് മേടിച്ചിട്ടെന്താ ചെയ്യാ?” “അമ്മേം കൊണ്ട് പട്ടാമ്പിയ്ക്ക് പോവ്വ്വും” “പട്ടാമ്പിയ്ക്ക് പോയിട്ടെന്താ ചെയ്യാ? “അമ്മിഞ്ഞെങ്ങ്ട് കുടിച്ചും” ആ‍ കാര്യം പറഞ്ഞത് കേട്ടിട്ടാ കുഞ്ഞേട്ടന്‍ കള്യാക്കണത്. കുഞ്ഞേട്ടനും കുട്ടിക്കാലത്ത് വിഢിത്തങ്ങള് പറഞ്ഞിട്ട് ണ്ടാവും. ആരോടാ ചോദിയ്ക്കാ? കുഞ്ഞോപ്പോളോടന്നെ ചോദിയ്ക്കാം. ന്ന്ട്ട് വേണം കുഞ്ഞേട്ടനേം കള്യാക്കാന്‍

Thursday, August 14, 2008

ഉള്ളിവാസന

“വല്യേട്ടാ കഥ പറയൂ” “ഒരു ദിയ്ക്കില് മിട്ക്കന്‍ മിട്ക്കനായി ഒരു മിടുക്കന്‍ ഉണ്ടായിരുന്നു.” “ആ കഥ വേണ്ട” ഞാന്‍ കുഞ്ഞ്യേ കുട്ട്യാവുമ്പൊ ണ്ടായ്യേ വല്ല കഥേം തന്നെ ആവും വല്യേട്ടന്‍ പറയ്യാ. “അല്ല. ഇതു വേറെ കഥ ആണ്.” “ന്നാ പറയൂ.” “ഒരു ദിയ്ക്കില് മിട്ക്കന്‍ മിട്ക്കനായി ഒരു മിടുക്കന്‍ ഉണ്ടായിരുന്നു. ആ മിട്ക്കനും കുഞ്ഞേട്ടനും കൂടി അട്ക്കളേ ചെന്നപ്പൊ” ഞാന്‍ പറഞ്ഞില്യേ എന്‍റെ കഥെന്നെ ആവുന്ന്. “ഈ കഥ വേണ്ട. വേറെ” ഇതു കഴിഞ്ഞിട്ട് വേറെ കഥ പറയാം. ആ മിട്ക്കനും കുഞ്ഞേട്ടനും കൂടി അട്ക്കളേ ചെന്നപ്പൊ ഒരു വാസന വന്നു. അപ്പൊ കുഞ്ഞേട്ടന്‍ പറഞ്ഞു “നിയ്ക്ക് നല്ല ഉള്ളി വാസന കിട്ടി. നിണക്ക് കിട്ട്യോ?” അപ്പൊ ആമിടുക്കന്‍ ഒറക്കെ കരയാന്‍ തുടങ്ങി. അമ്മ ചോദിച്ചു “എന്തിനാ കരേണത്?“ “കുഞ്ഞേട്ടന് ഉള്ളിവാസന കിട്ടി. നിയ്ക്ക് കിട്ടീല്യോ....... നിയ്ക്കും ഉള്ളിവാസന വേണോ.... ഹ്ങീ..... ഹ്ങീ....” അപ്പൊ കുഞ്ഞേട്ടന്‍ ചോദിച്ചു. “പൊട്ടാ! ഉള്ളിവാസന ന്ന് വെച്ചാല്‍ എന്താന്ന് അറിയ്യ്യോ നെണക്ക്?” ആ മിടുക്കന്‍ തല ആട്ടി ഇല്യ. “ന്നാലും നിയ്ക്ക് ഉള്ളി വാസന വേണോ‍.... ഹ്ങീ.... ഹ്ങീ....”

Saturday, August 9, 2008

ചിത്രം

“വല്യേട്ടാ! ഞാനുണ്ടും തണ്ടുണ്ടും പിന്നാലെ ന്ന് പറഞ്ഞ് കൃഷ്ണന്‍റെ പിന്നാലെ നടന്നാല്‍ മാവ് മാങ്ങവീഴ്ത്തിത്തര്വോ?” "അറീല്യ” വല്യേട്ടന്‍ പേപ്പറ് വായിയ്ക്കാ. പേപ്പറ് വായിയ്ക്കുമ്പൊ ചോദിച്ചാല്‍ ഇങ്ങനേ പറയൂ. വല്യേട്ടനും അച്ഛനും ചെറ്യേട്ടനും ഒക്കെ വല്യേ പേപ്പറ് വായനക്കാരാ. എനിയ്ക്ക് പേപ്പറ് അത്ര ഇഷ്ടൊന്നും അല്ല. വല്യേട്ടന്‍ വാങ്ങിക്കൊണ്ടോന്ന കോഴിക്കുഞ്ഞ് ഞാനും ഞാനും എന്നു പറേണ പുസ്തകം ല്യേ? അതാ ഇഷ്ടം. അതിലെ ചിത്രങ്ങളും നല്ല രസണ്ട്. ആ പുസ്തകം ണ്ടാക്ക്യേ ആള് ഒരുകയ്യോണ്ട് എഴുതലും ഒരു കയ്യോണ്ട് ചിത്രം വരയ്ക്കേം ഒപ്പം ചെയ്യൂത്രേ. എനിയ്ക്കും ചിത്രം വരയ്ക്കണം. ആനേടെ ചിത്രം വരയ്ക്കാം. അതിന് കറത്ത ചായം മതീലോ. കരിക്കട്ട മതി. പടിഞ്ഞാറുപുറത്തെ ചുമരില്‍ വരയ്ക്കാം. പിന്നെ പൂമോത്തെ ചുമരിന്‍ ന്മേലും നല്ല ചിത്രം വരയ്ക്കണം. “ആരാ ചൊമിരിലൊക്കെ കുത്തിവരച്ചത്?” അച്ഛന്‍ വന്നു. ചിത്രം വരച്ചത് കണ്ടൂ ന്നാ തോന്നണത്. നല്ലോണം ശുണ്ഠി ട്ത്ത്ട്ട്ണ്ട് ന്നാ തോന്നണത്. അടി കിട്ട്വോ? അമ്മേടെഅടുത്തയ്ക്ക് ഓടി. അമ്മ പറഞ്ഞു. “അങ്ങ്ട് ചെന്നോ. എന്നാല്‍ കുറച്ചേ ണ്ടാവുള്ളൂ. ചെന്നില്യാ ച്ചാല്‍ പിന്നെ നിര്‍ത്തല് ണ്ടാവില്യ.” “സാരല്യ.”അമ്മ തണര്‍‍ത്ത തൊട തലോടുമ്പളാ അധികം സങ്കടം. “ദാ! ആദ്യേം വിളിയ്ക്ക്ണു. ചെന്നോ. ല്യാച്ചാ പിന്നെ അതിനാവും.“ ചെന്നപ്പൊ അച്ഛന്‍ പറഞ്ഞു.“കുഞ്ഞേട്ടനും കുഞ്ഞോപ്പോളും ഒക്കെ കൂടി സിനിമയ്ക്ക് പൊയ്ക്കോ. ചെറ്യേട്ടനോട് കൊണ്ടോവാന്‍ പറഞ്ഞോ.” കുഞ്ഞോപ്പോളോട് സിനിമയ്ക്ക് പോവ്വന്‍ അച്ഛന്‍ സമ്മതിച്ചൂ ന്ന് പറഞ്ഞപ്പൊ കുഞ്ഞോപ്പോള് തിരിഞ്ഞിരുന്നു . “നെന്‍റെ തൊടയ്ക്ക് അടികിട്ട്യെ ചെലവില് നിയ്ക്ക് സിനിമകാണണ്ട.” നിയ്ക്കല്ലേ അടി കിട്ട്യേ? ഓപ്പോള് എന്തിനാ സങ്കടപ്പെടണത്? അടികിട്ടണേക്കാളും സങ്കടാ ഇങ്ങനെ ആയാല്‍

