കൊറേശ്ശെ സങ്കടൊക്കെ വര്ണ് ണ്ട്. കറുത്ത പയ്യിന്‍റെ കുട്ട്യേ വിറ്റൂത്രേ. പാവം അതിനും എടയ്ക്ക് അമ്മേ കാണണം ന്നൊക്കെ ണ്ടാവില്യേ?. നിയ്ക്ക് എടയ്ക്കൊക്കെ അമ്മേകാണണം ന്ന് ണ്ട്. കൃഷ്ണന്‍ പറയ്യാണ് “മൂരിക്കുട്ട്യല്ലേ. അതിനെ കൊല്ലാനാവും കൊണ്ടോണത്” ന്ന്. ആവ്വോ? വിക്കണ്ടേര്‍ന്നില്യ.
കൊപ്പത്തയ്ക്ക് ചെറ്യേട്ടന്‍റെ ഒപ്പം തലമുടിവെട്ടിയ്ക്കാന്‍ പോയ്യപ്പൊ കണ്ടത് മൂരിക്കുട്ട്യേ ആവ്വോ? തൊല്യൊക്കെ പൊളിച്ച് തൂക്കിട്ടിട്ടുണ്ട്.
“ചെറ്യേട്ടാ! അത് നമ്മടെ മൂരിക്കുട്ട്യാണോ?”
“ ഏയ്. അതൊന്നും ആവില്യ”
“ആവില്യലോ”
“ആവില്യാ ന്ന് പറ്ഞ്ഞില്യേ”
“ദേവക്യമ്മേ! ഏന്തിനാ ആള്‍ക്കര് മൂരിക്കുട്ടോളെ കൊല്ലണത്?“
“തിന്നാനാവും”
“കൊല്ലുമ്പൊ മൂരിക്കുട്ട്യോള്‍ക്ക് വേദനിയ്ക്കില്യേ?”
“പിന്നെ കൊല്ലുമ്പൊ വേദനിയ്ക്കാണ്ടിരിക്ക്വോ?”
“ഇങ്ങനെ തൊല്യൊക്കെ പൊളിച്ച് തൂക്കിടുമ്പൊ നല്ല വെദനണ്ടാവും അല്ലേ?”
“കൊന്ന് കഴിഞ്ഞിട്ടല്ലെ തൂക്കിടണത്? ചത്താ പിന്നെ വേദനിയ്ക്കില്ല.”
മൂരിക്കുട്ട്യോളെ കൊല്ലണ ആളോട് എന്നേം കൊല്ലാന്‍ പറേണം. എന്നാ പിന്നെ തെയ്യുണ്ണിമാഷ് തല്ലുമ്പൊ വേദനിയ്ക്കില്യലോ. അപ്പൊ അമ്മേ കാണാനോ? മരിച്ചാല്‍ കാണാന്‍ പറ്റ്വോ ആവോ. പറ്റില്യാച്ചാ മരിയ്ക്കണ്ട. തെയ്യുണ്ണിമാഷ് തല്ലുമ്പൊ വേദനിച്ചാലും വേണ്ടില്യ.
ശബ്ദം
3 years ago
No comments:
Post a Comment