Sunday, July 27, 2008

ഫോണ്‍

വല്യേട്ടന്‍ രണ്ട് ഫോണ്‍ കൊണ്ടു വന്നു. രണ്ടെണ്ണം. ഒന്ന് മഞ്ഞ, മറ്റേത് പച്ച. എനിയ്ക്ക് ഇഷ്ടം പച്ച നിറാണ്. ചെരട്ട പോലെ പ്ലാസ്റ്റിക്കോണ്ട് രണ്ടു സാധനങ്ങള്. ചെരട്ട പോലെന്ന് പറയാന്നേള്ളൂ. ചെരട്ടേക്കാളും നല്ല ഭങ്ഗിണ്ട്. അതിന്‍റെ മൂട്ടില്‍ ‍നിന്ന് മറ്റേതിന്‍റെ മൂട്ടിലേലേയ്ക്ക് ഒരു വയറും. ആ വയറിന് പവിഴമല്ലീടെ അവ്ട്ന്ന് മിറ്റത്തിന്‍റെ അറ്റത്തുള്ള കറിവേപ്പിന്‍റെ കടയ്ക്കലോളം നീളണ്ട്. ഞാന്‍ വായടെ അവടെ വെച്ചു പറയുമ്പോ കൃഷ്ണന്‍ ചെവീല് വയ്ക്കും. പിന്നെ കൃഷ്ണന്‍ പറേമ്പോ ഞാന്‍ ചെവീല് വ്യ്ക്കും. പതുക്കെ പറഞ്ഞാല്‍ മതി. അങ്ങേ അറ്റത്ത് കേക്കും. കുറച്ചു നേരേകളിച്ചുള്ളൂ. അപ്പൊളേയ്ക്കും കൃഷ്ണന് വീട്ടിലിയ്ക്ക് പോവ്വാറായി. വേറെ ആരേം ഫോണില് വര്‍ത്താമാനം പറഞ്ഞു കളിയ്ക്കാന്‍ കാണാനും ഇല്യ. പൂമുഖത്തെ പടീല്‌ ഫോണ് ശ്രദ്ധിച്ച് വെച്ചു. വീണാല്‍ പൊട്ടും. എന്താ ആള്‍ക്കാരക്ക് കളിയ്ക്കാ‍ന്‍ വന്നാല്‍? മൂച്ചിക്കൂട്ടത്തിലെ വേലായ്ധന്‍ നാളികേരം ഇടുന്നുണ്ട്. ഫോണിന്‍റെ വയറിന് കൊറേക്കൂട്ടി നീളം ഉണ്ടായിരുന്നൂച്ചാല്‍ നല്ല രസാ‍യിരുന്നു. ഒന്ന് വേലായ്ധന്‍റെ അരേല് തിരുകീട്ട് തെങ്ങിന്മേല്‍ കയറുക. മറ്റേ തല എന്‍റെ കയ്യിലും. വേലായുധന്‍ മുകളില്‍ എത്തിയാല്‍ ഫോണ് ചെവീല് വ്വയ്ക്കും. “വേലായുധാ ഒരു ഇളനീര്‍ ഇടണം” “ശ്...... ഠും.” “വേലായ്ധാ ഒന്നും കൂടി,” “ശ്.....ഠും.” “കുഞ്ഞേട്ടന് വേണോ? ഒന്നും കൂടി” “ശ്.....ഠും.” “മതി. എറങ്ങാം” “ശര്‍..... എറങ്ങി” “എന്താ ശ്....ഠും?” “പിന്നില്‍ നിന്ന് വല്യേട്ടന്‍ ചോദിച്ചപ്പോ ഞെട്ടി. ആ‍ാരായാലും ഞെട്ടും. ല്യേ. “എളനീര് ഇട്‌ആണ്. വല്യേട്ടാ ഈ ഫോണിന്‍റെ വയറ് തെങ്ങിന്‍റെ മുകള് വരെ നീളാം ണ്ടാവ്വോ?” “ചെറ്യേ തെങ്ങാച്ചാല്‍ ഉണ്ടാവും.” “വല്യേ തെങ്ങിന്‍റെ അത്ര വലിപ്പം ഉള്ളത് കിട്ട്വോ?” “ചെലപ്പോ കിട്ടീന്ന് വരാം” വല്യേ തെങ്ങിന്‍റെ അത്ര വലിപ്പ്പം ഉള്ളത് കിട്ടും. ആരോടാ ഈ അത്ഭുതം പറയ്യാ? ആരേം കാണാനും ഇല്യ. ചെളമ്പ്രം കുന്നിന്‍റെ മോള്ന്ന് രായല്ലൂര് മലടെ അതുവരെ ഉള്ളത് കിട്ട്വോ? ചെലപ്പോ കിട്ട്ണ്ടാവും. കിട്ടും എങ്കില്‍ വല്യേട്ടനോട് വാങ്ങാന്‍ പറേണം.

