Friday, August 1, 2008

ഏഴില്ലം കടത്തല്‍

അമ്പലത്തില് താലപ്പൊലിയാണ്. തറേം പൂതനും ആണ്ടീം നായാടീം പറേന്‍വെളിച്ചപ്പാടും ഒക്കെ ണ്ടാവും. നിയ്ക്കധികം ഇഷ്ടം നായാട്യെ ആണ്. പിന്നെ ബലൂണും വിസിലും പൊരീം ഒക്കെ ഉണ്ടാവും. അമ്മാത്തു പോയപ്പോ കിട്ട്യേ കാശ് അമ്മേടെ അടുത്തുണ്ട്. വാങ്ങണം. ബലൂണ് വാങ്ങണോ. വേണ്ട. പൊരി വാങ്ങാം. പിന്നേ.... പിന്നെ വിസില്. “ഠോ” അമ്പലത്തില്‍ നിന്ന് വെടി പൊട്ടുന്നുണ്ട്. എനിയ്ക്ക് വെടി പേട്യാ. എന്തിനാ ആളേ പേടിപ്പിയ്ക്കാന്‍ ഇങ്ങനെ വെടിപൊട്ടിയ്ക്കണത്? ഞാന്‍ ഒരു പേടിത്തൊണ്ടനാ ന്നാ കുഞ്ഞോപ്പോള് പറേണത്. കുട്ട്യോളായാല്‍ കുറച്ച് പേട്യൊക്കെ ണ്ടാവും. അതത്ര പറയാനൊന്നും ഇല്ല്യ. വെടിപൊട്ടണേന് വല്ല്യോര്‍ക്കും കൂടി ണ്ടാവും പേടി. അച്ഛന്‍റെ അമ്മാമന്‍ ഓരോ വെടിപൊട്ടുമ്പളും ഞെട്ടില്ല്യേ . നിയ്ക്ക് വെടി പേട്യാച്ചാലും അമ്മാമന്‍ ഞെട്ടണത് കാണാന്‍ നിയ്ക്ക് ഇഷ്ടാ. കുഞ്ഞോപ്പള്‌ പേടിത്തൊണ്ടന്‍ ന്ന് പറേണതെന്താ ന്നോ. ഒരു പൂച്ചണ്ടായിര്ന്ന് ല്ല്യേ. കൊറേ ദിവസം മുമ്പെ അതിന് നാല് കുട്ട്യോള് ണ്ടായി. നല്ല ഭങ്ഗി ണ്ടായിരുന്നു. പൂച്ചക്കുട്ടിയ്ക്ക് കണ്ണ് കാണില്യ ന്ന് രാത്രി കെടക്കുമ്പോ അമ്മോടു പറഞ്ഞു. അമ്മ പറഞ്ഞു. “അതൊക്കെ ശര്യാവും. കണ്ണുകാണാറയാല്‍ പൂച്ച കുട്ട്യോളെ കഴുത്തില്‍ കടിച്ചു തൂക്കി കൊണ്ടു പോയി ഏഴുസ്ഥലത്ത് മാറ്റി മാറ്റി താമസിപ്പിയ്ക്കും. അതിന് ഏഴില്ലം കടത്തല്‍ എന്നാ പറയ്യാ.” ഞാന്‍ അമ്മോട് ചോദിച്ചു. “അമ്മേ ഏഴില്ലം കടത്തുമ്പൊ വെടി പൊട്ട്വോ?” അതുകുഞ്ഞോപ്പള് കേട്ടു. അതാ കൊഴപ്പായീത്. അറ്യാത്ത കാര്യം ചോദിച്ചാല്‍ കള്യാക്കണോ?. എന്താ ഈ ആള്‍ക്കാരക്കൊക്കെ? ഏഴില്ലം കടത്തുമ്പൊ വെടിപൊട്ട്വോ ന്ന് അറിഞ്ഞാല്‍ ചെവി പൊത്താലോ

3 comments:

siva // ശിവ said...

ഹായ് പേടിത്തൊണ്ടന്‍,

എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ ഉത്സവങ്ങളുടെ പേരൊക്കെ പറഞ്ഞ്...

പണ്ടൊക്കെ അമ്മയുടെ വീടിലായിരുന്നപ്പോള്‍ ഒരുപാട് ഉത്സവങ്ങല്‍ കണ്ടു....എത്ര രസമായിരുന്നെന്നോ ആ നാളുകള്‍....

ഇപ്പോള്‍ അതൊക്കെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്....

നന്ദി....ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്...

മേക്കാട് said...

പ്രപഞ്ച് കൌതുകങ്ങളെ ഉത്സവങ്ങളായി മാറ്റുന്നു തിരിച്ചറിവുള്ള ജനത

തിരിച്ചറിവായിട്ടില്ലാത്ത കുഞ്ഞു മനസ്സുകളില്‍ കൌതുകങ്ങള്‍ ഉത്സവങ്ങളായ് മാറുന്നു.

എങ്കിലും വായ് പൊത്തി അമര്‍ത്തി ചിരിക്കുന്ന കുഞ്ഞോപ്പോളുടെ മുഖം എന്റെ മനക്കണ്ണാടിയില്‍ തെളിയുന്നു.

അനില്‍ സോപാനം said...

ആ ഉണ്ണിക്കുട്ടന്‍ ഞാനായിരുന്നെങ്കില്‍.........പൊയ്പ്പോയ കുട്ടിക്കാലവും ഉത്സവങ്ങളും.....അക്ഷരങ്ങളിലൂടെ..