Tuesday, August 5, 2008

സര്‍ക്കസ്സ്മാവ്

അമ്മേടെ അന്യേത്തി വന്നിട്ടുണ്ട്. കൂടെ ഏട്ടമ്മാരും ഉണ്ട്. ഒരു ചെറ്യേ അന്യേനും. ഇനി നല്ല രസാവും. സര്‍ക്കസ്സ് മാവിമ്മില് കേറലും കൊളത്തില്‍ ചാടലും. കുഞ്ഞേട്ടന് സര്‍ക്കസ്സ്മാവിന്‍റെ ഏറ്റവും ഏറ്റവും മുകളിലത്തെ കൊമ്പിന്‍റെ അതു വരെ പൂവ്വാന്‍ പറ്റും. എനിയ്ക്ക് താഴത്തെ കൊമ്പു വരേ കയറാന്‍ പറ്റൂ. ഞാനും വലുതായ്യാല്‍ കുഞ്ഞേട്ടനേക്കാളും മീതെ പോവ്വും. വന്ന ഏട്ടന്മാരൊക്കെ എത്ര വേഗാ കേറണത്? അന്യേന്‍ മത്രം നിലത്ത് നിന്ന് കരയ്യാ. എന്‍റെ അത്രേം കൂടി കയറാന്‍ വയ്യ. “അന്യാ കരേണ്ട. എന്നെപ്പോലെ വലുതായ്യാ കേറാന്‍ പറ്റും ട്ടോ. അന്യേന്‍ ചെറ്യേകുട്ട്യല്ലേ? അല്ലെങ്കില്‍ ഏട്ടന്‍‍ കേറ്റിവെച്ചു തരാട്ടോ” ഞാന്‍ അന്യേനെ എടുക്കാന്‍ തുടങ്ങീല്യ അതിന്‍റെ മുമ്പെ കുഞ്ഞേട്ടന്‍ മുകളില്‍ നിന്നു വിളിച്ചു പറയ്യാ “നീയ്യ് കേറ്റണ്ട. നെണക്ക് പറ്റില്യാ” . “ഞാന്‍ അന്യേനേക്കാളും വല്യേ ആളാ. എനിയ്ക്കു പറ്റും.” കേറ്റാന്‍ നോക്ക്യപ്പളയ്ക്കും അന്യേന്‍ വീണു. നെലോളിച്ചു തുടങ്ങി. കുഞ്ഞേട്ടന്‍ വേഗം ഇറങ്ങി വന്ന് എന്‍റെ ചെവി പിടിച്ച് തിരിച്ചു. നിയ്ക്ക് വല്ലാണ്ടെ വേദനിച്ചു. നെലോളിവന്നു. എന്‍റെ കുറ്റമൊന്നും അല്ല. അന്യേന് കേറാന്‍ നിശ്ചല്യാഞ്ഞിട്ടാ . അല്ലെങ്കിലും വേറെ വല്ലോരും വന്നാല്‍ പിന്നെ കുഞ്ഞേട്ടന് എന്നോട് വല്യേ ദേഷ്യാ. കുഞ്ഞേട്ടനോട് മിണ്ടില്യ. ഏട്ടമ്മാരോടും മിണ്ടില്യ. അന്യേന്‍ കാരണം അല്ലേ ഇതൊക്കെ? അന്യേനോടും മിണ്ടില്യ. സര്‍ക്കസ്സ്മാവിനോടോ? സര്‍ക്കസ്സ്മാവിന്‍റെ കുറ്റം ഒന്നും അല്ല. സര്‍ക്കസ്സ്മാവിനോടു മാത്രേ മിണ്ടൂ.

Sunday, August 3, 2008

കിളിക്കൂട്

അമ്പലക്കൊളത്തിന്‍റെ അപ്പറത്തു ഉള്ള തെങ്ങിന്മേല്‍ പക്ഷികള്‍ എട്ടു കൂടുണ്ടാക്കിയിട്ടുണ്ട്. ഓലേമ്പ്‌ല് തൂങ്ങി കിടക്കണ കൂട്. ചെറ്യേ ചെറ്യേ നാര്കളോണ്ടാണത്രേ കൂട് ഉണ്ടാക്കണത്. ഇത്ര ഉയരത്തില് പക്ഷികള് കൂടുണ്ടാക്കണ്ടേര്‍ന്നില്യ. ഒന്നു ശരിയ്ക്ക് കാണാന്‍ പറ്റില്യ. “ആരാ കുളത്തിന്‍റെ വക്കത്ത് ഒറ്റയ്ക്ക്?” കര്‍ത്താവാണ്. ചെറ്യേട്ടന്‍റെ വല്യേ കൂട്ടുകാരനാ കര്‍ത്താവ്. ഇനി ഇവിടെ ഇരുന്നാല്‍ പറ്റില്ല. കര്‍ത്താവു ചീത്ത പറയും. വേഗം പോവ്വാ നല്ലത്. എന്തിനാ ഇപ്പൊ ഈ കര്‍ത്താവ് വന്നത്? കിളികള് കൂടുണ്ടാക്കണത് കാണാനും സമ്മതിയ്ക്കില്യ. പത്തായപ്പുരയുടെ അടുത്ത് മാവിന്‍റെ പിന്നില്‍ നിന്ന് ഒളിച്ചു നോക്കാം അയ്യോ! കര്‍ത്താവിന്‍റെ ഒപ്പം ഉള്ള ആള് തെങ്ങിന്മേല്‍ കയറുന്നു. മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ തെങ്ങിന്മേല്‍ കയറുമ്പോള്‍ മെടായാന്‍ ഓല വെട്ടി ഇടാറുണ്ട്. ഇയ്യാളും ഓല വെട്ടി ഇട്വോ? ഈശ്വരാ! കിളീടെ കൂട് കേടുവരര്തേ. ഓല വെട്ടാന്‍ തോന്നരുതേ. അച്ഛന് ആ തെങ്ങു നില്‍ക്കുന്ന സ്ഥലം വാങ്ങ്യാല്‍ എന്താ? അച്ഛന്‍ കിളീടെ കൂട് ഉള്ള പട്ട വെട്ടണ്ട എന്നു പറയും. ശുണ്ഠി വന്നാല്‍ നല്ല അടി അടിയ്ക്കും എന്നു വെച്ചാലും കിളീടെ കൂട് കേടുവരുത്താന്‍ സമ്മതിയ്ക്കില്ല്യ. ഞങ്ങള്‍ കളിയ്ക്കുമ്പോള്‍ കുട്ടിപ്പുര വെച്ചത് മിറ്റം നന്നാക്കുമ്പോ കേടുവര്ത്തണ്ട എന്നു കൃഷ്ണങ്കുട്ട്യോട് പറഞ്ഞത് ഞാന്‍ കേട്ടതാണല്ലോ. ഏതായാലും ആസ്ഥലം അച്ഛനോ‍ട് വാങ്ങാന്‍ പറയണം. കാശ് തെകയ്യോ അച്ഛന്‍റെ കയ്യില്‍? ഇല്യങ്കില്‍ താലപ്പൊലിയ്ക്ക് വിസില് വാങ്ങീതിന്‍റെ ബാക്കി കൊടുക്കാം. പറഞ്ഞാല്‍ അച്ഛന് ശുണ്ഠി വര്വോ? എന്നാ നല്ല അടീം കിട്ടും. ഷാരോട്യോട് പറയാന്‍ പറയാം. അല്ലെങ്കില്‍ കിളികളോട് മിറ്റത്തെ കുഞ്ഞ്യേ തെങ്ങിന്മേല്‍ കൂടുണ്ടാക്കാന്‍ പറഞ്ഞാലും മതിയായിരുന്നു. അതെങ്ങെനാ‍ പറയുന്നത്.