2 comments:

മേക്കാട് said...

കാലം എത്ര മാറി. പത്തുമുപ്പതു കൊല്ലം മുമ്പത്തെ അവസ്ഥയില്‍നിന്നു എത്രമാറിയിരിക്കുന്നു. അടുത്ത പ്രദേശങ്ങള്‍ പോലും വിദൂരമായി തോന്നിയിരുന്ന കാലത്തുനിന്നും വിദൂരപ്രദേശങ്ങള്‍ പോലും സമീപസ്ഥമായി തോന്നുന്ന കലമായിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാലമാണിന്ന്. പക്ഷേ,“ തെങ്ങിന്റെ മണ്ട“ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരസ്ഥവും അപ്രാപ്യവും ആണ്. കാരണം തെങ്ങുകയറാന്‍ ആളില്ല. തേങ്ങ ശ്... ഠേ ന്ന് തന്നേ വീണുകിട്ട്യാലായീ അത്രന്നേ.
കാനഡയും ഇന്ത്യയും തമ്മിലുള്ള ദൂരം ഇല്യാണ്ടായി. കഥാകൃത്തും വായനക്കാരനും തമ്മിലുള്ള ദൂരം അത്രേംകൂടില്യാ! ആസ്വാദകരെ ഒപ്പം കൊണ്ടു പോകാനുള്ള വൈഭവം, രസതന്ത്രം, രസിപ്പിക്കാനുള്ള തന്ത്രം ( ആ ഞെട്ടലില്‍ അനുഭവിച്ചു ) അഭിനന്ദനീയം തന്നെ. അനുവാചക ഹൃദയത്തില്‍ ബാലമനസ്സിന്റെ കൌതുകങ്ങളുടെ വിസ്മയിപ്പിക്കുന്ന മാരിവില്ലുകള്‍ വിരിയിക്കുന്ന കലാസൃഷ്ടികള്‍ !
കല്‍ക്കണ്ട തുണ്ടുകള്‍ വാരിവിതറികൊണ്ട് ഇതാ ഒരു കഥാകൃത്ത് ഈ വഴി വരുന്നൂ എന്ന് വിളിച്ചുപറയാന്‍ കൊതിയാവുന്നു!
കണ്ണന്‍ വരും മനസ്സില്‍ കണ്ണന്‍ വരും
വള്ളിനിക്കറിട്ട കുട്ടിക്കുറുമ്പന്‍ !

Balendu said...

ഇതുവരെ വായിച്ച കരിയന്നൂരിന്റെ കൃതികളില്‌ ഇത്‌ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. പറയുന്ന വിഷയത്തിലേയ്ക്ക്‌ വായനക്കാരനെ കൊണ്ടുപോകാന്‌ കഴിയുന്നതാണ്‌ കഥാകാരന്റെ കഴിവിന്റെ മാനദണ്ഡം.