Tuesday, July 15, 2008

ഇന്‍സ്പെക്ടര്‍

സ്കൂളില് ഇന്‍സ്പെക്ടര്‍ വരുന്നത് വല്യേ കാര്യാ. ഇന്‍സ്പെക്ടര്‍ വരുമ്പോള്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെയ്യുണ്ണി മാഷ് വിവരിച്ചു. 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം. എന്തേ മനസ്സിലായത്?” 

ഞങ്ങളെല്ലാവരും കൂടി ഒറക്കെ പറഞ്ഞു 
“ടെക്സ്റ്റ് പുസ്തകം നല്ല കടലാസുകൊണ്ട് പൊതിയണം.” 

“സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 
ഞങ്ങള്‍ ആവര്‍ത്തിച്ചു “സ്ലേയ്റ്റിന്‍റെ ചട്ട പാറകത്തിന്‍റെ ഇലയിട്ട് തേച്ചു വൃത്തിയാക്കണം” 

“നഖം വെട്ടണം” 
“നഖം വെട്ടണം” 

“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 
“എണ്ണേം സോപ്പും തേച്ച് നന്നായി കുളിയ്ക്കണം” 

“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 
“വൃത്തിയുള്ള വസ്ത്രം ധരിയ്ക്കണം” 

“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 
“ജലദോഷം ഉള്ളവര്‍ മൂക്കു തുടയ്ക്കാന്‍ ടവല്‍ പോക്ക്റ്റില്‍ വയ്ക്കണം.” 

“അച്ചടക്കം വേണം” 
“അച്ചടക്കം വേണം” 

മാഷ് സന്തോഷിനോട് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞത് പറയാന്‍ പറഞ്ഞു. നഖം വെട്ടുന്ന കാര്യം സന്തോഷു മറന്നു. സന്തോഷിന് നഖം വെട്ടുന്ന കാര്യം പ്രത്യേകിച്ച് ഓര്‍മ്മ വെയ്ക്കാന്‍ ഇല്യല്ലോ. വൃത്യായിട്ടല്ലേ നടക്കൂ? 

ഞാന്‍ കയ്യിന്മേല്‍ നോക്കി. നഖത്തിന്‍റെ ഇടയില്‍ ചളി കട്ടപിടിച്ചിരിയ്ക്കുന്നുണ്ട്. ഇന്നു തന്നെ വെട്ടണം.

മാഷ് വേലായുധനോട് പറയാന്‍ പറഞ്ഞപ്പോള്‍ വേലായുധന്‍ തേങ്ങിത്തേങ്ങി കരഞ്ഞു തുടങ്ങി. പാവം ടവലൊന്നും ഇല്യാത്രേ. മാഷ് ഒന്നു കൊടുക്കാം ന്ന് പറഞ്ഞൂ. 

എനിയ്ക്ക് കുഞ്ഞോപ്പോളോട് ഒന്നു ചോദിയ്ക്കണം. ഓപ്പോളുടെ അടുത്ത് നല്ല പൂവ്വു തുന്നിപ്പിടുപ്പിച്ച ടവ്വല്‍ ഉണ്ട്. ഞാന്‍ വലുതയി ജോലി കിട്ടിയാല്‍ കുറേ ഭങ്ഗിയുള്ള ടവ്വല്‍ വാങ്ങി ഇല്യാത്ത കുട്യോള്‍ക്ക് കൊടുക്കും . 

മാഷ് എന്നോടു പറയാന്‍ പറഞ്ഞു. ഞാന്‍ എല്ലാകാര്യോം പറഞ്ഞു. എന്നു മാത്രം അല്ല സ്ലേയ്റ്റിന്‍റെ കാര്യം പറയുമ്പോള്‍ ചെമ്പരത്തി പൂവ്വുകൊണ്ട് സ്ലേയ്റ്റ് മായ്ക്കുന്ന കാര്യം കൂടി പറഞ്ഞൂ. കുഞ്ഞേട്ടന്‍ പറഞ്ഞു തന്ന വിദ്യയാണ് ചെമ്പരത്തിപ്പൂവ്വിന്‍റെ പ്രയോഗം. അങ്ങിനെ മായ്ച്ചാല്‍ നല്ല കറുകറാ എന്നിരിയ്ക്കും. 