Saturday, August 2, 2008

നായക്കോട്ട

ചെളമ്പ്രം കുന്നിന്‍റെ മുകളില് നായക്കോട്ട ഉണ്ട് എന്ന് കൃഷ്ണങ്കുട്ട്യാ പറഞ്ഞത്. ഒരു ദിവസം കൃഷ്ണന്‍കുട്ടീടെ വീട്ടിലെ പോത്തുകള് മേഞ്ഞ് മേഞ്ഞ് ചെളമ്പ്രം കുന്നിന്‍റെ നിറുകേല് വരെ പോയി. പോത്തുകളെ നോക്കി നോക്കി പോയി ഒടുക്കം നായക്കോട്ടടെ അടുത്തുന്നാ കിട്ടീത്. അവിടെ മണ്ണോണ്ട് കൊറേ നായകളേ ഉണ്ടാക്കി വെച്ചിട്ടുണ്ടത്രേ. എന്തിനാണാവോ? കൃഷ്ണന്‍കുട്ടി മുട്യേങ്കൊലോണ്ട് ഒരു നായടെ വായേല് കുത്തി നോക്കീത്രേ. മണ്ണോണ്ടാണച്ചാലും നായക്കോട്ടേലെ അല്ലേ? എന്തൊരു ധൈര്യാ കൃഷ്ണങ്കുട്ടിയ്ക്ക്? താലപ്പൊലിയ്ക്ക് വരണ നായാടി നായക്കൊട്ടേന്നാവ്വോ വരണത്? പടിഞ്ഞാറ്റുമ്മുക്കുന്നുള്ള വരമ്പ്ക്കൂടെ ആണ് നായാടീടെ വീട്ടില്യ്ക്ക് പൊവ്വാ എന്നല്ലേ ദേവക്യമ്മ പറഞ്ഞത്? ചെളമ്പ്രംകുന്നിലേയ്ക്കും പടിഞ്ഞാറ്റുമ്മുക്കില്‍കൂടി വഴിണ്ടാവും. ആ നായക്കളൊക്കെ നായാടീടെ ആവും. എനിയ്ക്കും നായക്കോട്ടേല്‌യ്ക്ക് പോകണം. എന്നിട്ട് ആ നായട്ടെ വായേല് കോലോണ്ട് കുത്തണം. പക്ഷേ മുട്യേങ്കോല്‌ മത്യാവ്‌ല്യ. കൊറച്ചധികം നീളം വേണ്ട്യേരും. കൃഷ്ണങ്കുട്ടീടെ അത്ര ധൈര്യം എനിയ്ക്കില്യ. നായേടെ വായേല് വടിട്ട് കുത്ത്യാല്‍ നായാടി ചീത്ത പറയ്യോ? ഉണ്ടാവില്യ. എനിയ്ക്ക് നായാട്യേ ഇഷ്ടാണലോ, അപ്പൊ നായാടിയ്ക്ക് എന്നേം ഇഷ്ടാവും

Friday, August 1, 2008

ഏഴില്ലം കടത്തല്‍

അമ്പലത്തില് താലപ്പൊലിയാണ്. തറേം പൂതനും ആണ്ടീം നായാടീം പറേന്‍വെളിച്ചപ്പാടും ഒക്കെ ണ്ടാവും. നിയ്ക്കധികം ഇഷ്ടം നായാട്യെ ആണ്. പിന്നെ ബലൂണും വിസിലും പൊരീം ഒക്കെ ഉണ്ടാവും. അമ്മാത്തു പോയപ്പോ കിട്ട്യേ കാശ് അമ്മേടെ അടുത്തുണ്ട്. വാങ്ങണം. ബലൂണ് വാങ്ങണോ. വേണ്ട. പൊരി വാങ്ങാം. പിന്നേ.... പിന്നെ വിസില്. “ഠോ” അമ്പലത്തില്‍ നിന്ന് വെടി പൊട്ടുന്നുണ്ട്. എനിയ്ക്ക് വെടി പേട്യാ. എന്തിനാ ആളേ പേടിപ്പിയ്ക്കാന്‍ ഇങ്ങനെ വെടിപൊട്ടിയ്ക്കണത്? ഞാന്‍ ഒരു പേടിത്തൊണ്ടനാ ന്നാ കുഞ്ഞോപ്പോള് പറേണത്. കുട്ട്യോളായാല്‍ കുറച്ച് പേട്യൊക്കെ ണ്ടാവും. അതത്ര പറയാനൊന്നും ഇല്ല്യ. വെടിപൊട്ടണേന് വല്ല്യോര്‍ക്കും കൂടി ണ്ടാവും പേടി. അച്ഛന്‍റെ അമ്മാമന്‍ ഓരോ വെടിപൊട്ടുമ്പളും ഞെട്ടില്ല്യേ . നിയ്ക്ക് വെടി പേട്യാച്ചാലും അമ്മാമന്‍ ഞെട്ടണത് കാണാന്‍ നിയ്ക്ക് ഇഷ്ടാ. കുഞ്ഞോപ്പള്‌ പേടിത്തൊണ്ടന്‍ ന്ന് പറേണതെന്താ ന്നോ. ഒരു പൂച്ചണ്ടായിര്ന്ന് ല്ല്യേ. കൊറേ ദിവസം മുമ്പെ അതിന് നാല് കുട്ട്യോള് ണ്ടായി. നല്ല ഭങ്ഗി ണ്ടായിരുന്നു. പൂച്ചക്കുട്ടിയ്ക്ക് കണ്ണ് കാണില്യ ന്ന് രാത്രി കെടക്കുമ്പോ അമ്മോടു പറഞ്ഞു. അമ്മ പറഞ്ഞു. “അതൊക്കെ ശര്യാവും. കണ്ണുകാണാറയാല്‍ പൂച്ച കുട്ട്യോളെ കഴുത്തില്‍ കടിച്ചു തൂക്കി കൊണ്ടു പോയി ഏഴുസ്ഥലത്ത് മാറ്റി മാറ്റി താമസിപ്പിയ്ക്കും. അതിന് ഏഴില്ലം കടത്തല്‍ എന്നാ പറയ്യാ.” ഞാന്‍ അമ്മോട് ചോദിച്ചു. “അമ്മേ ഏഴില്ലം കടത്തുമ്പൊ വെടി പൊട്ട്വോ?” അതുകുഞ്ഞോപ്പള് കേട്ടു. അതാ കൊഴപ്പായീത്. അറ്യാത്ത കാര്യം ചോദിച്ചാല്‍ കള്യാക്കണോ?. എന്താ ഈ ആള്‍ക്കാരക്കൊക്കെ? ഏഴില്ലം കടത്തുമ്പൊ വെടിപൊട്ട്വോ ന്ന് അറിഞ്ഞാല്‍ ചെവി പൊത്താലോ

