Wednesday, July 30, 2008

തവളക്കുഞ്ചാത്തല്

കുഞ്ഞേട്ടന്‍ ഇനി എന്നോട് മിണ്‍ണ്ടേണ്ടാവില്യ. കുഞ്ഞേട്ടന് നല്ലൊരു കടി കൊടുത്തു. നല്ല പാട് വന്നിട്ടുണ്ട്. വേദനിച്ചിട്ടുണ്ടാവും. എന്താ അങ്ങനെ കളിയാക്കാന്‍? അമ്മ ഒരു പ്രാവശ്യം തവളക്കുഞ്ചാത്തല് എന്നു പറഞ്ഞൂ എന്ന് വെച്ച്? എപ്പോളും കളിയാക്കാന്‍ പാടുണ്ടോ? ഒരു ദിവസം അമ്മ ചീടണ്ടാക്കായിരുന്നു. കണ്ടൊപ്പൊ എനിയ്ക്കും പറ്റും എന്നു തോന്നി. ഞാണ്ടാക്കാം എന്നു പറഞ്ഞു. അമ്മ കൊട്ടത്തളത്തിന്‍റെ അവിടേയ്ക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ ചീട ഉരുട്ടി എണ്ണേല് ഇട്ടു. എണ്ണ കയ്യിന്മേലയ്ക്ക് തെറിച്ചു. അപ്പൊ ഞാന്‍ നെലോളിച്ചു. അമ്മ ഓടിവന്നു. “അപ്പളയ്ക്കും തവളക്കുഞ്ചാത്തല് അതിന് ചാടിപ്പൊറപ്പ്ട്ട് ട്ടല്ലേ? സാരല്യ.” അപ്പൊ തൊടങ്ങീതാ കുഞ്ഞേട്ടന്‍ എന്നെ തവളക്കുഞ്ചാത്തല് തവളക്കുഞ്ചാത്തല് എന്ന് വിളിയ്ക്കാന്‍. പണ്ട് ഒരമ്മ പ്രസവിച്ചത് ഒരു തവളക്കുട്ടിയെ ആയിരുന്നു. ആ തവള എന്താരുചെയ്യുമ്പോ‍ഴും ഞാനാവാം ഞാനാവാം ന്ന് പറഞ്ഞിരുന്നൂത്രേ. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പൊ തവളക്കുട്ട്യേ പൂതൃക്കേലെ ശാന്തിക്കാരന്‍ നമ്പൂരി വേളികഴിച്ചു. അങ്ങനെ തവളക്കുട്ടി തവളക്കുഞ്ചാത്തലായി. കല്യാണം കഴിഞ്ഞാല്‍ പെങ്കുട്ട്യോളെ “കുഞ്ചാത്തല്” എന്നാ വിളിയ്ക്കാ. വേളികഴിച്ച നമ്പൂരിടെ അവിടെ ചെന്നിട്ടും ‍ തവള‍ക്കുഞ്ചാത്തല് “ഞാനാവാം.” “ഞനാവാം.” എന്നു പറയല്‍ നിര്‍ത്തീല്യ. ആ നമ്പൂ‍രിടെ അമ്മയ്ക്ക് ദേഷ്യം വന്ന് തവളക്കുഞ്ചാത്തലിന്‍റെ മണ്ടയ്ക്ക് ചെരട്ടക്കയ്യിലുകൊണ്ട് ഒന്നങ്ങ്ട് കൊടുത്തു. തവളക്കുഞ്ചാത്തല് ഒരു മൂലേല് പോയിരുന്ന് “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” “പൂതൃക്കേന്ന് വരട്ടെ.” എന്നു പറഞ്ഞു തുടങ്ങീത്രേ. നമ്പൂരി വന്നാല്‍ പറഞ്ഞു കൊടുക്കും ന്ന് ഉറപ്പിച്ചിട്ട്. അതാത്രേ ഇപ്പളും തവകള് അങ്ങനെത്തന്നെ ശബ്ദം ഉണ്ടാക്കണത്. കഥ എനിയ്ക്ക് ഇഷ്ടാ. എന്നാലും ഞാന്‍ തവളക്കുഞ്ചാത്തലൊന്നും അല്ല. അങ്ങനെ പറഞ്ഞാല്‍ ഇനീം കടിയ്ക്കും. എന്നാലും കുഞ്ഞേട്ടന്‍ എന്നോട് മിണ്ടാണ്ടിരിയ്ക്കണത് ആലോചിയ്ക്കുമ്പൊ കൊറേശ്ശെ നെലോളീം വരും

2 comments:

Balendu said...

ഈ കഥയ്ക്ക്‌ നമ്പൂതിരി ഭാഷ ഒരു ഭംഗി കുറവായിട്ടാണു തോന്നുന്നത്‌. അതൊഴിവാക്കി ഒന്നെഴുതി നോക്കുമോ?

മേക്കാട് said...

സാഹോദര്യത്തിന്റെ ഊഷ്മളതയും,
സ്നേഹം കിനിയുന്ന ആ “നെലോളി” യില്‍
ഒരു ആദ്രമനസ്സിന്റെ മൃദുസ്പര്‍ശവും ഒളിപ്പിച്ച കഥ!