Friday, March 27, 2009

മുറുക്കാന്‍

അച്ഛനെ കാണാന്‍ എപ്പളും മുറുക്കിച്ചോപ്പിച്ച് നടക്കണ ആ ആള് വന്നിട്ടുണ്ട്. ഒരേട്ടനാന്നാണ് കുഞ്ഞേട്ടന്‍ പറഞ്ഞത്. നിയ്ക്ക് ഇഷ്ടല്ല. “വെള്ളം ട്ത്ത് കൊണ്ടാ” “ചായണ്ടാക്കാന്‍ അമ്മോട് പറഞ്ഞു വാ” അങ്ങനെ വല്യേ അധികാരാ വന്നാപ്പിന്നെ. കണ്ണടടെ മോളില്‍ക്കൂടി ങ്ങനെ നോക്കും ചെയ്യും. മിഠായ്യോ ബിസ്ക്കറ്റോ ഒന്നും കൊണ്ടോരുല്യ. എന്തിനാ ഇങ്ങനത്തെ ആള്‍ക്കാര് അച്ഛനെ കാണാന്‍ വരണത്? കുഞ്ഞേട്ടനോട് ചോദിയ്ക്കാത്രേ “എന്താ കയ്യിലെ നഖം വെട്ടാത്തത്?” ന്ന്. കുഞ്ഞേട്ടനും വല്യേ ഇഷ്ടൊന്നും ഇല്യ. ആ ഏട്ടന്‍ ഉണ്ണാന്‍ പോയപ്പൊ ഞാനും കുഞ്ഞേട്ടനും കൂടി ഒരു പണിപറ്റിച്ചു. മുറുക്കാന്‍ ചെല്ലത്തിലെ വെറ്റില ട്ത്ത് പകരം കുരുമൊളകിന്‍റെ തളിരു വെച്ചു. ചുണ്ണാമ്പിന്‍റെ അടപ്പനിലെ ചുണ്ണാമ്പൊക്കെ മാറ്റി അരിപ്പൊടി കൊഴച്ച് അതിലാക്കി. ന്ന്ട്ട് ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിച്ചിട്ടില്യേ അതിന്‍റെ അപ്രത്ത് ഒളിച്ചിരുന്നു. അവിടെനിന്ന് നോക്കിയാല്‍ പൂമോത്ത് നടക്കണത് ശരിയ്ക്കും കാണാന്‍ പറ്റും. ആ ഏട്ടന്‍ ഊണുകഴിഞ്ഞുവന്ന് വേഗം മുറുക്കണ്ട താമസം തുപ്പി. “ഹൈഈഃ ഇത് വെറ്റിലേം ചുണ്ണാമ്പും ഒന്നും അല്ല.” അച്ഛന്‍ ഒറക്കെ ചിരിച്ചു. ചെലപ്പൊ ഇന്ന് അടികിട്ടില്യ. അച്ഛനും ആ ഏട്ടനെ ഇഷ്ടല്ലേരിയ്ക്കും

2 comments:

Unknown said...

ഇനീം ആ ഏട്ടന്‍ വരുവാണേല്‍ നമുക്ക് ചായേല് വിം കലക്കി കൊടുക്കാം ,അച്ഛന്‍ തല്ലില്ലല്ലൊ.

പകല്‍കിനാവന്‍ | daYdreaMer said...

അപ്പൊ നീയാണല്ലെ പണി പറ്റിച്ചത് .. ഏഭ്യന്‍... !
:)