Wednesday, July 30, 2008

തവളക്കുഞ്ചാത്തല്

കുഞ്ഞേട്ടന്‍ ഇനി എന്നോട് മിണ്‍ണ്ടേണ്ടാവില്യ. കുഞ്ഞേട്ടന് നല്ലൊരു കടി കൊടുത്തു. നല്ല പാട് വന്നിട്ടുണ്ട്. വേദനിച്ചിട്ടുണ്ടാവും. എന്താ അങ്ങനെ കളിയാക്കാന്‍? അമ്മ ഒരു പ്രാവശ്യം തവളക്കുഞ്ചാത്തല് എന്നു പറഞ്ഞൂ എന്ന് വെച്ച്? എപ്പോളും കളിയാക്കാന്‍ പാടുണ്ടോ? ഒരു ദിവസം അമ്മ ചീടണ്ടാക്കായിരുന്നു. കണ്ടൊപ്പൊ എനിയ്ക്കും പറ്റും എന്നു തോന്നി. ഞാണ്ടാക്കാം എന്നു പറഞ്ഞു. അമ്മ കൊട്ടത്തളത്തിന്‍റെ അവിടേയ്ക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ ചീട ഉരുട്ടി എണ്ണേല് ഇട്ടു. എണ്ണ കയ്യിന്മേലയ്ക്ക് തെറിച്ചു. അപ്പൊ ഞാന്‍ നെലോളിച്ചു. അമ്മ ഓടിവന്നു. “അപ്പളയ്ക്കും തവളക്കുഞ്ചാത്തല് അതിന് ചാടിപ്പൊറപ്പ്ട്ട് ട്ടല്ലേ? സാരല്യ.” അപ്പൊ തൊടങ്ങീതാ കുഞ്ഞേട്ടന്‍ എന്നെ തവളക്കുഞ്ചാത്തല് തവളക്കുഞ്ചാത്തല് എന്ന് വിളിയ്ക്കാന്‍. പണ്ട് ഒരമ്മ പ്രസവിച്ചത് ഒരു തവളക്കുട്ടിയെ ആയിരുന്നു. ആ തവള എന്താരുചെയ്യുമ്പോ‍ഴും ഞാനാവാം ഞാനാവാം ന്ന് പറഞ്ഞിരുന്നൂത്രേ. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പൊ തവളക്കുട്ട്യേ പൂതൃക്കേലെ ശാന്തിക്കാരന്‍ നമ്പൂരി വേളികഴിച്ചു. അങ്ങനെ തവളക്കുട്ടി തവളക്കുഞ്ചാത്തലായി. കല്യാണം കഴിഞ്ഞാല്‍ പെങ്കുട്ട്യോളെ “കുഞ്ചാത്തല്” എന്നാ വിളിയ്ക്കാ. വേളികഴിച്ച നമ്പൂരിടെ അവിടെ ചെന്നിട്ടും ‍ തവള‍ക്കുഞ്ചാത്തല് “ഞാനാവാം.” “ഞനാവാം.” എന്നു പറയല്‍ നിര്‍ത്തീല്യ. ആ നമ്പൂ‍രിടെ അമ്മയ്ക്ക് ദേഷ്യം വന്ന് തവളക്കുഞ്ചാത്തലിന്‍റെ മണ്ടയ്ക്ക് ചെരട്ടക്കയ്യിലുകൊണ്ട് ഒന്നങ്ങ്ട് കൊടുത്തു. തവളക്കുഞ്ചാത്തല് ഒരു മൂലേല് പോയിരുന്ന് “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” എന്നു പറഞ്ഞു തുടങ്ങീത്രേ. നമ്പൂരി വന്നാല്‍ പറഞ്ഞു കൊടുക്കും ന്ന് ഉറപ്പിച്ചിട്ട്. അതാത്രേ ഇപ്പളും തവകള് അങ്ങനെത്തന്നെ ശബ്ദം ഉണ്ടാക്കണത്. കഥ എനിയ്ക്ക് ഇഷ്ടാ. എന്നാലും ഞാന്‍ തവളക്കുഞ്ചാത്തലൊന്നും അല്ല. അങ്ങനെ പറഞ്ഞാല്‍ ഇനീം കടിയ്ക്കും. എന്നാലും കുഞ്ഞേട്ടന്‍ എന്നോട് മിണ്ടാണ്ടിരിയ്ക്കണത് ആലോചിയ്ക്കുമ്പൊ കൊറേശ്ശെ നെലോളീം വരും

