Tuesday, August 5, 2008

സര്‍ക്കസ്സ്മാവ്

അമ്മേടെ അന്യേത്തി വന്നിട്ടുണ്ട്. കൂടെ ഏട്ടമ്മാരും ഉണ്ട്. ഒരു ചെറ്യേ അന്യേനും. ഇനി നല്ല രസാവും. സര്‍ക്കസ്സ് മാവിമ്മില് കേറലും കൊളത്തില്‍ ചാടലും. കുഞ്ഞേട്ടന് സര്‍ക്കസ്സ്മാവിന്‍റെ ഏറ്റവും ഏറ്റവും മുകളിലത്തെ കൊമ്പിന്‍റെ അതു വരെ പൂവ്വാന്‍ പറ്റും. എനിയ്ക്ക് താഴത്തെ കൊമ്പു വരേ കയറാന്‍ പറ്റൂ. ഞാനും വലുതായ്യാല്‍ കുഞ്ഞേട്ടനേക്കാളും മീതെ പോവ്വും. വന്ന ഏട്ടന്മാരൊക്കെ എത്ര വേഗാ കേറണത്? അന്യേന്‍ മത്രം നിലത്ത് നിന്ന് കരയ്യാ. എന്‍റെ അത്രേം കൂടി കയറാന്‍ വയ്യ. “അന്യാ കരേണ്ട. എന്നെപ്പോലെ വലുതായ്യാ കേറാന്‍ പറ്റും ട്ടോ. അന്യേന്‍ ചെറ്യേകുട്ട്യല്ലേ? അല്ലെങ്കില്‍ ഏട്ടന്‍‍ കേറ്റിവെച്ചു തരാട്ടോ” ഞാന്‍ അന്യേനെ എടുക്കാന്‍ തുടങ്ങീല്യ അതിന്‍റെ മുമ്പെ കുഞ്ഞേട്ടന്‍ മുകളില്‍ നിന്നു വിളിച്ചു പറയ്യാ “നീയ്യ് കേറ്റണ്ട. നെണക്ക് പറ്റില്യാ” . “ഞാന്‍ അന്യേനേക്കാളും വല്യേ ആളാ. എനിയ്ക്കു പറ്റും.” കേറ്റാന്‍ നോക്ക്യപ്പളയ്ക്കും അന്യേന്‍ വീണു. നെലോളിച്ചു തുടങ്ങി. കുഞ്ഞേട്ടന്‍ വേഗം ഇറങ്ങി വന്ന് എന്‍റെ ചെവി പിടിച്ച് തിരിച്ചു. നിയ്ക്ക് വല്ലാണ്ടെ വേദനിച്ചു. നെലോളിവന്നു. എന്‍റെ കുറ്റമൊന്നും അല്ല. അന്യേന് കേറാന്‍ നിശ്ചല്യാഞ്ഞിട്ടാ . അല്ലെങ്കിലും വേറെ വല്ലോരും വന്നാല്‍ പിന്നെ കുഞ്ഞേട്ടന് എന്നോട് വല്യേ ദേഷ്യാ. കുഞ്ഞേട്ടനോട് മിണ്ടില്യ. ഏട്ടമ്മാരോടും മിണ്ടില്യ. അന്യേന്‍ കാരണം അല്ലേ ഇതൊക്കെ? അന്യേനോടും മിണ്ടില്യ. സര്‍ക്കസ്സ്മാവിനോടോ? സര്‍ക്കസ്സ്മാവിന്‍റെ കുറ്റം ഒന്നും അല്ല. സര്‍ക്കസ്സ്മാവിനോടു മാത്രേ മിണ്ടൂ.

2 comments:

Sarija NS said...

ശ്ശോ... ഇഷ്ടപ്പെട്ടു :)

മേക്കാട് said...

ചുമരില്‍ വരച്ചിട്ട വര്‍ണ്ണശബളമായ മിഴിവുറ്റ ചിത്രം കണക്കെ മനസ്സിലേക്ക് നാമറിയാതെതന്നെ പശ്ചാത്തല ദൃശ്യങ്ങളും കഥാപാത്രങ്ങളും ഓടി കയറുന്നതുപോലെ ഒരു തോന്നല്‍ .