Friday, July 25, 2008

എടത്തേ കയ്യ് കുത്തി ഊണുകഴിയ്ക്കരുത്

“എടത്തേ കയ്യ് നെലത്ത് കുത്തി ഇരുന്ന് ഉണ്ണരുത്” എന്ന് അച്ഛന്‍റെ അമ്മാമന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു “എന്താ ഉണ്ണാന്‍ പാടില്യാ ന്ന്?” അപ്പൊ അമ്മാമ്മന്‍ പറയ്യാ “അമ്പലത്തില് ഒരാള് ഊണുകഴിയ്ക്കുമ്പോള്‍ പിന്നേം പിന്നേം ചോറ് വിളമ്പിച്ചു. വയറു നിറഞ്ഞ് ഉണ്ണാന്‍ പറ്റാതായി. അപ്പോ ശ്രീലാകത്ത്ന്ന് വിളിച്ചു പറഞ്ഞു എടത്തേ കയ്യ് കുത്തിയിരുന്ന് ഊണു കഴിച്ചോളാന്‍. അതാണ് എടത്തേ കയ്യ് കുത്തിയിരുന്ന് ഊണുകഴിയ്ക്കരുത് എന്നു പറയുന്നത്.” “ഈശ്വരനാ പറഞ്ഞത്?” “അതെ” “ഈശ്വരനാ പറഞ്ഞത്ച്ചാല്‍ എടത്തെ കയ്യ് കുത്തികഴിയ്ക്കല്ലേ വേണ്ടത്?” “എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയ്യാ?” എന്താ ഞാന്‍ തര്‍ക്കുത്തരം പറഞ്ഞത്? നിയ്ക്ക് മനസ്സിലായില്യ. ഈശ്വരന്‍ പറഞ്ഞാല്‍ കൂട്ടാക്കണ്ടേ? അല്ലെങ്കില്‍ ചീത്തകുട്ട്യാവും. അമ്മാമന് ഒന്നും ശരിയ്ക്ക് പറഞ്ഞു തരാന്‍ അറീല്യ. അതോ അമ്മാമന് ഞാന്‍ ചീത്ത കുട്ട്യാവണം എന്നുണ്ടോണാവോ അച്ഛന്‍റെ അടികൊള്ളിയ്ക്കാന്‍?ചെലപ്പൊ ഉണ്ടാവും. പനങ്കൊലേല് കുഞ്ഞോപ്പള്‍ടെ കറുത്ത പുള്ളിള്ള ധാവണീടെ കഷ്ണം ചുറ്റി പമ്പാക്കി പേടിപ്പിച്ചോണ്ടാവും. നല്ല രസം ഉണ്ടായിരുന്നു അമ്മാമന്‍ പേടിച്ചത് കാണാന്‍. ഞാന്‍ ഈശ്വരന്‍ പറഞ്ഞപോലെ എടത്തെ കയ്യ് കുത്തീട്ടേ ഊണുകഴിയ്ക്കൂ.തീര്‍ച്ച .

5 comments:

മേക്കാട് said...

ഈശ്വരന്‍ പറഞ്ഞതും കാരണവന്മ്മാര്‍ പറഞ്ഞതും പ്രത്യക്ഷത്തില്‍ ഒന്നാണെങ്കിലും സന്ദര്‍ഭവും അര്‍ത്ഥവും ഉദ്ദേശവും വ്യത്യസ്തമാണെന്ന് പറഞ്ഞുകൊടുക്കാന്‍ പഴയ തലമുറ ശ്രദ്ധിക്കാഞ്ഞതു മൂലമാണ് പുരാതനമായ അറിവിന്റെ കണ്ണികള്‍ പലതും നമുക്ക് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഈ അശ്രദ്ധ കഴിഞ്ഞ തലമുറയെ നിരീശ്വരവാദത്തിലേക്കും ബ്രാഹ്മണ്യ നിഷേധത്തിലേക്കും തള്ളിവിടാന്‍ കാരണമായി എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ കഥ വായിച്ചപ്പോള്‍ ഏന്റെ മനസ്സിലേക്ക് ഓടിവന്നു. സഹൃദയരെ ആകര്‍ഷിക്കുന്ന അതിമനോഹരമായ ശൈലി ! പറയാതിരിക്കാന്‍ വയ്യ!!!

ശ്യാം മേനോൻ | shyam menon | श्याम्‌ मेनन said...

അതെ, ശ്രീ മേക്കാട് പറഞ്ഞത് തന്ന്യാ.... എനിക്കും തോന്നീത്.... പിന്നെ വളരെ ലളിതമായ ഭാഷയില്‍ എഴുതീരിക്കണോണ്ട് വായിയ്ക്ക്യാനുള്ള സുഖം ഇത്തിരിയൊന്നും അല്ല എന്ന് പറഞ്ഞാ മതീലോ.... എല്ലാം ഒറ്റ ഇരിപ്പിന് വായിച്ചപ്പോള്‍ പഴയ കാലത്തേക്കും നാട്ടിലുണ്ടായിരുന്ന തറവാട്ടിലേക്കും തിരിച്ചുചെന്ന ഒരു അനുഭൂതി... ദിവാകരന്‍ മാഷിനെന്റെ അഭിനന്ദനങ്ങള്‍ ആശംസകള്‍
....shyam

Kapli said...

എല്ലാം കേമായിട്ടുണ്ട്. ആ വിവരണോം കൂടി ആയപ്പോ പണ്ടത്തെ കാലൊക്കെ ഓര്‍മ്മ വന്നു. നൊസ്റ്റാള്‍ജിയ എന്നൊക്കെ ഇംഗ്ലീഷ്കാര് ഇട്ട ഓമനപ്പേരില്‍ പറയാം ല്ലേ. അതികേമം ന്നാ നിയ്ക്ക് തോന്നീത് ട്ടൊ.

Balendu said...

nandanaare oertthupOkunnu. excellent!

SunilKumar Elamkulam Muthukurussi said...

നല്ലതായി
-സു-