Sunday, July 27, 2008

ഫോണ്‍

വല്യേട്ടന്‍ രണ്ട് ഫോണ്‍ കൊണ്ടു വന്നു. രണ്ടെണ്ണം. ഒന്ന് മഞ്ഞ, മറ്റേത് പച്ച. എനിയ്ക്ക് ഇഷ്ടം പച്ച നിറാണ്. ചെരട്ട പോലെ പ്ലാസ്റ്റിക്കോണ്ട് രണ്ടു സാധനങ്ങള്. ചെരട്ട പോലെന്ന് പറയാന്നേള്ളൂ. ചെരട്ടേക്കാളും നല്ല ഭങ്ഗിണ്ട്. അതിന്‍റെ മൂട്ടില്‍ ‍നിന്ന് മറ്റേതിന്‍റെ മൂട്ടിലേലേയ്ക്ക് ഒരു വയറും. ആ വയറിന് പവിഴമല്ലീടെ അവ്ട്ന്ന് മിറ്റത്തിന്‍റെ അറ്റത്തുള്ള കറിവേപ്പിന്‍റെ കടയ്ക്കലോളം നീളണ്ട്. ഞാന്‍ വായടെ അവടെ വെച്ചു പറയുമ്പോ കൃഷ്ണന്‍ ചെവീല് വയ്ക്കും. പിന്നെ കൃഷ്ണന്‍ പറേമ്പോ ഞാന്‍ ചെവീല് വ്യ്ക്കും. പതുക്കെ പറഞ്ഞാല്‍ മതി. അങ്ങേ അറ്റത്ത് കേക്കും. കുറച്ചു നേരേകളിച്ചുള്ളൂ. അപ്പൊളേയ്ക്കും കൃഷ്ണന് വീട്ടിലിയ്ക്ക് പോവ്വാറായി. വേറെ ആരേം ഫോണില് വര്‍ത്താമാനം പറഞ്ഞു കളിയ്ക്കാന്‍ കാണാനും ഇല്യ. പൂമുഖത്തെ പടീല്‌ ഫോണ് ശ്രദ്ധിച്ച് വെച്ചു. വീണാല്‍ പൊട്ടും. എന്താ ആള്‍ക്കാരക്ക് കളിയ്ക്കാ‍ന്‍ വന്നാല്‍? മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ നാളികേരം ഇടുന്നുണ്ട്. ഫോണിന്‍റെ വയറിന് കൊറേക്കൂട്ടി നീളം ഉണ്ടായിരുന്നൂച്ചാല്‍ നല്ല രസാ‍യിരുന്നു. ഒന്ന് വേലായ്ധന്‍റെ അരേല് തിരുകീട്ട് തെങ്ങിന്മേല്‍ കയറുക. മറ്റേ തല എന്‍റെ കയ്യിലും. വേലായുധന്‍ മുകളില്‍ എത്തിയാല്‍ ഫോണ് ചെവീല് വ്വയ്ക്കും. “വേലായുധാ ഒരു ഇളനീര്‍ ഇടണം” “ശ്...... ഠും.” “വേലായ്ധാ ഒന്നും കൂടി,” “ശ്.....ഠും.” “കുഞ്ഞേട്ടന് വേണോ? ഒന്നും കൂടി” “ശ്.....ഠും.” “മതി. എറങ്ങാം” “ശര്‍..... എറങ്ങി” “എന്താ ശ്....ഠും?” “പിന്നില്‍ നിന്ന് വല്യേട്ടന്‍ ചോദിച്ചപ്പോ ഞെട്ടി. ആ‍ാരായാലും ഞെട്ടും. ല്യേ. “എളനീര് ഇട്‌ആണ്. വല്യേട്ടാ ഈ ഫോണിന്‍റെ വയറ് തെങ്ങിന്‍റെ മുകള് വരെ നീളാം ണ്ടാവ്വോ?” “ചെറ്യേ തെങ്ങാച്ചാല്‍ ഉണ്ടാവും.” “വല്യേ തെങ്ങിന്‍റെ അത്ര വലിപ്പം ഉള്ളത് കിട്ട്വോ?” “ചെലപ്പോ കിട്ടീന്ന് വരാം” വല്യേ തെങ്ങിന്‍റെ അത്ര വലിപ്പ്പം ഉള്ളത് കിട്ടും. ആരോടാ ഈ അത്ഭുതം പറയ്യാ? ആരേം കാണാനും ഇല്യ. ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് രായല്ലൂര് മലടെ അതുവരെ ഉള്ളത് കിട്ട്വോ? ചെലപ്പോ കിട്ട്ണ്ടാവും. കിട്ടും എങ്കില്‍ വല്യേട്ടനോട് വാങ്ങാന്‍ പറേണം.

Friday, July 25, 2008

എടത്തേ കയ്യ് കുത്തി ഊണുകഴിയ്ക്കരുത്

“എടത്തേ കയ്യ് നെലത്ത് കുത്തി ഇരുന്ന് ഉണ്ണരുത്” എന്ന് അച്ഛന്‍റെ അമ്മാമന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു “എന്താ ഉണ്ണാന്‍ പാടില്യാ ന്ന്?” അപ്പൊ അമ്മാമ്മന്‍ പറയ്യാ “അമ്പലത്തില് ഒരാള് ഊണുകഴിയ്ക്കുമ്പോള്‍ പിന്നേം പിന്നേം ചോറ് വിളമ്പിച്ചു. വയറു നിറഞ്ഞ് ഉണ്ണാന്‍ പറ്റാതായി. അപ്പോ ശ്രീലാകത്ത്ന്ന് വിളിച്ചു പറഞ്ഞു എടത്തേ കയ്യ് കുത്തിയിരുന്ന് ഊണു കഴിച്ചോളാന്‍. അതാണ് എടത്തേ കയ്യ് കുത്തിയിരുന്ന് ഊണുകഴിയ്ക്കരുത് എന്നു പറയുന്നത്.” “ഈശ്വരനാ പറഞ്ഞത്?” “അതെ” “ഈശ്വരനാ പറഞ്ഞത്ച്ചാല്‍ എടത്തെ കയ്യ് കുത്തികഴിയ്ക്കല്ലേ വേണ്ടത്?” “എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയ്യാ?” എന്താ ഞാന്‍ തര്‍ക്കുത്തരം പറഞ്ഞത്? നിയ്ക്ക് മനസ്സിലായില്യ. ഈശ്വരന്‍ പറഞ്ഞാല്‍ കൂട്ടാക്കണ്ടേ? അല്ലെങ്കില്‍ ചീത്തകുട്ട്യാവും. അമ്മാമന് ഒന്നും ശരിയ്ക്ക് പറഞ്ഞു തരാന്‍ അറീല്യ. അതോ അമ്മാമന് ഞാന്‍ ചീത്ത കുട്ട്യാവണം എന്നുണ്ടോണാവോ അച്ഛന്‍റെ അടികൊള്ളിയ്ക്കാന്‍?ചെലപ്പൊ ഉണ്ടാവും. പനങ്കൊലേല് കുഞ്ഞോപ്പള്‍ടെ കറുത്ത പുള്ളിള്ള ധാവണീടെ കഷ്ണം ചുറ്റി പമ്പാക്കി പേടിപ്പിച്ചോണ്ടാവും. നല്ല രസം ഉണ്ടായിരുന്നു അമ്മാമന്‍ പേടിച്ചത് കാണാന്‍. ഞാന്‍ ഈശ്വരന്‍ പറഞ്ഞപോലെ എടത്തെ കയ്യ് കുത്തീട്ടേ ഊണുകഴിയ്ക്കൂ.തീര്‍ച്ച .

Thursday, July 24, 2008

ലോകം കാണല്‍

പാഞ്ച്വോമ്മ ദേവക്യമ്മയ്ക്ക് പകരം പണിയ്ക്ക് വന്നിട്ടുണ്ട്. പാഞ്ച്വോമ്മ വടക്ക്വോറത്തെ ചൊമര്മ്മ്ന്ന് മണ്ണ് അടര്‍ത്തി തിന്നാറ്ണ്ട്. ഒരു സൂക്കടാത്രേ മണ്ണ് തിന്നണത്. ശ്രീകൃഷ്ണനും ഈ സൂക്കട് ഉണ്ടായിരുന്നുണ്ടാവ്വോ? പാഞ്ചോമ്മടെ അമ്മോട് പറയണം. അപ്പൊ പാഞ്ച്വോമ്മടെ അമ്മ വട്യൊക്കെ എടുത്ത് അടിയ്ക്കാന്‍ ചെല്ലും. വായ പൊളിയ്ക്കാന്‍ പറയും. പാഞ്ച്വോമ്മ വായപൊളിയ്ക്കും. ലോകം മുഴുവന്‍ കാണും. ലോകം എന്നു വെച്ചാല്‍ എത്ര വലുതാവും? ചെളമ്പ്രം കുന്നിനോളം ണ്ടാവ്വോ? വായപൊളിയ്ക്കുമ്പൊ എനിയ്ക്കും കാണണം. പാഞ്ച്വോമ്മ മണ്ണു തിന്നുന്ന കാര്യം ഇപ്പൊ ആരോടും പറയണ്ട. ഇട്ട്യാത്യമ്മ വരുമ്പൊ പറയാം. പാഞ്ച്വോമ്മടെ അമ്മയാണ് ഇട്ട്യാത്യമ്മ. ഇട്ട്യാത്യമ്മോട് പറയുമ്പോള്‍ കുഞ്ഞേട്ടനേം വിളിയ്ക്കാം. ഒരു വടീം ഉണ്ടാക്കണം ഇട്ട്യാത്യമ്മയ്ക്കു കൈയ്യില്‍ പിടിയ്ക്കന്‍. തൊഴുത്ത്ന്ന് കൃഷ്ണങ്കുട്ടീടെ മുട്യേങ്കോല് ഇടുത്താലോ? വേണ്ട ഇട്ട്യാത്യമ്മ ദേഷ്യം വന്ന് പാഞ്ച്വോമ്മെ അടിയ്ക്കോറ്റെ ചെയ്താല്‍ വേദനിച്ചാലോ?. പാവം. ഒരു ചുള്ളിക്കൊമ്പു മതി. പാഞ്ച്വോമ്മയ്ക്ക് വേദനിയ്ക്കൊന്നും വേണ്ട. വായേല് ലോകം കണ്ടാല്‍ മതി

