Sunday, July 20, 2008

അരിക്കുതിര

അച്ഛന്‍റെ പിറന്നാളിന് കുറേ ആളുകള്‍ വരും. എന്താ അമ്മേടെ പിറന്നാളിന് ആളുകള് വരാത്തത്? ഞാന്‍ വലുതായാല്‍ കുറേ ആള്‍കളെ ക്ഷണിയ്ക്കും അമ്മേടെ പിറന്നാളിന്. എന്‍റെ പിറന്നാളിനും ക്ഷണിയ്ക്കും. എന്നിട്ട് കാളനും ഓലനും പായസോം ഒക്കെ മതിയ്യാവോളം ഉണ്ടാക്കും. അല്ലെങ്കില്‍ വറുത്ത ഉപ്പേരീം പപ്പടോം പായസോം മതി. പിന്നെ വേണങ്കില്‍ വല്യേട്ടനോട് ബിസ്ക്കറ്റും കൊണ്ടുവരാന്‍ പറയാം. “ മാന്നപ്പനോട് അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം എന്ന് ചോദിയ്ക്ക് കുഞ്ഞിക്കുട്ടാ.” “അമ്മേ അരിക്കുതിര എവിടെ?” “അതൊക്കെ ഉണ്ട്.” മാന്നപ്പന്‍ ദേഹണ്ണക്കാരനാ. എനിയ്ക്ക് ഇഷ്ടാ മാന്നപ്പനെ. കുഞ്ഞേട്ടന്‍ തിരിച്ചു വന്നു പറഞ്ഞു. “പത്തുണ്ടെങ്കില്‍ തികയും എന്ന് പറഞ്ഞു” ഇന്ന് കുഞ്ഞേട്ടന് വല്യേ പവറാ. എന്‍റെ ഒപ്പം കളിയ്ക്കാനൊന്നും വരുന്ന്ന്നില്ല. എഴുപ്പത്തഞ്ചാള്‍ക്ക് പത്ത് അരിക്കുതിര. അത്ര വല്യേ കുതിരയാവ്വോ അരിക്കുതിര? എവിടെയാണാവോ കുതിരേ കെട്ടീട്ടുള്ളത്? ഞാന്‍ കണ്ടില്ലല്ലോ? തൊഴുത്തിലാവ്വോ? കുതിരേടെ മുകളില് കേറണം. സിനിമയിലേ കൂതിരേ കണ്ടിട്ടുള്ളൂ. പ്രേംനസീര്‍ ടക ടക ടക എന്ന് പോകുന്നത്. നോക്കീട്ടന്നെ വേറെ കാര്യം. ടക ടക ടക....... തൊഴുത്തിലില്ല. കുഞ്ഞേട്ടന് അറീണ്ടാവും. അതിന് കുഞ്ഞേട്ടനെ കാണണ്ടേ? വല്യേ ആളായി നടക്കല്ലേ? ചോദിച്ചാല്‍ മറുപടി പറയല്‍ ഉണ്ടാവില്ല. കുഞ്ഞോപ്പോള് കണ്ടിട്ടുണ്ടാവ്വോ? അല്ലെങ്കില്‍ ദേവക്യമ്മോട് ചോദിയ്ക്കാം. “ദേവക്യമ്മേ! കുതിരേ എവിടയാ കെട്ടിയിരിയ്ക്കുന്നത്?” “കുതിരേ കെട്ടീതോ” “അമ്മ പറഞ്ഞൂലോ പത്ത് കുതിര ഉണ്ട് എന്ന്” “അമ്മ വെറുതെ പറഞ്ഞതാവും.” “അല്ലല്ല മാന്നപ്പനോട് വെറുതെ പറയ്യോ? “അരിക്കുതിര പത്തുണ്ട്. എഴുപത്തഞ്ച് ആളുണ്ടാവും. ബാക്കി എത്ര വേണം?” എന്ന് മാന്നപ്പനോട് ചോദിയ്ക്കാന്‍ പറേണത് ഞാന്‍ കേട്ടതാണലോ” “ന്‍റെ കുട്ട്യേ അതാ? അത് കുതിരേം ആനേം ഒന്നും അല്ല. അരി കുതിരെ. കുതിര്‍ന്ന അരി. പത്ത്ണ്ട് ന്ന് പറഞ്ഞാല്‍ പത്തു നാരായം ണ്ട് ന്നാ. അല്ലാതെ കുതിര കഴുതേം ഒന്നും അല്ല.” അപ്പോ കുതിര ഇല്ല. പ്രേംനസീറിനെ പോലെ ടക ടക ടക എന്ന് പോകാന്‍ പറ്റില്ല.

No comments: