Tuesday, August 11, 2009

വയറിളക്കം

ഒരു നൂറുപ്രാവശ്യായിട്ട് ണ്ടാവും. ഉപ്പും പഞ്ചസാരേം ട്ട വെള്ളം കുടിയ്ക്കാ. കക്കൂസില്യ്ക്കോട് ആ. പിന്നേം വെള്ളം കുടിയ്ക്കാ ഓട് ആ. കുഞ്ഞേട്ടന്‍ പറയ്യാ. “അധികാരിപ്പണിക്കാരന്‍ വര്ണ് ണ്ട്” “ന്നാലും കുഞ്ഞേട്ടനെ പോലെ വയറെളക്ക്യേ തിയ്യതി ചൊമിര്മ്പില് എഴുതിവെച്ചിട്ടൊന്നും ഇല്യലൊ” “നെണക്ക് വയ്ക്കും ച്ചാ നീയ്യും എഴുതിക്കോ” കുഞ്ഞേട്ടന് കയ്യിലും കാലിലും ഒക്കെ ഒരുപ്രവശ്യം പൊള്ളകള് പൊന്തീല്യേ. അപ്പൊ ചാത്തര്നായര് പറഞ്ഞിട്ട് വയറെളക്കി. അന്ന് കരിക്കട്ടോണ്ട് പടിഞ്ഞാറേ ചൊമിര്‍്മ്പില് അന്നത്തെ തിയ്യതി കുറിച്ചിട്ടു. അച്ഛന്‍ എന്നോടാ ചോദിച്ചത് “ആരാ ചൊമിര്മ്പില് ഏഴ്തീത്?” “കുഞ്ഞേട്ടന്‍ വയറെളക്ക്യേ തീയ്യതി എഴുതീതാണ്” ന്ന് ഞാന്‍ പറഞ്ഞപ്പോ അച്ഛന്‍ ഒന്നു ചിരിയ്ക്കേ ചെയ്തുള്ളൂ. പക്ഷേ എല്ലാരും ഇപ്പളും ചോദിയ്ക്കും എന്താ ആ തിയ്യതീ ന്ന്. അപ്പൊ കുഞ്ഞേട്ടന്‍ ചൂളും. കുഞ്ഞേട്ടന്‍ അത് മായ്ക്കാന്‍ കൊറേ നോക്കീതാ. പറ്റീല്യാന്ന് മാത്രേ ള്ളൂ. “വൈദ്യര് വന്നു. ഇവിടെ വാ” വല്യേട്ടനാണ് “ഇന്നലെ തൊടങ്ങീതാ. വല്ലാതെ വയറെളെകി പോണു.” “ഇപ്പളും പോണുണ്ടോ” വൈദ്യര് ചോദിച്ചു. “ഒട്ടും കുറ്ഞ്ഞിട്ടില്യ്” വൈദ്യര് എന്‍റെ കണ്ണിന്‍റെ പോള താഴത്തയ്ക്ക് വലിച്ചു നോക്കി. “നാവ് നീട്ടൂ.” നാവ് നീട്ടി. “ ഇന്ന് നാവ് വടിച്ചില്യേ?” “ഉവ്വ്” “ദാ. ഈപടീല് ഒന്നു കടക്കൂ” വയറില്‍ ഒരു കയ്യുവെച്ച് മറ്റേകയ്യോണ്ട് കൊട്ടി നോക്കി. “ബ്ലുംബ്ലും ബ്ലംബ്ലം ബ്ലിംബ്ലിം ബ്ലംബ്ലം” “എന്തേ കഴിച്ചത്? ടീപ്പാര്‍ട്ടീടെ വിഭവം ഒക്കെ നല്ലോം കഴിച്ച്വോ?” “കൊറച്ച്” ഞാന്‍ പറഞ്ഞു. “മഞ്ചപ്പത്തായത്തിലാ ലഡ്ഡൂം മൈസൂര്‍പാകും ഒക്കെ വെച്ചിരുന്നത്. അത് എടുക്കാന്‍ നോക്യപ്പൊ ണ്ട് ഒരു കറുത്ത ലഡ്ഡു പൊന്തിവരുണൂ. അതൊരാളടെ തല ആയിരുന്നു. ആരടെ ആണ് ന്ന് ഞാന്‍ പറയില്യാ” വല്യേട്ടന്‍ പറഞ്ഞു. “ഞാന്‍ ലഡ്ഡു അവിടെ തന്നെ ല്യേ ന്ന് നോക്കാന്‍ കേറീതാ. തിന്നിട്ടൊന്നും ഇല്യ” ഞാന്‍ പറഞ്ഞു. വൈദ്യര് ഒറക്കെ ചിരിച്ചു.

3 comments:

Appu Adyakshari said...

നമ്പൂതിരി ഭാഷ നല്ല ഭംഗിയായി കുറിച്ചിട്ടിരിക്കുന്നു. ഇതിലെ ഓരോ കുറിപ്പുകളും ഞാൻ വായിച്ചു, രസിച്ചു വായിച്ചു. നന്ദി. വീണ്ടും എഴുതൂ.

ഹരീഷ് തൊടുപുഴ said...

“മഞ്ചപ്പത്തായത്തിലാ ലഡ്ഡൂം മൈസൂര്‍പാകും ഒക്കെ വെച്ചിരുന്നത്. അത് എടുക്കാന്‍ നോക്യപ്പൊ ണ്ട് ഒരു കറുത്ത ലഡ്ഡു പൊന്തിവരുണൂ. അതൊരാളടെ തല ആയിരുന്നു. ആരടെ ആണ് ന്ന് ഞാന്‍ പറയില്യാ” വല്യേട്ടന്‍ പറഞ്ഞു.
“ഞാന്‍ ലഡ്ഡു അവിടെ തന്നെ ല്യേ ന്ന് നോക്കാന്‍ കേറീതാ. തിന്നിട്ടൊന്നും ഇല്യ” ഞാന്‍ പറഞ്ഞു. വൈദ്യര് ഒറക്കെ ചിരിച്ചു.


ഹി ഹി ഹീ..
പണ്ട്; മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീടുമാറ്റത്തിനോടനുബന്ധിച്ച് മിച്ചം വന്ന ലഡു മുഴുവൻ സൂത്രത്തിൽ അകത്താക്കി, രാത്രി മുഴുവൻ ഛർദ്ദിച്ച് കോരിയത് ഓർമ്മ വരുന്നു..:)

Unknown said...

നന്നായിട്ടുണ്ട്....നല്ല പരിചിതമായ ഭാഷ...കുട്ടിക്കാലം ഓര്‍മ്മ വരുന്നു... ചാത്തര്നായരുടെ അടുത്തു ഞാനും കൊറേ പോയിട്ടുണ്ട്..