Tuesday, July 22, 2008

മീശ

“ലോകത്തില് ആരാ ഏറ്റവും നല്ല ആള്?” “അമ്മ” “ഏറ്റവും ചീത്ത ആളോ?” “കുഞ്ഞേട്ടന് ആരാന്നാ തോന്നണത്?” “യാഹ്യാഖാന്‍” “ഗോപാലനേക്കാളും ചീത്ത?” “പാക്കിസ്ഥാന്‍ നമ്മളായിട്ട് യുദ്ധത്തിന് വന്നിരിയ്ക്കല്ലേ. യാഹ്യാഖാന്‍ പാക്കിസ്ഥാന്‍റെ ആളാ.” “എന്നാല്‍ ചീത്ത ആള് തന്നെ ആവും. കുഞ്ഞേട്ടാ യാഹ്യാഖാന് മന്ത്രം അറിയ്യോ?” “അതൊന്നും എനിയ്ക്ക് അറിയില്യ. സ്കൂളില് ജാഥണ്ടായി. ജാഥയ്ക്ക് -അറബിക്കടലേ കേഴേണ്ട. യാഹ്യാഖാനെ തള്ളിത്തരാം- അങ്ങനെ ഒരു മുദ്രാവാക്യം എനിയ്ക്ക് നല്ലോണം ഇഷ്ടായി. ഗോവിന്ദന്നായര് മാഷ് ഉണ്ടാക്കീതാത്രേ” എനിയ്ക്ക് തോന്നണത് ഗോപാലന്‍ തന്നെ ആവുമേറ്റവും ചീത്തന്നാണ്. കൃഷ്ണന്‍ പറഞ്ഞതാ ഗോപാലന് മന്ത്രം നിശ്ചയണ്ട് എന്ന്. ഉണ്ടാവും. ആല്ലെങ്കില്‍ എനിയ്ക്ക് മീശ മുളയ്ക്കാതിരിയ്ക്കില്യലോ. ഞാന്‍ ജനിയ്ക്കണേന്‍റെ മുമ്പേ എന്നെ ശപിച്ചിട്ടുണ്ടത്രേ ഞാന്‍ പെങ്കുട്ടി ആവും എന്ന്. എന്നെ ഗര്‍ഭം ഉണ്ടായിരിയ്ക്കുമ്പോള്‍ അച്ഛനോട് കൊളക്കണ്ടം തട്ടിപ്പറിയ്ക്കാന്‍ നോക്കീത്രേ ഗോപാലന്‍. അത് തരായില്ല്യ. ആദേഷ്യത്തിന് ശപിച്ചതാണത്രേ “അയാള്‍ടെ ഭാര്യ പ്രസവിയ്ക്കുന്നത് പെങ്കുട്ട്യാവും. അങ്ങനെ അയാള്‍ക്ക് സ്ത്രീധനം വകേല് കൊറേ ചെലവാവട്ടെ.” എന്ന്. ഗോ‍പാലന്‍ മന്ത്രം ചെല്ലീട്ട് ശക്തി സമ്പാദിച്ചിട്ടുണ്ടത്രേ. അതോണ്ടാവും എനിയ്ക്ക് മീശമൊളയ്ക്കാത്തത്. ഒടുക്കം ഞാന്‍ പെങ്കുട്ടി ആവ്വോ മീശമൊളയ്ക്കാതിരിയ്ക്കാന്‍? എനിയ്ക്കും മന്ത്രം പഠിയ്ക്കണം. എന്നിട്ട് ശക്തി സമ്പാദിയ്ക്കണം. എന്നിട്ട് ആദ്യം മീശ മുളപ്പിയ്ക്കണം. എന്നിട്ട് ആങ്കുട്ടി ആകണം. പിന്നെ എന്താ ചെയ്യണ്ടത്? ഗോപാലനെ പെങ്കുട്ടി ആ‍ക്കണൊ? അതു വേണ്ട. അപ്പൊ ഞാനും ചീത്ത ആയാലോ?

Sunday, July 20, 2008

അരിക്കുതിര

അച്ഛന്‍റെ പിറന്നാളിന് കുറേ ആളുകള്‍ വരും. എന്താ അമ്മേടെ പിറന്നാളിന് ആളുകള് വരാത്തത്? ഞാന്‍ വലുതായാല്‍ കുറേ ആള്‍കളെ ക്ഷണിയ്ക്കും അമ്മേടെ പിറന്നാളിന്. എന്‍റെ പിറന്നാളിനും ക്ഷണിയ്ക്കും. എന്നിട്ട് കാളനും ഓലനും പായസോം ഒക്കെ മതിയ്യാവോളം ഉണ്ടാക്കും. അല്ലെങ്കില്‍ വറുത്ത ഉപ്പേരീം പപ്പടോം പായസോം മതി. പിന്നെ വേണങ്കില്‍ വല്യേട്ടനോട് ബിസ്ക്കറ്റും കൊണ്ടുവരാന്‍ പറയാം. “ മാന്നപ്പനോട് അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം എന്ന് ചോദിയ്ക്ക് കുഞ്ഞിക്കുട്ടാ.” “അമ്മേ അരിക്കുതിര എവിടെ?” “അതൊക്കെ ഉണ്ട്.” മാന്നപ്പന്‍ ദേഹണ്ണക്കാരനാ. എനിയ്ക്ക് ഇഷ്ടാ മാന്നപ്പനെ. കുഞ്ഞേട്ടന്‍ തിരിച്ചു വന്നു പറഞ്ഞു. “പത്തുണ്ടെങ്കില്‍ തികയും എന്ന് പറഞ്ഞു” ഇന്ന് കുഞ്ഞേട്ടന് വല്യേ പവറാ. എന്‍റെ ഒപ്പം കളിയ്ക്കാനൊന്നും വരുന്ന്ന്നില്ല. എഴുപ്പത്തഞ്ചാള്‍ക്ക് പത്ത് അരിക്കുതിര. അത്ര വല്യേ കുതിരയാവ്വോ അരിക്കുതിര? എവിടെയാണാവോ കുതിരേ കെട്ടീട്ടുള്ളത്? ഞാന്‍ കണ്ടില്ലല്ലോ? തൊഴുത്തിലാവ്വോ? കുതിരേടെ മുകളില് കേറണം. സിനിമയിലേ കൂതിരേ കണ്ടിട്ടുള്ളൂ. പ്രേംനസീര്‍ ടക ടക ടക എന്ന് പോകുന്നത്. നോക്കീട്ടന്നെ വേറെ കാര്യം. ടക ടക ടക....... തൊഴുത്തിലില്ല. കുഞ്ഞേട്ടന് അറീണ്ടാവും. അതിന് കുഞ്ഞേട്ടനെ കാണണ്ടേ? വല്യേ ആളായി നടക്കല്ലേ? ചോദിച്ചാല്‍ മറുപടി പറയല്‍ ഉണ്ടാവില്ല. കുഞ്ഞോപ്പോള് കണ്ടിട്ടുണ്ടാവ്വോ? അല്ലെങ്കില്‍ ദേവക്യമ്മോട് ചോദിയ്ക്കാം. “ദേവക്യമ്മേ! കുതിരേ എവിടയാ കെട്ടിയിരിയ്ക്കുന്നത്?” “കുതിരേ കെട്ടീതോ” “അമ്മ പറഞ്ഞൂലോ പത്ത് കുതിര ഉണ്ട് എന്ന്” “അമ്മ വെറുതെ പറഞ്ഞതാവും.” “അല്ലല്ല മാന്നപ്പനോട് വെറുതെ പറയ്യോ? “അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം?” എന്ന് മാന്നപ്പനോട് ചോദിയ്ക്കാന്‍ പറേണത് ഞാന്‍ കേട്ടതാണലോ” “ന്‍റെ കുട്ട്യേ അതാ? അത് കുതിരേം ആനേം ഒന്നും അല്ല. അരി കുതിരെ. കുതിര്‍ന്ന അരി. പത്ത്ണ്ട് ന്ന് പറഞ്ഞാല്‍ പത്തു നാരായം ണ്ട് ന്നാ. അല്ലാതെ കുതിര കഴുതേം ഒന്നും അല്ല.” അപ്പോ കുതിര ഇല്ല. പ്രേംനസീറിനെ പോലെ ടക ടക ടക എന്ന് പോകാന്‍ പറ്റില്ല.

തറേം പൂതനും

കൃഷ്ണന്‍ പറയ്യാ തറേം പൂതനും ഒക്കെ ബീഡിവലിയ്ക്കും ന്ന്‍. നൊണ പറേണതിനും ഒരതിരൊക്കെ ഇല്യേ. ചായപ്പീട്യേല് ഇരുന്ന് വലിയ്ക്കണത് കണ്ടൂത്രേ. അത് അതിലേറെ വല്യേ മുത്തന്‍ നൊണ. പൂതനും തറേം ഒക്കെ ചായപ്പീട്യേല്യ്ക്ക് പോവ്വോ?. നെല്ലും അരീം മാത്രേ പൂതനും തറേം കഴിയ്ക്കൂ. ചെലപ്പോ സംഭാരോം. ചായൊന്നും കഴിയ്ക്കില്ല്യ. ചായകഴിയ്ക്കും എന്നുണ്ടെങ്കില്‍ ഇവിടെ വരുമ്പൊ ചെറ്യേട്ടന്‍ ചായ കൊടുക്കാന്‍ പറയില്യേ?. ആരുവന്നാലും ചായ കൊടുക്കാന്‍ പറയാറുണ്ടല്ലോ ചെറ്യേട്ടന്‍ . പിന്നെ കൃഷ്ണന്‍ വേറേം വിഢിത്തം പറഞ്ഞൂട്ടോ. തറ കെട്ടീത് മണ്ണാന്‍ വേലു ആണ് ന്ന്. വേലു ആവ്വോ? നൊണ തന്നെ ആവും. തറേ കണ്ടാല്‍ എനിയ്ക്ക് പേട്യാ. വേലൂനെ ഒരു പേടീം ല്ല്യ. ഇറുമ്പിന്‍റെ കണ്ണോളം കൂടീം പേടില്ല്യ. പിന്നെ വേലു ആണ് തറ എങ്കില്‍ എനിയ്ക്ക് പേട്യാവ്വോ. കൃഷ്ണന്‍ പറേണത് നൊണ തന്നെ ആകും. നാട്ടിലെ എല്ലാകാര്യോം ചെറ്യേട്ടന് അറിയാണ്ടിരിയ്ക്കില്യ. ചെറ്യേട്ടന്‍ ശബരിമലയ്ക്ക് പോയില്യേ. വന്നാല്‍ ചോദിയ്ക്കണം അല്ലെങ്കില്‍ വേലു വരുമ്പോള്‍ ചോദിയ്ക്കാം. തറകെട്ടീത് വേലു തന്നെ ആണെന്നു പറഞ്ഞാല്‍ പിന്നെ എനിയ്ക്ക് വേലൂനെ പേട്യാവ്വോ എന്നാ ഇപ്പോ പേടി

Wednesday, July 16, 2008

താറാവ്

രാവിലെ മഴപെയ്തപ്പൊ ഞാനും കുഞ്ഞേട്ടനും എത്ര ബുദ്ധിമുട്ടീട്ടാ കാതഞ്ചെമ്പ് മിറ്റത്തയ്ക്ക് പിടിച്ചിട്ടത്? പകുത്യേ നിറഞ്ഞുള്ളൂ. അപ്പോഴയ്ക്കും മഴ നിന്നു. 

കുഞ്ഞേട്ടന്‍ കറോത്തുംതണ്ടോണ്ട് ഒരു സൂത്രം കാണിച്ചു തരാംന്ന് പറഞ്ഞതാ. ആ സമയം നോക്കി കുഞ്ഞുണ്ണിനമ്പീശന്‍ കുഞ്ഞേട്ടനെ പഠിപ്പിയ്ക്കാന്‍ വന്നു. 

എന്തു സൂത്രാണാവോ? ആ കുട്ടി തുമ്പപ്പൂവ്വോണ്ട് കാണിച്ചതുപോലെ ഉള്ളതാണാവോ? തുമ്പപ്പൂവ്വിന്‍റെ കടയ്ക്കല്‍ ഒരു തുള ഉണ്ടാവില്യേ അതില്‍ നീലപൂവ്വ് കയറ്റും. കുഞ്ഞ്യേ നീലപ്പൂവ്വ്. അത് പതുക്കെ വെള്ളത്തില് വെച്ചാല്‍ താറാവ് നീന്തുന്നതുപോലെ നീ‍ന്തും. കണ്ടാല്‍ ശരിയ്ക്കും താറാവിനെ പോലെ തന്നെ ഇരിയ്ക്കും. 

ഈ ചെമ്പില്‍ താറാവിനെ ഉണ്ടാക്കിയാല്‍ നല്ല രസം ഉണ്ടാവും. എവിടെയാ തുമ്പയും കുഞ്ഞ്യേ നീലപ്പൂവ്വും കിട്ടുക? അമ്പലപ്പറമ്പിലുണ്ടാവും. 

