Tuesday, July 22, 2008

മീശ

“ലോകത്തില് ആരാ ഏറ്റവും നല്ല ആള്?” “അമ്മ” “ഏറ്റവും ചീത്ത ആളോ?” “കുഞ്ഞേട്ടന് ആരാന്നാ തോന്നണത്?” “യാഹ്യാഖാന്‍” “ഗോപാലനേക്കാളും ചീത്ത?” “പാക്കിസ്ഥാന്‍ നമ്മളായിട്ട് യുദ്ധത്തിന് വന്നിരിയ്ക്കല്ലേ. യാഹ്യാഖാന്‍ പാക്കിസ്ഥാന്‍റെ ആളാ.” “എന്നാല്‍ ചീത്ത ആള് തന്നെ ആവും. കുഞ്ഞേട്ടാ യാഹ്യാഖാന് മന്ത്രം അറിയ്യോ?” “അതൊന്നും എനിയ്ക്ക് അറിയില്യ. സ്കൂളില് ജാഥണ്ടായി. ജാഥയ്ക്ക് -അറബിക്കടലേ കേഴേണ്ട. യാഹ്യാഖാനെ തള്ളിത്തരാം- അങ്ങനെ ഒരു മുദ്രാവാക്യം എനിയ്ക്ക് നല്ലോണം ഇഷ്ടായി. ഗോവിന്ദന്നായര് മാഷ് ഉണ്ടാക്കീതാത്രേ” എനിയ്ക്ക് തോന്നണത് ഗോപാലന്‍ തന്നെ ആവുമേറ്റവും ചീത്തന്നാണ്. കൃഷ്ണന്‍ പറഞ്ഞതാ ഗോപാലന് മന്ത്രം നിശ്ചയണ്ട് എന്ന്. ഉണ്ടാവും. ആല്ലെങ്കില്‍ എനിയ്ക്ക് മീശ മുളയ്ക്കാതിരിയ്ക്കില്യലോ. ഞാന്‍ ജനിയ്ക്കണേന്‍റെ മുമ്പേ എന്നെ ശപിച്ചിട്ടുണ്ടത്രേ ഞാന്‍ പെങ്കുട്ടി ആവും എന്ന്. എന്നെ ഗര്‍ഭം ഉണ്ടായിരിയ്ക്കുമ്പോള്‍ അച്ഛനോട് കൊളക്കണ്ടം തട്ടിപ്പറിയ്ക്കാന്‍ നോക്കീത്രേ ഗോപാലന്‍. അത് തരായില്ല്യ. ആദേഷ്യത്തിന് ശപിച്ചതാണത്രേ “അയാള്‍ടെ ഭാര്യ പ്രസവിയ്ക്കുന്നത് പെങ്കുട്ട്യാവും. അങ്ങനെ അയാള്‍ക്ക് സ്ത്രീധനം വകേല് കൊറേ ചെലവാവട്ടെ.” എന്ന്. ഗോ‍പാലന്‍ മന്ത്രം ചെല്ലീട്ട് ശക്തി സമ്പാദിച്ചിട്ടുണ്ടത്രേ. അതോണ്ടാവും എനിയ്ക്ക് മീശമൊളയ്ക്കാത്തത്. ഒടുക്കം ഞാന്‍ പെങ്കുട്ടി ആവ്വോ മീശമൊളയ്ക്കാതിരിയ്ക്കാന്‍? എനിയ്ക്കും മന്ത്രം പഠിയ്ക്കണം. എന്നിട്ട് ശക്തി സമ്പാദിയ്ക്കണം. എന്നിട്ട് ആദ്യം മീശ മുളപ്പിയ്ക്കണം. എന്നിട്ട് ആങ്കുട്ടി ആകണം. പിന്നെ എന്താ ചെയ്യണ്ടത്? ഗോപാലനെ പെങ്കുട്ടി ആ‍ക്കണൊ? അതു വേണ്ട. അപ്പൊ ഞാനും ചീത്ത ആയാലോ?

3 comments:

othallurvasu said...

ormmanto unni paranjath-gopalante mantakk kallu ituokke aavam pakshe oon nne kolluonna peti amminee.ninte itharam karyangal rasant.njan onnum ariyan sramichittilla.

ശ്യാം മേനോൻ | shyam menon | श्याम्‌ मेनन said...

"യാഹ്യാഖാനേ കാട്ടാളാ.... നിന്നെ പിന്നെ കണ്ടോളാം...." എന്നാ ഞങ്ങള് പറഞ്ഞ് നടന്നീര്‍ന്നേ....ജയ് ജയ് ഇന്ത്യാ.... എന്ന് വിളിച്ച് പറഞ്ഞോണ്ട് സ്കൂള്ന്നുള്ള ജാഥന്നെ ആയിരുന്നു....അതും നട്ടപ്പൊരിവെയിലത്ത് സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞ് ചരലുള്ള റോഡില്‍ക്കൂടി ഹൈവേയില്‍ കയറി ചങ്കെട്ടി (ചങ്കുവെട്ടി) വഴി കോട്ടയ്ക്കലങ്ങാടീ പോയി തിരിച്ച് അതുപോലെ സ്കൂളിലെത്താണ്ടായേ.... ക്ലാസില്ലാന്ന് അറിഞ്ഞ് ജാഥയ്ക്ക് പോകുമ്പോളുണ്ടായിരുന്ന ഉഷാറൊക്കെ കുറച്ച് കഴിഞ്ഞപ്പോ പോയി.... പോരാത്തേന് വിളിച്ച് കൂവീട്ട് തൊണ്ട അടയ്ക്കേം ചെയ്തുന്ന് പറഞ്ഞാമതീലോ....
....shyam

Balendu said...

kuttikkathhayEkkaaL aazhamadhikamaaN!