Wednesday, July 16, 2008

താറാവ്

രാവിലെ മഴപെയ്തപ്പൊ ഞാനും കുഞ്ഞേട്ടനും എത്ര ബുദ്ധിമുട്ടീട്ടാ കാതഞ്ചെമ്പ് മിറ്റത്തയ്ക്ക് പിടിച്ചിട്ടത്? പകുത്യേ നിറഞ്ഞുള്ളൂ. അപ്പോഴയ്ക്കും മഴ നിന്നു. 

കുഞ്ഞേട്ടന്‍ കറോത്തുംതണ്ടോണ്ട് ഒരു സൂത്രം കാണിച്ചു തരാംന്ന് പറഞ്ഞതാ. ആ സമയം നോക്കി കുഞ്ഞുണ്ണിനമ്പീശന്‍ കുഞ്ഞേട്ടനെ പഠിപ്പിയ്ക്കാന്‍ വന്നു. 

എന്തു സൂത്രാണാവോ? ആ കുട്ടി തുമ്പപ്പൂവ്വോണ്ട് കാണിച്ചതുപോലെ ഉള്ളതാണാവോ? തുമ്പപ്പൂവ്വിന്‍റെ കടയ്ക്കല്‍ ഒരു തുള ഉണ്ടാവില്യേ അതില്‍ നീലപൂവ്വ് കയറ്റും. കുഞ്ഞ്യേ നീലപ്പൂവ്വ്. അത് പതുക്കെ വെള്ളത്തില് വെച്ചാല്‍ താറാവ് നീന്തുന്നതുപോലെ നീ‍ന്തും. കണ്ടാല്‍ ശരിയ്ക്കും താറാവിനെ പോലെ തന്നെ ഇരിയ്ക്കും. 

ഈ ചെമ്പില്‍ താറാവിനെ ഉണ്ടാക്കിയാല്‍ നല്ല രസം ഉണ്ടാവും. എവിടെയാ തുമ്പയും കുഞ്ഞ്യേ നീലപ്പൂവ്വും കിട്ടുക? അമ്പലപ്പറമ്പിലുണ്ടാവും. 

മ്പ്രൂ...... മ്പ്രൂ.. മ്പ്രൂ ണിം ണിം പീന്നില്‍ നിന്ന് ദേവകിയമ്മ വിളിച്ചുപറഞ്ഞു. “മണ്ടണ്ടാ വിഴും.”

ഒരുതുമ്പയില്‍ നല്ലോണം പൂവ്വുണ്ട്. നീലപ്പൂവും കൊറേ കിട്ടി. വണ്ടി തിരിച്ചു. 

മ്പ്രൂം... മ്പ്രൂം... മ്പ്രൂം ണിം ണിം. 

കുറേ താറാവിനെ ഉണ്ടാക്കി ദേവകിയമ്മയ്ക്കു കാണിച്ചു കൊടുത്തു. 
“നന്നായിട്ടുണ്ട് ട്ടോ. ആരാ ഇതു പഠിപ്പിച്ചു തന്നത്?”
“അന്നൊരു ദിവസം ദേവക്യമ്മേടെ കൂടെ വന്നില്യേ കറുത്ത് മെലിഞ്ഞൊരു കുട്ടി? ആ കുട്ട്യാ പഠിപ്പിച്ചത്.”

ദേവക്യമ്മയുടെ മുഖം ശരിയ്ക്കും വാടി. “ന്‍റെ കുട്ട്യേ ആ പെണ്ണിനെ ഈശ്വരന്‍ കൊണ്ടു പോയില്ലേ? കഴിഞ്ഞ മാസം മരിച്ചില്യേ പാവം.” മരിച്ചാല്‍ ഈശ്വരന്‍ കൊണ്ടുപോകും.

“ദേവക്യമ്മേ! ഈശ്വരന്‍റെ അവിടെ തുമ്പപ്പൂവ്വും കുഞ്ഞ്യേനീലപ്പൂവ്വും ഉണ്ടാവ്വോ?.”
“നിയ്ക്കറീല്യ ന്‍റെ കുട്ട്യേ.”
“ഉണ്ടാവും. അമ്പലത്തില് ഉണ്ടല്ലോ. അമ്പലം ഇശ്വരന്‍റെ വീടല്ലേ? അപ്പൊ ആ കുട്ടി പോയ ഈശ്വരന്‍റെ അവിടേം തീര്‍ച്ചയായിട്ടും ഉണ്ടാവും. ഇല്ല്യേ ദേവക്യമ്മേ?.”
“കുട്ടീടെ ഓരോ സംശയങ്ങളേ.”
കുഞ്ഞേട്ടനോട് ചോദിയ്ക്കണം. കുഞ്ഞേട്ടന് അറിയില്യങ്കിലോ? പിന്നെ കുഞ്ഞോപ്പോളേ ഉള്ളൂ ശരണം

3 comments:

MULLASSERY said...

മനസ്സിലെവിടെയൊ ആഴ്ന്നു കിടന്ന വികാരവിചാരങ്ങള്‍ ഉണര്‍ത്താന്‍ പോന്നതായ ഈ കൊച്ചുകഥാശില്പം
പങ്കുവച്ചതിനു നന്ദി.ശോകസാന്ദ്രമീ നല്‍ക്കഥ...

കുളം വെട്ടുകാര്‍ വെള്ളം തേവിവറ്റിക്കുമ്പോള്‍, ഞാനും ഏട്ടനും കൂടി ,അതുപോലൊരു ‘കാതന്‍ ചെമ്പില്‍’ ഫിലോപ്പിയ , വിരാല്‍ തുടങ്ങിയ മത്സ്യങ്ങളെ പിടിച്ചുനിറച്ചിരുന്നതു ഓര്‍ത്തുപോയി...

മേക്കാട് said...

മനോഹരമായൊരു ചെറുകഥ !

Sandhya said...

hai entoru nalla kadha abhaaaaaaa
sarikkum enikku pandathe aa abhane kanan thonnanu so sweeeeet