മ്പ്രൂ...... മ്പ്രൂ.. മ്പ്രൂ ണിം ണിം പീന്നില്‍ നിന്ന് ദേവകിയമ്മ വിളിച്ചുപറഞ്ഞു. “മണ്ടണ്ടാ വിഴും.”

ഒരുതുമ്പയില്‍ നല്ലോണം പൂവ്വുണ്ട്. നീലപ്പൂവും കൊറേ കിട്ടി. വണ്ടി തിരിച്ചു. 

മ്പ്രൂം... മ്പ്രൂം... മ്പ്രൂം ണിം ണിം. 

കുറേ താറാവിനെ ഉണ്ടാക്കി ദേവകിയമ്മയ്ക്കു കാണിച്ചു കൊടുത്തു. 
“നന്നായിട്ടുണ്ട് ട്ടോ. ആരാ ഇതു പഠിപ്പിച്ചു തന്നത്?”
“അന്നൊരു ദിവസം ദേവക്യമ്മേടെ കൂടെ വന്നില്യേ കറുത്ത് മെലിഞ്ഞൊരു കുട്ടി? ആ കുട്ട്യാ പഠിപ്പിച്ചത്.”

ദേവക്യമ്മയുടെ മുഖം ശരിയ്ക്കും വാടി. “ന്‍റെ കുട്ട്യേ ആ പെണ്ണിനെ ഈശ്വരന്‍ കൊണ്ടു പോയില്ലേ? കഴിഞ്ഞ മാസം മരിച്ചില്യേ പാവം.” മരിച്ചാല്‍ ഈശ്വരന്‍ കൊണ്ടുപോകും.

“ദേവക്യമ്മേ! ഈശ്വരന്‍റെ അവിടെ തുമ്പപ്പൂവ്വും കുഞ്ഞ്യേനീലപ്പൂവ്വും ഉണ്ടാവ്വോ?.”
“നിയ്ക്കറീല്യ ന്‍റെ കുട്ട്യേ.”
“ഉണ്ടാവും. അമ്പലത്തില് ഉണ്ടല്ലോ. അമ്പലം ഇശ്വരന്‍റെ വീടല്ലേ? അപ്പൊ ആ കുട്ടി പോയ ഈശ്വരന്‍റെ അവിടേം തീര്‍ച്ചയായിട്ടും ഉണ്ടാവും. ഇല്ല്യേ ദേവക്യമ്മേ?.”
“കുട്ടീടെ ഓരോ സംശയങ്ങളേ.”
കുഞ്ഞേട്ടനോട് ചോദിയ്ക്കണം. കുഞ്ഞേട്ടന് അറിയില്യങ്കിലോ? പിന്നെ കുഞ്ഞോപ്പോളേ ഉള്ളൂ ശരണം

Tuesday, July 15, 2008

ഇന്‍സ്പെക്ടര്‍

സ്കൂളില് ഇന്‍സ്പെക്ടര്‍ വരുന്നത് വല്യേ കാര്യാ. ഇന്‍സ്പെക്ടര്‍ വരുമ്പോള്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെയ്യുണ്ണി മാഷ് വിവരിച്ചു. 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം. എന്തേ മനസ്സിലായത്?” 

ഞങ്ങളെല്ലാവരും കൂടി ഒറക്കെ പറഞ്ഞു 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം.” 

“സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 
ഞങ്ങള്‍ ആവര്‍ത്തിച്ചു “സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 

“നഖം വെട്ടണം” 
“നഖം വെട്ടണം” 

“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 
“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 

“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 
“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 

“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 
“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 

“അച്ചടക്കം വേണം” 
“അച്ചടക്കം വേണം” 

മാഷ് സന്തോഷിനോട് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞത് പറയാന്‍ പറഞ്ഞു. നഖം വെട്ടുന്ന കാര്യം സന്തോഷു മറന്നു. സന്തോഷിന് നഖം വെട്ടുന്ന കാര്യം പ്രത്യേകിച്ച് ഓര്‍മ്മ വെയ്ക്കാന്‍ ഇല്യല്ലോ. വൃത്യായിട്ടല്ലേ നടക്കൂ? 

ഞാന്‍ കയ്യിന്മേല്‍ നോക്കി. നഖത്തിന്‍റെ ഇടയില്‍ ചളി കട്ടപിടിച്ചിരിയ്ക്കുന്നുണ്ട്. ഇന്നു തന്നെ വെട്ടണം.

മാഷ് വേലായുധനോട് പറയാന്‍ പറഞ്ഞപ്പോള്‍ വേലായുധന്‍ തേങ്ങിത്തേങ്ങി കരഞ്ഞു തുടങ്ങി. പാവം ടവലൊന്നും ഇല്യാത്രേ. മാഷ് ഒന്നു കൊടുക്കാം ന്ന് പറഞ്ഞൂ. 

എനിയ്ക്ക് കുഞ്ഞോപ്പോളോട് ഒന്നു ചോദിയ്ക്കണം. ഓപ്പോളുടെ അടുത്ത് നല്ല പൂവ്വു തുന്നിപ്പിടുപ്പിച്ച ടവ്വല്‍ ഉണ്ട്. ഞാന്‍ വലുതയി ജോലി കിട്ടിയാല്‍ കുറേ ഭങ്ഗിയുള്ള ടവ്വല്‍ വാങ്ങി ഇല്യാത്ത കുട്യോള്‍ക്ക് കൊടുക്കും . 

മാഷ് എന്നോടു പറയാന്‍ പറഞ്ഞു. ഞാന്‍ എല്ലാകാര്യോം പറഞ്ഞു. എന്നു മാത്രം അല്ല സ്ലേയ്റ്റിന്‍റെ കാര്യം പറയുമ്പോള്‍ ചെമ്പരത്തി പൂവ്വുകൊണ്ട് സ്ലേയ്റ്റ് മായ്ക്കുന്ന കാര്യം കൂടി പറഞ്ഞൂ. കുഞ്ഞേട്ടന്‍ പറഞ്ഞു തന്ന വിദ്യയാണ് ചെമ്പരത്തിപ്പൂവ്വിന്‍റെ പ്രയോഗം. അങ്ങിനെ മായ്ച്ചാല്‍ നല്ല കറുകറാ എന്നിരിയ്ക്കും. 

സ്കൂളില്‍ നിന്ന് വന്നതും എല്ലാം റഡിയാക്കി. പിറ്റേ ദിവസം ഇന്‍സ്പെക്ടര്‍ വരികയല്ലേ? നേരത്തെ കിടന്നുറങ്ങി.
എന്‍റെ പേരു വിളിച്ചു. ഇന്‍സ്പെക്ടറായിരിയ്ക്കും വേഗം എണിറ്റു പറഞ്ഞു
“ഹാജര്‍” 
“ന്ത്? ണീട്ടുപോയി കുളിയ്ക്ക്”
അച്ഛനാണ്. ആകെ വഷളായി. കുഞ്ഞേട്ടന്‍ നിന്ന് ചിരിയ്ക്കാണ്. വല്ലാതെ സങ്കടായി. അല്ലെങ്കിലും കുഞ്ഞേട്ടന്‍റെ ചിരിയ്ക്ക് ഒരുഭങ്ഗീം ഇല്യ.