സ്കൂളില്‍ നിന്ന് വന്നതും എല്ലാം റഡിയാക്കി. പിറ്റേ ദിവസം ഇന്‍സ്പെക്ടര്‍ വരികയല്ലേ? നേരത്തെ കിടന്നുറങ്ങി.
എന്‍റെ പേരു വിളിച്ചു. ഇന്‍സ്പെക്ടറായിരിയ്ക്കും വേഗം എണിറ്റു പറഞ്ഞു
“ഹാജര്‍” 
“ന്ത്? ണീട്ടുപോയി കുളിയ്ക്ക്”
അച്ഛനാണ്. ആകെ വഷളായി. കുഞ്ഞേട്ടന്‍ നിന്ന് ചിരിയ്ക്കാണ്. വല്ലാതെ സങ്കടായി. അല്ലെങ്കിലും കുഞ്ഞേട്ടന്‍റെ ചിരിയ്ക്ക് ഒരുഭങ്ഗീം ഇല്യ.

8 comments:

Balendu said...

nannaayittuNTallO!

മേക്കാട് said...

നന്നായിട്ടുണ്ട്. അക്ഷരങ്ങള്‍ വലുതാക്കിയാല്‍ വായിക്കാന്‍ എളുപ്പമാകും.

othallurvasu said...

hi.hi.maranna chilathokke ormmippichu.santhoshayi.ineem untallo,ullivasana,ezhillam katakkumpo veti pottumo.kunjoppol

ശ്യാം മേനോൻ | shyam menon | श्याम्‌ मेनन said...

ഭംഗിവാക്ക് പറയല്ല.... മാഷേ.... നല്ല ഭാഷ എന്ന് പറയാതെ വയ്യ.... അഭിനന്ദനങ്ങളൂം ആശംസകളും....
....shyam

Ajith said...

കഥകള് കൊള്ളാം..
വള്ളുവനാടന് accent ജന്മനാ ഉള്ളതാണോ ? അല്ലാ കഥകളില് മാത്രം ഉള്ളതാണോ ?

Anonymous said...

otta iruppil vaayichu. njan Rajan Pariyanampatta, Ernakulathaanu. kurachuneram kuttikkalathekku thirichupokan kazhinju. thanks.

മുരളി said...

വായിക്കാന്‍ വളരെ രസകരമായ കഥകള്‍ ആണിവ. ചിലപ്പോള്‍ ഞാന്‍ എന്നെ തന്നെ ക്രിഷ്ണേട്ടനിലും കാണുന്നു. എന്റെ കുട്ടിക്കാലമാണോ ഈ കഥകളില്‍ പകര്‍ത്തിയിരിക്കുന്നേ എന്നു സംശയിക്യാ ഞാന്‍. ഒരു സങ്കടം മാത്രം....എന്റെ കുട്ടികള്‍ക്കീ കുട്ടിക്കാലം എങിനെ മനസ്സിലാകും? അവര്‍ക്കാ ഭാഗ്യം ഇല്ല്യാതെ പോയീല്ലോ?..ഇപ്പോഴും ഉണ്ടോ ഈ കഥകളില്‍ കാണുന്ന കുട്ടികളും അവരുടെ കുസ്രുതി ചേഷ്ടകളും?

Unknown said...

എല്ലാം ഒറ്റയിരിപ്പിനു വായിച്ചു... കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയ പോലെ...അന്നത്തെ സന്തോഷങ്ങളും സങ്കടങ്ങളും വിചാരങ്ങളും സംശയങ്ങളുമെല്ലാം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.... ഇപ്പോഴത്തെ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ യോഗമില്ലാത്ത കാര്യങ്ങള്‍......!